റണ്‍വേയിൽ ഗർത്തങ്ങൾ, തകര്‍ന്ന ഹാങ്ങറുകൾ; പാക് വ്യോമതാവളങ്ങൾക്ക് വൻ നാശം: തെളിവായി ഉപഗ്രഹ ചിത്രങ്ങൾ

Mail This Article
പഹൽഗാം ഭീകരാക്രമണത്തിന് വമ്പൻ തിരിച്ചടി നൽകി, ഇന്ത്യൻ സേന പാക്കിസ്ഥാനിലെ നിർണായക ഭാഗങ്ങളിൽ നടത്തിയ നിരവധി ആക്രമണങ്ങളിൽ പ്രധാന വ്യോമതാവളങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായതായി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. റൺവേകളിൽ രൂപപ്പെട്ട ഗർത്തങ്ങളും, തകർന്ന ഹാങ്ങറുകളും, സ്ഫോടനത്തെ തുടർന്നുണ്ടായ അഗ്നിബാധയുടെ അടയാളങ്ങളും വ്യക്തമാകുന്നുണ്ട്. ഇന്ത്യൻ സേനയുടെ ആക്രമണങ്ങളുടെ കൃത്യതയും പ്രഹരശേഷിയും ഈ ചിത്രങ്ങൾ വിളിച്ചുപറയുന്നു.
ഇന്ത്യൻ അതിർത്തിക്കടുത്തായി സ്ഥിതി ചെയ്യുന്ന മുരിദ് ബേസ്, യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉൾപ്പെടെയുള്ള പാക്കിസ്ഥാന്റെ വ്യോമസേനയുടെ യുദ്ധസജ്ജത നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന സ്ഥലമാണ്.
വ്യോമതാവളത്തിനുള്ളിലെ കനത്ത സുരക്ഷയുള്ള ഒരു ഉപസമുച്ചയത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് വെറും 30 മീറ്റർ അകലെ ഏകദേശം 3 മീറ്റർ വീതിയുള്ള ഒരു ഗർത്തം കാണിക്കുന്നു - ഇരട്ട വേലികൾ, വാച്ച് ടവറുകൾ, കർശന സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവയാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന പ്രദേശം. ഇതിനുള്ളിൽ ഒരു ഭൂഗർഭ സംവിധാനം ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്ന് ഇന്റൽ ലാബിലെ ജിയോ-ഇന്റലിജൻസ് ഗവേഷകനായ ഡാമിയൻ സൈമൺ എൻഡിടിവിയോട് സൂചിപ്പിച്ചിരുന്നു.
സിന്ധ് പ്രവിശ്യയിലെ ജേക്കബാബാദ് വ്യോമതാവളത്തിൽ ഒരു ഹാങ്ങറിന് കേടുപാടുകൾ സംഭവിച്ചതായും, കെട്ടിടാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതായും ഉപഗ്രഹ ചിത്രങ്ങളിൽ കാണാം. ബൊളാരി വ്യോമതാവളത്തിലെ ഒരു ഹാങ്ങറിന്റെ മേൽക്കൂരയ്ക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായി വ്യക്തമാണ്. വിമാനങ്ങളുടെ പരിപാലനത്തിനുള്ള സൗകര്യങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള കൃത്യമായ ആക്രമണമാണ് ഇവിടെ നടന്നതെന്നാണ് വിലയിരുത്തൽ.
തന്ത്രപ്രധാനമായ വ്യോമതാവളമായ സുക്കൂറിനും കനത്ത നാശനഷ്ടമുണ്ടായി. ഉപഗ്രഹ ചിത്രം ഇവിടെയുണ്ടായ വലിയ ഘടനാപരമായ നാശനഷ്ടങ്ങളും, കെട്ടിടാവശിഷ്ടങ്ങളും വെളിപ്പെടുത്തുന്നു. ആക്രമണത്തെത്തുടർന്നുണ്ടായ തീപിടിത്തം കാരണം സസ്യങ്ങൾ കരിഞ്ഞ പാടുകളും, തകർന്ന കെട്ടിടത്തിന് സമീപം സ്ഫോടനത്തിന്റെ അടയാളങ്ങളും ചിത്രങ്ങളിൽ വ്യക്തമാണ്.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള റഹിം യാർ ഖാൻ വ്യോമതാവളത്തിലെ റൺവേയിൽ ഇന്ത്യൻ ആക്രമണങ്ങളെ തുടർന്ന് വലിയൊരു ഗർത്തം രൂപപ്പെട്ടു.നേരത്തെ സർഗോദ എന്നറിയപ്പെട്ടിരുന്ന മുഷാഫ് വ്യോമതാവളത്തിലെ റൺവേയ്ക്കാണ് ഏറ്റവും വലിയ പ്രഹരം ലഭിച്ചത്.
ആദ്യ ആക്രമണത്തിൽ തന്നെ ചക്‌ലാലയിലെ നൂർ ഖാൻ വ്യോമതാവളത്തിലെ വടക്കൻ വ്യോമ കമാൻഡ്-കൺട്രോൾ ശൃംഖലയാണ് തകർക്കപ്പെട്ടത്. അവസാന ആക്രമണം നടന്നത് ജേക്കബാബാദ്, ബൊളാരി വ്യോമതാവളങ്ങളിലാണ്. അപ്പോഴേക്കും പാക്കിസ്ഥാൻ വെടിനിർത്തലിനായി
ഉപഗ്രഹ ചിത്രങ്ങളിലൂടെയുള്ള ഈ വെളിപ്പെടുത്തലുകൾ ഇന്ത്യൻ ആക്രമണങ്ങളുടെ കൃത്യതയും പ്രഹരശേഷിയും വ്യക്തമാക്കുന്നു. പാക്കിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളിലെ ഈ നാശനഷ്ടങ്ങൾ അവരുടെ വ്യോമസേനയുടെ പ്രവർത്തനക്ഷമതയെയും പ്രതിരോധ ശേഷിയെയും കാര്യമായി ബാധിച്ചേക്കാമെന്നാണ് സൈനിക വിദഗ്ധർ വിലയിരുത്തുന്നത്.
