സാഗരങ്ങൾ വിറപ്പിക്കുന്ന മഹാഗർജനം, ഇന്ത്യയുടെ കരുത്തായ നാവികസേന; ലോകമാകെ ഞെട്ടിയ ആ ശക്തി പ്രകടനം ഇങ്ങനെ

Mail This Article
പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണം ഇന്ത്യയുടെ ദൃഢനിശ്ചയത്തെ പരീക്ഷിക്കുന്ന ഒന്നായിരുന്നു. എന്നാൽ ഈ ആക്രമണത്തിന് ഇന്ത്യൻ നാവികസേന നൽകിയത് അതിവേഗവും ശക്തവുമായ ഒരു തിരിച്ചടിയാണ്. ഏതാനും മണിക്കൂറിനുള്ളിൽ ഡിസ്ട്രോയറുകൾ, അന്തർവാഹിനികൾ എന്നിവയുൾപ്പെടെയുള്ള നാവിക സേനയുടെ പൂർണ്ണ യുദ്ധസജ്ജമായ വിന്യാസം അറബിക്കടലിൽ നടന്നു. സമുദ്ര ശക്തിയുടെ ഈ പ്രകടനം പാക്കിസ്ഥാൻ നാവികസേനയെ അവരുടെ തുറമുഖങ്ങൾക്ക് സമീപം പ്രതിരോധ നിലയിലേക്ക് തള്ളിവിടാൻ പര്യാപ്തമായിരുന്നു. ഇത് ആക്രമണത്തെത്തുടർന്ന് ഇന്ത്യയുടെ ശക്തമായ പ്രതിരോധശേഷിയും ദൃഢനിശ്ചയവും വിളിച്ചോതി.
ഈ സംഭവവികാസം ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ ഒരു പരീക്ഷണം മാത്രമല്ലായിരുന്നു. പതിറ്റാണ്ടുകളായി തദ്ദേശീയമായി നടത്തിയ നാവിക വികസനം രാജ്യത്തിന്റെ ഭീഷണികളെ തടയാനും അതിനോട് പ്രതികരിക്കാനുമുള്ള കഴിവിനെ എങ്ങനെ മാറ്റിമറിച്ചു എന്നതിന്റെ ഒരു പ്രകടനം കൂടിയായിരുന്നു അത്. ആക്രമണം നടന്ന് 96 മണിക്കൂറിനുള്ളിൽ ഇന്ത്യൻ നേവി അറബിക്കടലിലേക്ക് കുതിച്ചപ്പോൾ, ഇന്ത്യയുടെ പ്രതികരണത്തിന്റെ നട്ടെല്ല് ഇറക്കുമതി ചെയ്ത ഹാർഡ്‌വെയറല്ല, മറിച്ച് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നവീകരണവും സ്വാശ്രയത്വവുമാണ് എന്ന് വ്യക്തമായി. നാവികസേനയുടെ 'ആത്മനിർഭർ' (സ്വാശ്രയത്വം) സിദ്ധാന്തത്താൽ ഉൾക്കൊള്ളുന്ന ഒരു ദർശനമാണിത്.

പാക്കിസ്ഥാൻ അന്തർവാഹിനിയെ കടലിൽ മുക്കിയ നാവികസേന
ഇന്ത്യയുടെ സൈന്യം പ്രധാനമായും കര, നാവിക, വ്യോമ വിഭാഗങ്ങളിലായി തിരിച്ചിരിക്കുന്നു.സവിശേഷതകളേറെയുള്ള സേനാവിഭാഗമാണ് നേവി. ഇന്ത്യയുടെ കടൽമേഖലകളെ സംരക്ഷിക്കുക എന്ന ദൗത്യത്തിനപ്പുറം ഇന്ത്യൻ സമുദ്രമേഖലയിൽ രാജ്യത്തിന്റെ സ്വാധീനം ഉറപ്പിച്ചുനിർത്താൻ സദാ ശ്രദ്ധാലുക്കളാണു നാവികസേന. ഇന്ത്യയിലെ പല സാമ്രാജ്യങ്ങൾക്കും നാവികക്കരുത്തുണ്ടായിരുന്നു. മറാത്തകളും ചോളരാജാക്കൻമാരുമൊക്കെ ഇതിൽ ഉൾപ്പെടും. ബ്രിട്ടൻ ഇന്ത്യയിൽ റോയൽ ഇന്ത്യൻ നേവി സ്ഥാപിച്ചു. രണ്ടാം ലോകയുദ്ധത്തിനു ശേഷം റോയൽ ഇന്ത്യൻ നേവി 10 മടങ്ങു വലുതായി മാറിയിരുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലും നേവിയുടെ മുദ്രയുണ്ട്
നാവികവിപ്ലവം ഇതിനൊരു മികച്ച ഉദാഹരണമാണ്. ഇന്ത്യക്കാരോട് വളരെ അഹങ്കാരം നിറഞ്ഞ പെരുമാറ്റമാണ് അക്കാലത്ത് പല ബ്രിട്ടിഷുകാരും പുലർത്തിയത്. അതോടൊപ്പം തന്നെ കോളനിശക്തികൾക്കെതിരെ വലിയ പ്രതിഷേധവും ഇന്ത്യൻ നാവികരിൽ നിറഞ്ഞു.അന്നത്തെ റോയൽ ഇന്ത്യൻ നേവിയുടെ പരിശീലനക്കപ്പലായിരുന്നു എച്ച്എംഎസ് തൽവാർ. അതിലാണ് ആദ്യമായി സമരം തുടങ്ങിയത്. ബോംബെ ഹാർബറിൽ കിടന്ന തൽവാറിലെ നാവികർ നിരാഹാര സത്യഗ്രഹത്തിലേക്കു പോയി.താമസിയാതെ 22 കപ്പലുകളിൽകൂടി സമരം പടർന്നു. ബ്രിട്ടനെ വിറപ്പിച്ച സമരമായിരുന്നു ഇത്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ നാവികസേന അതിന്റെ യാത്ര തുടങ്ങി. ഇന്നത്തെ കരുത്തുറ്റ നിലയിലേക്കുള്ള യാത്രയിൽ ഒട്ടേറെ ഏടുകൾ താണ്ടിയാണ് ആ യാത്ര. 1971ലെ ബംഗ്ലാ വിമോചന യുദ്ധത്തിൽ ഇന്ത്യൻ സേന പാക്കിസ്ഥാൻ അന്തർവാഹിനിയെ കടലിൽ മുക്കിയിരുന്നു. പിഎൻഎസ് ഗാസി എന്നായിരുന്നു ആ മുങ്ങിക്കപ്പലിന്റെ പേര്. വിശാഖപട്ടണത്തു പോയി ഇന്ത്യയുടെ ഐഎൻഎസ് വിക്രാന്തിനെ മുക്കുക, ഇന്ത്യയുടെ കിഴക്കൻ നാവിക കേന്ദ്രങ്ങളിൽ കടൽമൈനുകൾ സ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങളുമായി ഗാസി 1971 നവംബർ 14നു കറാച്ചിയിൽ നിന്നു യാത്ര തിരിച്ചു.

ഓപ്പറേഷൻ ട്രൈഡന്റ്
പക്ഷേ ആ യാത്രയ്ക്ക് എന്നെന്നേക്കുമായി ഇന്ത്യൻ നേവി അന്ത്യം കുറിച്ചു. മറ്റൊരു കപ്പലിനെ വിക്രാന്തായി തെറ്റിദ്ധരിപ്പിച്ചായിരുന്നു തന്ത്രം. സിനിമകളിൽ കാണുന്നതുപോലെയൊരു ത്രില്ലർ നീക്കമായിരുന്നു ഇത്. അതേ യുദ്ധത്തിൽതന്നെ ഓപ്പറേഷൻ ട്രൈഡന്റ് എന്ന ദൗത്യവുമുണ്ടായിരുന്നു..രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള നാവികദൗത്യങ്ങളിൽ ഏറ്റവും തിളക്കമുറ്റതായിട്ടാണ് ഓപ്പറേഷൻ ട്രൈഡന്റ് യുദ്ധചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നത്.അറുപതുകളുടെ അവസാനകാലഘട്ടത്തിലാണ് ഇന്ത്യ സോവിയറ്റ് യൂണിയനിൽ നിന്നും ഓസ 1 എന്നു പേരുള്ള 8മിസൈൽ ബോട്ടുകൾ വാങ്ങിയത്.

പാക്കിസ്ഥാനെതിരെ ബംഗ്ലദേശിൽ ഉയരുന്ന ജനരോഷവും മറ്റു സംഗതികളും പരിഗണിച്ച് വീണ്ടുമൊരു യുദ്ധത്തിനു സാധ്യതയുണ്ടാകാമെന്ന വിലയിരുത്തലിലായിരുന്നു ബോട്ടുകൾ പെട്ടെന്നു തന്നെ വാങ്ങാൻ രാജ്യം തീരുമാനിച്ചത്. കപ്പലുകളെ തകർക്കാൻ സാധിക്കുന്ന സ്റ്റൈക്സ് മിസൈലുകളും അത്യാധുനിക റഡാറുകളും ഈ ബോട്ടുകളിലുണ്ടായിരുന്നു. ഈ ബോട്ടുകൾക്ക് പക്ഷേ ഒരു പരിമിതിയുണ്ടായിരുന്നു. റേഞ്ച് കുറവായതിനാൽ തീരസംരക്ഷണത്തിനായിരുന്നു ഇവ അഭികാമ്യം.മറ്റൊരു രാജ്യത്തിന്റെ മേഖലകളിൽയുദ്ധം നടത്താൻ ഇവ അത്രയ്ക്ക് അനുയോജ്യമായിരുന്നില്ല.
1971...ആ വർഷം ഡിസംബർ മൂന്നിന് പാക്കിസ്ഥാൻ വ്യോമസേന ഇന്ത്യയുടെ ആറ് എയർഫീൽഡുകൾ ആക്രമിച്ചു. ഇതോടെ ബംഗ്ലദേശ് വിമോചന യുദ്ധത്തിന് കാഹളമായി. അതിർത്തി മേഖലകളിൽ താമസിയാതെ തന്നെ യുദ്ധം തുടങ്ങി. നാവികസേന കറാച്ചി തുറമുഖത്തെ ആക്രമിക്കാൻ പദ്ധതിയിട്ടു. പാക്കിസ്ഥാൻ നാവികസേനയുടെ മർമമാണ് കറാച്ചി. തുറമുഖത്ത് നാശനഷ്ടങ്ങൾ വരുത്തിയാൽ കടൽവഴിയുള്ള പോരാട്ടത്തിന് പാക്കിസ്ഥാൻ ഉടൻ പരുവപ്പെടില്ല. ഇതിനുള്ള നിയോഗം ഓസ 1 മിസൈൽ ബോട്ടുകൾക്ക് വന്നു ചേർന്നു. എന്നാൽ റേഞ്ച് കുറവുള്ള അധികം സഞ്ചരിക്കാൻ സാധ്യമല്ലാത്ത ഓസ എങ്ങനെ കറാച്ചിയിലെത്തിക്കും.
ഏതൊരു രാജ്യത്തിന്റെ തീരത്തും ഒരു നാവികപ്പടയുണ്ടാകും
നാവികസേനയിലെ പ്രതിഭാധനരായ ഓഫിസർമാർ അതിനും പ്രതിവിധി കണ്ടെത്തി. ഓസ ബോട്ടുകളെ കപ്പലിൽ കെട്ടി വലിച്ച് കറാച്ചിക്കു സമീപം എത്തിക്കുക. ഓപ്പറേഷൻ ട്രൈഡന്റ് വ്യത്യസ്തമായത് ഇവിടെയാണ്. കറാച്ചി തുറമുഖത്തെ ഇത്തരത്തിൽ ആക്രമിച്ച് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കാൻ നേവിക്കു കഴിഞ്ഞു.
ഏതൊരു രാജ്യത്തിന്റെ തീരത്തും ഒരു നാവികപ്പടയുണ്ടാകുമെന്നാണു പഴമൊഴി. ഒന്നുകിൽ അത് ആ രാജ്യത്തിന്റേതാകും, അല്ലെങ്കിൽ അതു ശത്രുക്കളുടെയോ അധിനിവേശക്കാരുടെയോ ആയിരിക്കും– നാവികസേനയുടെ പ്രാധാന്യം വെളിവാക്കുന്ന വാക്കുകൾ. കടലുകൾ നിയന്ത്രിക്കുന്നവൻ ലോകം നിയന്ത്രിക്കുമെന്ന മറ്റൊരു പഴമൊഴിയുമുണ്ട്.

ഇന്ത്യയുടെ നാവികസേന ഇന്ന് പ്രശസ്തിയുടെ കൊടുമുടികളിലാണ്. അനേകം രക്ഷാദൗത്യങ്ങളിലുംകടൽക്കൊള്ളക്കാരെ തുരത്തുന്ന ദൗത്യങ്ങളിലും സേന പങ്കെടുക്കുന്നു. ഇന്ത്യൻ സമുദ്ര മേഖലയിലെ പ്രധാനശക്തിയാണ് ഇന്ന് ഇന്ത്യൻ നേവി.