കുറഞ്ഞ ചെലവിൽ റോക്കറ്റ് വിക്ഷേപിക്കാമെന്ന് അമേരിക്കയ്ക്ക് വാഗ്ദാനം നൽകിയ ചൈന!,ഒരു ഗ്രാമം ഒന്നടങ്കം നശിപ്പിച്ചു താഴേക്ക്!

Mail This Article
യുഎസും ചൈനയും തമ്മിലുള്ള ബഹിരാകാശ സഹകരണത്തിന് അന്ത്യമേകിയ അത്യന്തം ദുരൂഹമായ ഒരു റോക്കറ്റ് വിക്ഷേപണം നടന്നത് 1996 ഫെബ്രുവരി 15ന് ആണ്. അമേരിക്കയുടെ ഉപഗ്രഹവുമായി കുതിച്ചുപൊങ്ങിയ ചൈനയുടെ റോക്കറ്റ് വലിയ ഒരു ദുരന്തത്തിന് വഴിവച്ച ഈ സംഭവം ഇങ്ങനെ. അറുപതുകളിൽ സോവിയറ്റ് യൂണിയനും ചൈനയും തമ്മിലുള്ള ബന്ധം വഷളായി. ഇതോടെ ചൈനയുടെ സാങ്കേതികമായ മേൽക്കൈ കാട്ടാനായി 1973ൽ ഒരു യാത്രികനെ ബഹിരാകാശത്തയയ്ക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി ഒരു വിക്ഷേപണകേന്ദ്രം ആവശ്യമായി വന്നു.
സോവിയറ്റ് യൂണിയനിൽ നിന്നുള്ള അതിർത്തിയിൽ നിന്നു വിദൂരത്താകണം ഇത്. അതിനായി ചൈന തിരഞ്ഞെടുത്തത് ഷിചാങ് എന്ന ഗ്രാമമേഖലയാണ്. ധാരാളം വീടുകളും ആളുകളുമൊക്കെ അവിടെ അപകടകരമാംവിധത്തിൽ വിക്ഷേപണകേന്ദ്രത്തോട് അടുത്തുണ്ടായിരുന്നു. എന്നാൽ ചൈന അതു കണക്കിലെടുത്തില്ല.സാമ്പത്തികഞെരുക്കം കാരണം ആളെ സ്പേസിൽ വിടാനുള്ള പദ്ധതി ചൈന തൽക്കാലം മരവിപ്പിച്ചു. എന്നാൽ1984ൽ ഈ വിക്ഷേപണകേന്ദ്രത്തിൽ നിന്ന് ആദ്യമായി ഒരു ബഹിരാകാശ വിക്ഷേപണം നടന്നു.
തൊണ്ണൂറുകളിൽ യുഎസ് വിക്ഷേപണ കമ്പനികളെല്ലാം തന്നെ പ്രതിസന്ധിയിലായിരുന്നു. ഉപഗ്രഹം വിക്ഷേപിക്കേണ്ട കമ്പനികൾ വെട്ടിലായി. ചൈന ഇവർക്കായി ഒരു ഓഫർ മുന്നോട്ടു വച്ചു. കുറഞ്ഞ ചെലവിൽ തങ്ങൾ ഉപഗ്രഹം വിക്ഷേപിക്കാം എന്നതായിരുന്നു അത്.ഇങ്ങനെയാണ് ഇന്റൽസാറ്റ് 708 എന്ന ഉപഗ്രഹം ബഹിരാകാശത്തെത്തിക്കാനുള്ള കോൺട്രാക്ട് ചൈനയ്ക്ക്കിട്ടിയത്. 56 ദശലക്ഷം യുഎസ് ഡോളർ ചെലവിൽ. യുഎസ് എൻജിനീയർമാരുടെ സംഘം വിക്ഷേപണത്തിനായി ചൈനയിലെത്തി.
ഇന്റൽസാറ്റ് 708 ഉപഗ്രഹം
ഷിചാങ് വിക്ഷേപണകേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണത്തിന് പദ്ധതിയിട്ടിരുന്നത്. യുഎസ് എൻജിനീയർമാർക്ക് ചൈനീസ് സംവിധാനങ്ങളുടെ സുരക്ഷയിൽ സംശയമുണ്ടായിരുന്നു. ഒടുവിൽ നിർഭാഗ്യം സംഭവിച്ചു. ഇന്റൽസാറ്റ് 708 ഉപഗ്രഹവുമായി പറന്നുയർന്ന ലോങ് മാർച്ച് 3B റോക്കറ്റ് ദിശതെറ്റി അടുത്തുള്ള ഒരു മലഞ്ചെരിവിലേക്ക് ചെന്നുവീണു. വലിയ സ്ഫോടനം അവിടെ സംഭവിച്ചു.

അന്ന് അവിടെയുണ്ടായിരുന്ന വിദേശികളായ ദൃക്സാക്ഷികളുടെ വെളിപ്പെടുത്തലനുസരിച്ച് കനത്ത നാശനഷ്ടങ്ങൾ ഇതുമൂലം സംഭവിച്ചത്രേ. ഒരു ഗ്രാമം അപ്പാടെ നശിച്ചു. കെട്ടിടങ്ങളെല്ലാം തകർന്നടിഞ്ഞു. 6 പേർ കൊല്ലപ്പെട്ടെന്നാണ് ചൈനയുടെ ഔദ്യോഗികഭാഷ്യം. എന്നാൽ, പാശ്ചാത്യ മാധ്യമങ്ങൾ ഈ കണക്ക് സംസംശയിക്കുന്നു. മരണസംഖ്യ ചൈന മറച്ചുവയ്ക്കുകയാണെന്നായിരുന്നു അവരുടെ ആരോപണം.
ഈ ദുരന്തം യുഎസ്-ചൈന ബഹിരാകാശ സഹകരണത്തിൽ വലിയ വിള്ളലുകൾ വീഴ്ത്തി. ചൈനയുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും രഹസ്യാത്മകതയെക്കുറിച്ചുമുള്ള യുഎസിന്റെ ആശങ്കകൾ വർദ്ധിച്ചു. ഇത് പിന്നീട് പല വാണിജ്യ വിക്ഷേപണ കരാറുകൾക്കും തടസ്സമായി.