14,000 സൈനികർ, 100 ബാലിസ്റ്റിക് മിസൈലുകൾ, ലക്ഷക്കണക്കിന് യുദ്ധോപകരണങ്ങൾ: ഉത്തരകൊറിയ റഷ്യയിലേക്ക് അയച്ചത് എന്തിന്?

Mail This Article
കഴിഞ്ഞ ഒരു വർഷത്തിനിടെ ഉത്തരകൊറിയ റഷ്യയിലേക്ക് സൈനികരെയും മിസൈലുകളും റോക്കറ്റുകളും ഉൾപ്പെടെ ദശലക്ഷക്കണക്കിന് യുദ്ധോപകരണങ്ങളും അയച്ചതായി റിപ്പോർട്ടുകൾ. മോസ്കോയെ പ്യോങ്‌യാങ് എത്രത്തോളം സഹായിച്ചുവെന്ന് രാജ്യാന്തര നിരീക്ഷണ സംഘത്തിന്റെ പുതിയ റിപ്പോർട്ട് വിശദീകരിക്കുന്നു. ഇതോടെ റഷ്യ-യുക്രെയ്ൻ യുദ്ധം കൂടുതൽ ഭീകരമായ തലങ്ങളിലേക്ക് കടക്കുകയാണ്.
ഉത്തരകൊറിയക്കെതിരായ ഉപരോധങ്ങൾ നിരീക്ഷിക്കുന്ന 11 അംഗ രാജ്യാന്തര സമിതിയായ മൾട്ടിലാറ്ററൽ സാങ്ഷൻസ് മോണിറ്ററിങ് ടീം (MSMT) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2023 സെപ്റ്റംബറിനും 2024 ഡിസംബറിനും ഇടയിൽ ഉത്തരകൊറിയ റഷ്യക്ക് 100ലധികം ബാലിസ്റ്റിക് മിസൈലുകളും 90 ലക്ഷം റൗണ്ടോളം വെടിക്കോപ്പുകളും കൈമാറി. ഇത് റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് കൂടുതൽ കരുത്ത് പകരുകയും, സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു.
സൈനിക സഹായത്തിന്റെ ഞെട്ടിക്കുന്ന വ്യാപ്തി
14,000 സൈനികരെയും മൂന്ന് ഹെവി ആർട്ടിലറി യൂണിറ്റുകളെയും യുക്രെയ്നിലേക്ക് അയച്ചത് ഉൾപ്പെടെയുള്ള സൈനിക പിന്തുണ റഷ്യക്ക് കീവ്, സാപൊറീഷ്യ പോലുള്ള നഗരങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ആക്രമിക്കാൻ സഹായകമായി എന്ന് എംഎസ്എംടി റിപ്പോർട്ട് പറയുന്നു. ഈ കൈമാറ്റങ്ങൾ യുഎൻ രക്ഷാസമിതിയുടെ ഉത്തരകൊറിയക്കും റഷ്യക്കുമെതിരായ പ്രമേയങ്ങളുടെയും, ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സൈനിക സഹകരണത്തിന്റെ പ്രമേയങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും റിപ്പോർട്ട് അടിവരയിടുന്നു.

റഷ്യയുടെ പ്രതിഫലം: ആയുധ സാങ്കേതിക വിദ്യയും എണ്ണയും
വൻതോതിലുള്ള സൈനിക സഹായത്തിന് പകരമായി റഷ്യ ഉത്തരകൊറിയക്ക് അത്യാധുനിക യുദ്ധ സംവിധാനങ്ങളും 'പാൻസിർ' മൊബൈൽ എയർ ഡിഫൻസ് സിസ്റ്റവും നൽകിയിരിക്കാമെന്നും റിപ്പോർട്ട് പറയുന്നു. വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, കൃത്യമായ ആയുധങ്ങൾ, ഡ്രോണുകൾ എന്നിവയെ ലക്ഷ്യമിടാൻ രൂപകൽപ്പന ചെയ്ത സംവിധാനമാണ് പാൻസിർ. കെബിപി ഇൻസ്ട്രുമെന്റ് ഡിസൈൻ ബ്യൂറോയാണ് ഇത് നിർമിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ആയുധ കൈമാറ്റങ്ങൾ റഷ്യൻ ചരക്ക് കപ്പലുകളുടെ മറവിലാണത്രെ നടന്നത്.

ബാലിസ്റ്റിക് മിസൈലുകളിൽ നിന്നുള്ള വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് റഷ്യ ഉത്തരകൊറിയയുടെ മിസൈൽ വികസന പരിപാടിക്കും പിന്തുണ നൽകി. കൂടാതെ, റഷ്യക്ക് മേലുള്ള സാമ്പത്തിക ഉപരോധങ്ങളെ മറികടക്കാൻ സഹായിക്കുന്ന ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളും ഉത്തരകൊറിയക്ക് ലഭിച്ചുവത്രെ. ഇത് യുഎൻ നിശ്ചയിച്ച വാർഷിക പരിധിയിൽ കവിഞ്ഞ അളവിലാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
റഷ്യ കഴിഞ്ഞ വർഷം ഉത്തരകൊറിയക്കെതിരായ ഉപരോധങ്ങൾ നിരീക്ഷിച്ചിരുന്ന യുഎൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ കാലാവധി പുതുക്കുന്നത് വീറ്റോ ചെയ്തതിനെ തുടർന്നാണ് എംഎസ്എംടി രൂപീകരിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാൻഡ്സ്, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ എന്നിവ ഉൾപ്പെടുന്നതാണ് ഈ 11 അംഗ സമിതി. ഈ സമിതി നൽകിയ 30 പേജുള്ള ഈ റിപ്പോർട്ടിൽ, ഹ്വാസോങ്-11എ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങളും, കണ്ടെടുത്ത റോക്കറ്റ് ലോഞ്ചർ വെടിക്കോപ്പുകളുടെയും ടാങ്ക് വിരുദ്ധ മിസൈലുകളുടെയും വിവരങ്ങളും, റഷ്യയിലൂടെ കടത്തിക്കൊണ്ടുപോയ ഉത്തരകൊറിയൻ ആയുധ സംവിധാനങ്ങളുടെ ചിത്രങ്ങളും ഉൾപ്പെടുന്നു.