റഷ്യയെ ഞെട്ടിച്ച് യുക്രെയ്ൻ പ്രയോഗിച്ച 'ട്രോജൻ തന്ത്രം'! എന്താണ് ഈ ആദിമ ഗ്രീക്ക് യുദ്ധതന്ത്രം?

Mail This Article
യുക്രെയ്ൻ ലോറികളിലെ കണ്ടെയ്നറുകളിൽ ഡ്രോണുകൾ എത്തിച്ച് റഷ്യയിൽ വ്യാപകമായ ആക്രമണം നടത്തിയതിനെ ട്രോജൻ യുദ്ധതന്ത്രമെന്നാണു പല പ്രതിരോധവിദഗ്ധരും വിശേഷിപ്പിക്കുന്നത്. പ്രാചീന ഗ്രീക്കുകാർ ട്രോയ് എന്ന നഗരരാജ്യത്തിനെതിരെ പ്രയോഗിച്ചതാണ് ഈ യുദ്ധതന്ത്രം.
ട്രോജൻ ജനങ്ങൾ ജീവിച്ചിരുന്ന നഗരമായിരുന്നു ട്രോയ്. ഇവിടത്തെ ഇളയ രാജകുമാരനായ പാരിസ്, ഗ്രീക്ക് രാജാക്കൻമാരിലൊരാളായ മെനിലോസിന്റെ ഭാര്യ ഹെലനുമായി പ്രണയത്തിലാകുകയും അവരെ ട്രോയിലേക്കു കടത്തിക്കൊണ്ടുവരികയും ചെയ്തു. തുടർന്നാണ് മെനിലോസിന്റെ സഹോദരൻ അഗമെമ്നോൺ ട്രോയ്ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതും ഗ്രീക്ക് യോദ്ധാക്കളെ കൂട്ടി ഒരു സൈന്യമുണ്ടാക്കുന്നതും . അക്കിലീസ്, ഒഡീസിയൂസ്,അജാക്സ്, ഫീനിക്സ് തുടങ്ങി വിഖ്യാത ഗ്രീക്ക് വീരൻമാർ ഇതിൽ പങ്കെടുത്തു. ഇവർ ട്രോയിയിലേക്ക് കപ്പലുകളിലെത്തുകയും നഗരം ഉപരോധിക്കുകയും ചെയ്തു.
അവരൊരു തന്ത്രം തയാറാക്കി
ട്രോജൻ യുദ്ധത്തിൽ ഗ്രീക്കുകാർ നേരിട്ട ഏറ്റവും വലിയ പ്രതിബന്ധം ട്രോയ് നഗരത്തിനു ചുറ്റുമുള്ള കോട്ടമതിലുകളാണ്. ഗ്രീക്കുകാർക്ക് കവാടം ഭേദിച്ച് നഗരത്തിലുള്ളിലേക്ക് കടക്കാൻ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല.പത്തു വർഷത്തോളം നഗരത്തെ ഉപരോധിച്ചിട്ടും ഇതു നടക്കാതെ വന്നതോടെ അവരൊരു തന്ത്രം തയാറാക്കി. ഇതു പ്രകാരം ഗ്രീക്ക് സംഘത്തിലുണ്ടായിരുന്ന എപിയസ് എന്ന ശിൽപി കുതിരയുടെ രൂപത്തിൽ ഒരു വലിയ തടിരൂപമുണ്ടാക്കി. ഇതിനുള്ളിൽ കുറേ ഗ്രീക്ക് പടയാളികൾ ഒളിച്ചിരുന്നു. അഥീനാ ദേവിക്ക് ഒരു വഴിപാടെന്ന നിലയിൽ ആ കുതിരയെ അവർ ട്രോയിയുടെ തീരത്ത് സമർപ്പിച്ചു.

യുദ്ധമവസാനിപ്പിച്ചെന്ന രീതിയിൽ മറ്റ് ഗ്രീക്ക് പടയാളികൾ തിരികെപ്പോയി. എന്നാൽ ഇവർ യഥാർഥത്തിൽ പോയിരുന്നില്ല. ടെനെഡോസ് എന്ന അടുത്തുള്ള ദ്വീപിൽ അവർ കാത്തിരുന്നു. ചതി അറിയാതെയിരുന്ന ട്രോയ് നഗരവാസികൾ ഈ കുതിരയെ കവാടം വഴി നഗരത്തിനുള്ളിലേക്കു കൊണ്ടുപോയി. രാത്രിയായതോടെ കുതിരയ്ക്കുള്ളിലുണ്ടായിരുന്ന ഗ്രീക്ക് പടയാളികൾ പുറത്തിറങ്ങി കവാടം തുറന്നുകൊടുത്തു. ടെനഡോസിൽ നിന്നു തിരിച്ചെത്തിയ ഗ്രീക്ക് സൈന്യം ട്രോയിയിലേക്ക് ഇരച്ചുകയറുകയും അവിടെ രക്തക്കളമാക്കുകയും ചെയ്തു. ഇങ്ങനെയാണു ട്രോയ് നഗരം യുദ്ധത്തിൽ പൂർണപരാജയം ഏറ്റുവാങ്ങിയത്.

ട്രോയ് നഗരം ഒരു ഭാവനാസൃഷ്ടി?
ട്രോയ് നഗരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഹോമറിന്റെ ഇലിയഡിൽ പക്ഷേ ട്രോജൻ കുതിരയെപ്പറ്റി പരാമർശമില്ല. എന്നാൽ ഇലിയഡിന്റെ അനുബന്ധമായ ഒഡീസിയിൽ ഇതെപ്പറ്റി പറയുന്നുണ്ട്. റോമൻ കൃതിയായ ഏയ്നിഡിലാണ് ഇതെപ്പറ്റി വിശദമായി വിവരിക്കുന്നത്.
ആദ്യകാലത്ത് ട്രോയ് നഗരം ഒരു ഭാവനാസൃഷ്ടിയാണെന്നായിരുന്നു മിക്ക വിദഗ്ധരും ധരിച്ചിരുന്നത്. എന്നാൽ 1873ൽ ഹെയ്ൻറിച് സ്ക്ലീമാൻ എന്ന പുരാവസ്തു ഗവേഷകൻ വടക്കുപടിഞ്ഞാറൻ തുർക്കിയിൽ നിന്ന് ഈ പ്രാചീന നഗരം കണ്ടെത്തി.ട്രോയ് നഗരം സ്ഥിതി ചെയ്തിരുന്ന തുർക്കിയിലെ ഹിസാർലിക്കിൽ നിന്നു ട്രോജൻ കുതിരയുടെ അവശേഷിപ്പെന്ന നിലയിൽ ഒരു തടിരൂപവും കണ്ടെത്തിയിരുന്നു. ഇതിനു സ്ഥിരീകരണമില്ല.