'അമേരിക്കയുടെ ഒരു അംഗീകാരവും വേണ്ട, യുറേനിയം സംപുഷ്ടീകരണം തുടരുമെന്ന്' ഇറാൻ; ആ ഭൂകമ്പങ്ങൾ അണുപരീക്ഷണങ്ങളോ?

Mail This Article
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, ആണവ കരാറിനായുള്ള യുഎസിന്റെ പുതിയ നിർദ്ദേശം തള്ളി. ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധമാണ് ഈ നിർദ്ദേശമെന്ന് ആരോപിച്ചാണ് ഖമേനിയുടെ ഈ നീക്കം. ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.
യുറേനിയം സംപുഷ്ടീകരണം ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആണവ പദ്ധതിയിൽ ഒരു കേന്ദ്രബിന്ദുവായി തുടരുന്നുവെന്ന് ഖമേനി വീണ്ടും ഉറപ്പിച്ചു പറഞ്ഞു.യഥാർഥ സ്വാതന്ത്ര്യം എന്നാൽ അമേരിക്കയിൽ നിന്നോ അവരുടെ സഖ്യകക്ഷികളിൽ നിന്നോ അംഗീകാരം തേടാതിരിക്കുക എന്നാണെന്നും ഖമേനി.
ഇറാന്റെ ആണവ മോഹങ്ങൾ
ഔദ്യോഗികമായി അഥവാ പ്രഖ്യാപിത ആണവായുധങ്ങളുള്ള രാജ്യങ്ങളിൽ ഇറാൻ വരുന്നില്ല. ഊർജോദ്പാദനത്തിന് ആവശ്യമായ പത്ത് ശതമാനത്തിൽ താഴെയുള്ള ആണവ സംപുഷ്ടീകരണത്തിന് പകരം 60 ശതമാനം വരെയാണ് ഇറാന്‍ സംപുഷ്ടീകരിക്കുന്നത്.ഇറാൻ 408.6 കിലോഗ്രാം 60% സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരിച്ചിട്ടുള്ളതായൊക്കെ റിപ്പോർട്ടുകളുണ്ട്. ഇറാനിൽ ഇടയ്ക്കിടെയുണ്ടാകുന്ന ഭൂമികുലുക്കങ്ങൾ ലോകം സംശയജനകമായാണ് കണക്കാക്കുന്നത്.

യുറേനിയം സംപുഷ്ടീകരണ പ്ലാന്റായ നാടാൻസ്
മധ്യ ഇറാനിൽ സ്ഥിതി ചെയ്യുന്ന ഇസ്ഫാഹാൻ പ്രവിശ്യയിലെ നാടാൻസ് ആണവനിലയം പലപ്പോഴും വാർത്തകൾ നിറയാറുണ്ട്. യുറേനിയം സംപുഷ്ടീകരണ പ്ലാന്റായ നാടാൻസിന്റെ വിസ്തൃതി ഒരു ലക്ഷം ചതുരശ്ര മീറ്ററാണ്. ഏകദേശം 19,000 സെൻട്രിഫ്യൂജുകൾ ഇവിടെയുണ്ടെന്നാണു കണക്ക്.

മൊസാദിന്റെ ഇടപെടൽ
2015ൽ ഉടമ്പടിയെത്തുടർന്ന് നിർത്തിവച്ചിരുന്ന യുറേനിയംസംപുഷ്ടീകരണം പിന്നീട് ഇറാൻ വീണ്ടും തുടങ്ങിയിരുന്നു.ഈ നിലയത്തിൽ സൈബർ ആക്രമണങ്ങളും സ്പൈവേർ ഉപയോഗിച്ചുള്ള വൈദ്യുതി മുടക്കവും നടന്നത് വലിയ വാർത്തയായിരുന്നു. ചില സ്ഫോടനങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഇതിനു പിന്നിൽ ഇസ്രയേലി ചാരസംഘനയായ മൊസാദാണെന്നും അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്.
ഇസ്രയേൽ വികസിപ്പിച്ച സ്റ്റക്‌സ്‌നെറ്റ് എന്ന കുപ്രസിദ്ധ വൈറസിന്‌റെ ആക്രമണങ്ങളിൽ പകുതിയിലേറെ ഇറാനിലായിരുന്നു. ഈ ആക്രമണങ്ങളിൽ പലതിന്‌റെയും ലക്ഷ്യം ഇറാന്‌റെ ആണവ സമ്പുഷ്ടീകരണ നിലയങ്ങൾ ആയിരുന്നെന്നതും ശ്രദ്ധേയമാണ്.ഇത്തരത്തിൽ 2021ൽ നടന്ന ആക്രമണം ലോകശ്രദ്ധ നേടി.
നാടാൻസ് ആണവനിലയത്തിന് 2010ൽ ഇന്റർനെറ്റുമായി യാതൊരു ബന്ധവുമില്ലായിരുന്നു. നിലയത്തിലെ കംപ്യൂട്ടറുകളെല്ലാം ഒരു സ്വകാര്യ നെറ്റ്വർക് വഴി കണക്ടഡായിരുന്നെങ്കിലും അട്ടിമറികൾ ഭയന്ന് ഇവയെ ഒന്നും സൈബർ ലോകവുമായി ബന്ധിപ്പിച്ചിരുന്നില്ല. എന്നാൽ ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ തന്ത്രപരമായ പദ്ധതിയിൽ ഒരു ചാരൻ നിലയത്തിനുള്ളിൽ കടന്ന് തന്റെ കൈയിലുള്ള പെൻഡ്രൈവിൽ നിന്ന് നിലയത്തിലെ കംപ്യൂട്ടർ സംവിധാനത്തിലേക്കു വൈറസിനെ കടത്തുകയായിരുന്നെന്നു കരുതപ്പെടുന്നു.
ദീർഘനാൾ ഊഴംകാത്തു കിടന്ന വൈറസ്
അകത്തു കയറിയ വൈറസ് ദീർഘനാൾ ഉറങ്ങിക്കിടന്നു, നിയോഗം വന്നെത്തുന്നതും കാത്ത്. ഒടുവിൽ അതു സംഭവിച്ചു.ഒരു ദിവസം വൈറസുകൾ ഉണർന്നെണീറ്റു. നിലയത്തിന്റെ സംവിധാനങ്ങളെല്ലാം സുഗമമായ രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് ഇറാനിയൻ അധികൃതരെ വൈറസ് തെറ്റിദ്ധരിപ്പിച്ചു. അതിനൊപ്പം തന്നെ തങ്ങളുടെ ഉടമസ്ഥർക്ക് നിലയത്തിന്റെ നിയന്ത്രണം നേടിക്കൊടുക്കുകയും ചെയ്തു അവർ.ഇത്തരം ഭീഷണികളെ നേരിടാനായി സൈബർ ആക്രമണത്തെയും ബങ്കർ ബ്ലാസ്റ്റർ ബോംബുകളെയും പ്രതിരോധിക്കുന്ന അതീവ സുരക്ഷയുള്ള ഭൂഗർഭ ആണവകേന്ദ്രം നാടാൻസിൽ ഇറാൻ നിർമിക്കുന്നെന്ന് റിപ്പോർട്ടുകൾ ഇടക്കാലത്ത് പുറത്തിറങ്ങിയിരുന്നു.
ആണവനിലയത്തിനു തെക്കുള്ള മലനിരകളുടെ അടിവശത്തായാണു പുതിയ കേന്ദ്രം. ഇസ്രയേലി, യുഎസ് വൃത്തങ്ങളാണു റിപ്പോർട്ട് പുറത്തുവിട്ടത്. ഈ മേഖലയിൽ ഉപഗ്രഹനിരീക്ഷണം ഉപയോഗിച്ചു ശേഖരിച്ച ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വിവരം.2020ൽ തന്നെ ഇവിടെ പുതിയ ഭൂഗർഭനിലയം നിർമിക്കുന്നുണ്ടെന്ന് രാജ്യാന്തര ആണവോർജ ഏജൻസി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ ഭാഗമായി വലിയ തുരങ്കശൃംഖലകൾ പണിയുന്നുണ്ടെന്നും പിന്നീട് വെളിപ്പെടുത്തലുണ്ടായി.ആയിരത്തോളം സവിശേഷ സെൻട്രിഫ്യൂജുകൾ ഈ നിലയത്തിൽ ഇറാൻ തയാറാക്കുന്നുണ്ടെന്നും ഇസ്രയേൽ ആരോപിച്ചിരുന്നു.