തയ്യൽ സൂചിയാൽ ലോക യുദ്ധം നിയന്ത്രിച്ച വനിത, മുടിയിലൊളിഞ്ഞ മഹാരഹസ്യം! ദ് റിയൽ സീക്രട് ഏജന്റ്!

Mail This Article
രണ്ടാം ലോകയുദ്ധകാലം. ഫ്രാൻസിലെ നിരത്തുകളിലൂടെ കയ്യിലൊരു തയ്യൽ സൂചിയും തുണിയുമായി സൈക്കിൾ ചവിട്ടി നീങ്ങുന്ന ഒരു യുവതി. കാഴ്ചയിൽ തികച്ചും സാധാരണക്കാരിയായ ഒരു ഫ്രഞ്ച് പെൺകുട്ടി. തയ്യൽ ജോലികൾ ചെയ്ത് ഉപജീവനം നയിക്കുന്നുവെന്ന് ആരും കരുതി. ഇതിനപ്പുറം യാതൊന്നും നാത്സികൾ അവളെപ്പറ്റി സംശയിച്ചതേയില്ല. എന്നാൽ, അവളുടെ മുടിച്ചുരുളുകളിൽ ഒളിഞ്ഞിരുന്നത് നാത്സികൾക്കെതിരെയുള്ള, യുദ്ധഗതി തന്നെ മാറ്റിമറിക്കാൻ പോന്ന, രണ്ടായിരത്തോളമുള്ള അതീവ രഹസ്യങ്ങളായിരുന്നു!
ഈ ധീരവനിതയുടെ പേര് ഫില്ലിസ് ലാറ്റൂർ ഡോയ്ൽ (Phyllis Latour Doyle). തയ്യൽക്കാരിയായ ഒരു സാധാരണ ഫ്രഞ്ച് യുവതിയായിരുന്നില്ല അവൾ. മറിച്ച്, ബ്രിട്ടീഷ് സ്പെഷ്യൽ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് (SOE) എന്ന അതീവ രഹസ്യസംഘടനയുടെ ഒരു ഏജന്റായിരുന്നു ഫില്ലിസ്. യുദ്ധകാലത്ത് ശത്രുരാജ്യങ്ങളിൽ രഹസ്യ ദൗത്യങ്ങൾക്കായി നിയമിക്കപ്പെട്ട സ്പൈമാസ്റ്റർമാരുടെ എലൈറ്റ് ഗ്രൂപ്പായിരുന്നു SOE. "ജെയിൻ" എന്ന കോഡ് നാമത്തിലാണ് അവൾ പ്രവർത്തിച്ചിരുന്നത്.തന്റെ കയ്യിലുള്ള ചെറിയ സിൽക് തുണികളിൽ കോഡ് രൂപത്തിൽ അവൾ വിവരങ്ങൾ തുന്നിച്ചേർത്തു.
ദൗത്യം അതിസങ്കീർണമായിരുന്നു
ജർമൻ സൈന്യത്തിന്റെ വിന്യാസം, അവരുടെ സൈനിക കേന്ദ്രങ്ങൾ, ആയുധപ്പുരകൾ, പ്രതിരോധ സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക. എന്നാൽ, ഈ വിവരങ്ങൾ എങ്ങനെ കൈമാറും എന്നതായിരുന്നു വെല്ലുവിളി. ഫില്ലിസ് കണ്ടെത്തിയ വഴി അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്നതായിരുന്നു.

തന്റെ കയ്യിലുള്ള ചെറിയ സിൽക്ക് തുണികളിൽ (സാധാരണ തയ്യൽക്കടകളിൽ കാണുന്ന ചെറിയ തുണിക്കഷണങ്ങൾ) സൂചി കൊണ്ട് മോഴ്സ് കോഡിൽ ഈ വിവരങ്ങൾ തുന്നിച്ചേർത്തു! അതെ, ഓരോ തുന്നലും ഓരോ രഹസ്യ സന്ദേശമായിരുന്നു. ജർമ്മൻ സൈനിക നീക്കങ്ങൾ, അവരുടെ ശക്തികേന്ദ്രങ്ങൾ, വാഹനങ്ങളുടെ എണ്ണം, തുടങ്ങിയ അതീവ നിർണായക വിവരങ്ങൾ ഈ തുണ്ടുകളിലുണ്ടായിരുന്നു.
ഈ ചെറിയ സിൽക്ക് തുണികൾ, തന്റെ തയ്യൽ സൂചികളിൽ ശ്രദ്ധാപൂർവ്വം ചുറ്റി, തലമുടിയുടെ ചുരുളുകൾക്കുള്ളിൽ വെച്ച്, ഷൂ ലേസ് ഉപയോഗിച്ച് കെട്ടി ഭദ്രമാക്കിയായിരുന്നു നടന്നിരുന്നത്! ഈ തന്ത്രം ആരും സംശയിച്ചില്ല. തയ്യൽക്കാരിയാണെന്ന് കരുതി നാത്സികൾക്ക് ഒരു സംശയവും തോന്നിയില്ല. സൈക്കിൾ ചവിട്ടി വിവിധ ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും സഞ്ചരിച്ച്, മുടിക്കുള്ളിൽ ഒളിപ്പിച്ച ഈ വിലപ്പെട്ട വിവരങ്ങൾ രഹസ്യമായി സഖ്യസേനയ്ക്ക് കൈമാറി. കൈമാറുന്ന വിവരങ്ങൾ എൻകോഡ് ചെയ്ത് റേഡിയോ വഴി ലണ്ടനിലേക്ക് അയക്കുകയും ചെയ്തു.
രഹസ്യങ്ങൾ ബ്രിട്ടീഷ്, യുഎസ് സേനകളുടെ കൈവശമെത്തി. നാസി യുഗത്തിന് അവസാനത്തെ പ്രഹരമേൽപ്പിക്കാൻ നടത്തിയ ഡി-ഡേ ലാൻഡിങ്ങിന് (D-Day Landings) ഈ വിവരങ്ങൾ നിർണ്ണായകമായി ഭവിച്ചു. സഖ്യകക്ഷികളുടെ ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ ഇത് വലിയ സഹായമായി.
ഈ സാഹസിക കഥകൾ ആരോടും പറഞ്ഞില്ല
യുദ്ധം അവസാനിച്ചതിന് ശേഷം ഫില്ലിസ് ലാറ്റൂർ ഡോയ്ൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങി. പിന്നീട് വിവാഹിതയായ ഫില്ലിസ്, ഭർത്താവിനൊപ്പം കെനിയ, ഫിജി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ താമസിച്ചു. ഒടുവിൽ ന്യൂസിലൻഡിൽ സ്ഥിരതാമസമാക്കി. തന്റെ കുട്ടികളോട് ഒരിക്കലും തന്റെ യുദ്ധകാല ജീവിതത്തിലെ ഈ സാഹസിക കഥകൾ ഫില്ലിസ് പറഞ്ഞിരുന്നില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം, അവരുടെ മക്കൾ ഇന്റർനെറ്റിൽ നിന്ന് ഈ കഥകൾ വായിച്ചറിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയി.
ഈ ധീരവനിതയുടെ സേവനങ്ങൾ പിന്നീട് ലോകം അംഗീകരിച്ചു. ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ (Legion of Honour) ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ഫില്ലിസ് കരസ്ഥമാക്കി. 2021-ൽ 100-ാം വയസ്സിൽ ഒരു തയ്യൽ സൂചിയും, മുടിക്കുള്ളിൽ ഒളിപ്പിച്ച രഹസ്യങ്ങളുമായി രണ്ടാം ലോകയുദ്ധത്തെ മാറ്റിമറിച്ച ഈ വനിത അന്തരിച്ചു.