ADVERTISEMENT

ആഫ്രിക്കൻ രാജ്യങ്ങളിലെ നേതാക്കൻമാരിൽ ഏറ്റവും പ്രശസ്തനാണ് പാട്രീസ് ലുമുംബ. കേവലം 7 മാസംമാത്രം കോംഗോയുടെ ഭരണാധികാരിയായ വ്യക്തി. ലുമുംബയുടെ ജന്മദിന വാർഷികമാണ് ജൂണിൽ– അദ്ദേഹം ജനിച്ചിട്ട് 100 വർഷങ്ങൾ തികയുകയുമാണ്.ആഫ്രിക്കയിലെ കോളനിവാഴ്ചയ്ക്കെതിരെ ശക്തമായി ശബ്ദമുയർത്തിയ നേതാവായിരുന്നു ലുമുംബ. കോംഗോ മുൻപ് ബെൽജിയത്തിലെ രാജാവിന്റെ സ്വകാര്യ കോളനിയായിരുന്നു. 1960ൽ അധികാരത്തിലെത്തിയ ലുമുംബ സ്വതന്ത്ര കോംഗോയിൽ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണാധികാരിയുമായിരുന്നു. 

ക്രൂരമായ നടപടി, പിന്നിൽ സിഐഎയും

1961ൽ ബെൽജിയൻ കൂലിപ്പട്ടാളം വിഘടനവാദികളുമായി ചേർന്ന് അദ്ദേഹത്തെ വധിച്ചു. 35 വയസ്സായിരുന്നു അന്ന്അദ്ദേഹത്തിന്. ശരീരം വെട്ടിമുറിച്ച് കഷണങ്ങളാക്കി ആസിഡിൽ ലയിപ്പിച്ചു. ക്രൂരമായ ഈ നടപടി ലോകശ്രദ്ധ നേടി. വിവിധ കോണുകളിൽ നിന്ന് വിമർശനവുമുയർന്നു. ലുമുംബയുടെ കൊലപാതകത്തിനു പിന്നിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ പങ്കുമുണ്ടായിരുന്നു.

Representative Image. Image Credit:  bilalulker/Istockphoto.com
Representative Image. Image Credit: bilalulker/Istockphoto.com

1959ൽ ആണ് കോംഗോയ്ക്ക് സ്വാതന്ത്ര്യം നൽകാനുള്ള സന്നദ്ധത ബെൽജിയം അറിയിച്ചത്. 1960 ൽ കോംഗോസ്വതന്ത്രമാകുകയും പാട്രിക് ലുമുംബയുടെ പ്രധാനമന്ത്രി സ്ഥാനത്തിൻ കീഴിൽ സർക്കാർ അധികാരത്തിൽവരികയും ചെയ്തു. എന്നാൽ രാഷ്ടീയവും സാമൂഹികവുമായ നിരവധി പ്രശ്‌നങ്ങൾ കാരണം കോംഗോയിലെ സ്ഥിതിരൂക്ഷമായി തന്നെ തുടർന്നു. കോംഗോ ക്രൈസിസ് എന്ന് ഇതറിയപ്പെട്ടു.

കോംഗോയിലെ വിമതനേതാവായ മോയിസ് ഷോംബെയുടെ നേതൃത്വത്തിൽ തെക്കൻ പ്രവിശ്യയായ കടാംഗ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. കോംഗോയിലെ തന്ത്രപ്രധാനമായ മേഖലയാണ് കടാംഗ. രാജ്യത്തെ പ്രകൃതിവിഭവങ്ങളുടെ 60 ശതമാനവും ഈ മേഖലയിലാണെന്നതിനാൽ ലുമുംബ സർക്കാരിനു വലിയ അടിയായി മാറി ആ നീക്കം. ബെൽജിയവും ഷോംബെയെ പിന്തുണച്ചു.ലുമുംബയുടെ അഭ്യർഥനപ്രകാരം യുഎൻ സെക്യൂരിറ്റി കൗൺസിൽ നടപടിയെടുക്കുകയും രാജ്യത്ത് അവശേഷിച്ച ബെൽജിയൻ സേനയോട് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതു കൊണ്ട് പ്രശ്‌നം തീർന്നില്ല.

സഹായത്തിനെത്തിയ സോവിയറ്റ് യൂണിയൻ

വിമതർ അടങ്ങാൻ ഒരുക്കമായിരുന്നില്ല. ഇതോടെ ലുമുംബ സോവിയറ്റ് യൂണിയന്‌റെ സഹായം തേടി. ശീതയുദ്ധം കനത്തുനിന്ന സമയമായിരുന്നു അന്ന്. ലുമുംബയുടെ ഈ നീക്കം ലോക ശ്രദ്ധനേടി. ലുമുംബയ്‌ക്കെതിരെ യുഎസ് തിരിഞ്ഞു.സെപ്റ്റംബർ ആയതോടെ കോംഗോ പ്രസിഡന്‌റ് ജോസഫ് കസാവുബു ലുമുംബ സർക്കാരിനെ പുറത്താക്കുകയും കേണൽ ജോസഫ് മൊബുട്ടുവിന്‌റെ കീഴിലുള്ള സൈനിക സർക്കാരിന് അധികാരം കൈമാറുകയും ചെയ്തു.4മാസങ്ങൾക്കു ശേഷം ലുമുംബ വധിക്കപ്പെട്ടു.

ഇക്കാര്യങ്ങളെല്ലാം കോംഗോ ക്രൈസിസിനെ മൂർച്ഛിപ്പിച്ചു. കടാംഗയിലും മറ്റു നിരവധി പ്രദേശങ്ങളിലും വിമതർ ശക്തമായ ആക്രമണങ്ങളഴിച്ചുവിട്ടു.

സമാധാനം ഉറപ്പുവരുത്താൻ ഇന്ത്യൻ വ്യോമസേനയും

കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് ഉറപ്പായതോടെ  യുഎൻ സെക്രട്ടറി ജനറലായ ഹാമർസ്‌കോൾഡ് ഇടപെട്ടു. സ്ഥിതിഗതികൾ ശാന്തമാക്കാനായി യുഎൻ സമാധാന സേന ഇറങ്ങി. ഇന്ത്യയിൽ നിന്നും ഇതിലേക്ക് സൈനികരുണ്ടായിരുന്നു.ഓപ്പറേഷൻ മോർതോർ, റംപഞ്ച് എന്നീ സൈനിക ദൗത്യങ്ങൾ സമാധാന സേന നടത്തി.ഇന്ത്യൻ വ്യോമസേനയുടെ അഞ്ചാം നമ്പർ സ്‌ക്വാഡ്രനായിരുന്നു കോംഗോയിലേക്ക് നിയമിക്കപ്പെട്ടത്.

army-rep - 1

കാൻബറ വിമാനങ്ങളായിരുന്നു ഈ സ്‌ക്വാഡ്രനിൽ. ആഗ്രയിൽ നിന്നു യെമനിലെ ഏദൻ വഴി നീണ്ട പറക്കലിനു ശേഷം ഇന്ത്യൻ വ്യോമസേന കോംഗോയിലെത്തി.അന്നത്തെ യുഎൻ സമാധാന സേനയുടെ കുന്തമുനയായിരുന്നു ഇന്ത്യൻ വ്യോമസേന. 1966ൽ കോംഗോയിലെ യുഎൻ ദൗത്യം അവസാനിക്കുന്നതു വരെ സേന അവിടെ നിലകൊണ്ടു.

English Summary:

A high-ranking administrator was murdered, their body dissolved in acid. The shocking case involves allegations of CIA involvement and raises questions about a potential cover-up.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com