ADVERTISEMENT

പ്രാചീനകാലത്ത് എന്തു ചരക്കും വഹിച്ചിരുന്നത് കപ്പലുകളാണ്. അമൂല്യവസ്തുക്കൾ കയറ്റിയ പല കപ്പലുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തകർന്ന കഥകളുണ്ട്. അവയിൽ പലതും ഇന്നും വലിയ സമസ്യകളായി അവശേഷിക്കുന്നു.

എച്ച്എംഎസ് ലൂട്ടിൻ

‌1799.....ജർമനിയിലെ പ്രമുഖ നഗരമായ ഹാംബഗിന്റെ സ്ഥിതി ശോചനീയമായിരുന്നു. സാമ്പത്തികവ്യവസ്ഥ തകർച്ചയുടെ വക്കിൽ. നഗരമെങ്ങും അരക്ഷിതാവസ്ഥ നിറഞ്ഞുനിന്നു. നഗരത്തെ രക്ഷിക്കാൻ ലണ്ടനിലെ വ്യവസായികൾ തീരുമാനിച്ചു. ടൺകണക്കിനു സ്വർണവും വെള്ളിയും വാങ്ങി എച്ച്എംഎസ് ലൂട്ടിൻ എന്ന കപ്പലിൽ നിറച്ച് അവർ ഹാംബഗിലേക്കു വിട്ടു.

എന്നാൽ ലൂട്ടിനെ കാത്ത് ദുർവിധി കടലിൽ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. വടക്കൻ കടലിൽ അടിച്ച ഒരു വൻ കൊടുങ്കാറ്റിൽ പെട്ട് ലൂട്ടിൻ നെതർലൻഡ്സ് തീരത്തിനു സമീപമുള്ള വെസ്റ്റ് ഫ്രിസ്യൻ ദ്വീപുകൾക്കടുത്ത് തകർന്നു. 240 പേരടങ്ങിയ കപ്പൽ ജീവനക്കാരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.സ്വർണക്കട്ടികളും വെള്ളിക്കട്ടികളും അടക്കം ലൂട്ടിൻ വഹിച്ച നിധിക്ക് ഇന്നത്തെ ആയിരം കോടി രൂപയുടെ മൂല്യമുണ്ടായിരുന്നു. ഇതു തിരിച്ചെടുക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല.

ship-news - 1

ഈ വമ്പൻ നിധി ഇന്നും സമുദ്രത്തിൽ

ഈ വമ്പൻ നിധി ഇന്നും യൂറോപ്പിന്റെ വടക്കൻ മേഖലയിലുള്ള കടലിൽ എവിടെയോ മറഞ്ഞുകിടക്കുകയാണ്.എന്നാൽ കപ്പലിലുണ്ടായിരുന്ന മറ്റു ചില വസ്തുക്കൾ കിട്ടിയിട്ടുണ്ട്. അതിലൊന്നാണ് കപ്പലിലെ മണി. ലൂട്ടിൻസ് ബെൽ എന്നറിയപ്പെടുന്ന ഇതു കടലിൽ നിന്നു കണ്ടെടുത്ത് ലണ്ടനിൽ സ്ഥാപിച്ചിരിക്കുകയാണ്.

വർഷം 1857. അമേരിക്കൻ വൻകരയിൽ വലിയ സ്വർണവേട്ട നടക്കുന്ന കാലം. പനാമയിലെ കോളോൻ എന്ന തുറമുഖത്തു നിന്നും 13600 കിലോ സ്വർണവും വഹിച്ച് ന്യൂയോർക്കിലേക്കു പോകുകയായിരുന്നു എസ്എസ് സെൻട്രൽ അമേരിക്ക എന്ന കപ്പൽ. പ്രശസ്തമായ കലിഫോർണിയ സ്വർണവേട്ടയിൽ നിന്നു കിട്ടിയ സ്വർണമാണ് ഈ കപ്പലിൽ നിറച്ചിരുന്നത്.

ക്യാപ്റ്റൻ വില്യം ലൂയി ഹെൻഡോൺ ക്യാപ്റ്റനായുള്ള ഈ കപ്പലിൽ സ്വർണം കൂടാതെ 477 യാത്രക്കാരും 101 ജീവനക്കാരുമുണ്ടായിരുന്നു. സെപ്റ്റംബർ ഒൻപതിനു യുഎസിലെ വടക്കൻ കാരലീന സംസ്ഥാനത്തിന്‌റെ തീരത്തിനടുത്ത് കപ്പലെത്തി.ആ സമയത്താണ് ശക്തമായ ഒരു ചുഴലിക്കാറ്റ് ആ മേഖലയിൽ ആഞ്ഞടിച്ചത്. അതിൽ പെട്ട് കപ്പൽ ഉഴറി. മണിക്കൂറിൽ 170 കിലോമീറ്റർ വേഗത്തിൽ കാറ്റുകൾ കപ്പലിനെ ആക്രമിച്ചുകൊണ്ടിരുന്നു.

പാനിക് ഓഫ് 1857 

പായ്മരങ്ങൾ പൊട്ടിക്കീറി, ബോയ്‌ലർ റൂം തകർന്നു. സെൻട്രൽ അമേരിക്ക മുങ്ങി. 425 പേർ കൊല്ലപ്പെട്ടു. അളവറ്റ സ്വർണം കടലിലായി.ദുരന്തവാർത്ത അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയെ ആകെയുലച്ചു. പാനിക് ഓഫ് 1857 എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രശസ്തമായ സാമ്പത്തിക അനിശ്ചിതാവസ്ഥയ്ക്ക് ദുരന്തം വഴിയൊരുക്കി.

ഒരു നൂറ്റാണ്ടിലധികം കാലയളവിനു ശേഷം 1988ലാണു തകർന്ന സെൻട്രൽ അമേരിക്കയുടെ അവശിഷ്ടങ്ങൾ ടോമി തോംസണിന്‌റെ നേതൃത്വത്തിലുള്ള പര്യവേക്ഷക സംഘം കരോലീനയ്ക്കു സമീപമുള്ള കടലിൽ കണ്ടെത്തിയത്. 40 ദശലക്ഷം ഡോളറോളം വിലപിടിപ്പുള്ള നിധി ഇതിൽ നിന്നു ടോമിക്ക് കിട്ടിയെന്നാണു കണക്കാക്കപ്പെടുന്നത്. ശേഷം പലവിധ നിയമപ്പോരാട്ടങ്ങൾ തുടങ്ങി.

ഇങ്ങനെയും ഒരു മറവി

പണ്ട് കാലത്ത് കപ്പലിനെ ഇൻഷുർ ചെയ്ത ഇൻഷുറൻസ് കമ്പനികളാണ് ആദ്യം വാദം ഉയർത്തിയത്. തങ്ങൾ പണ്ട് ഇതിനായി വലിയ തുക മുടക്കിയെന്നും അതിനാൽ ഇപ്പോൾ കണ്ടെത്തിയ നിധി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും ഇവർ വാദിച്ചു. ഈ കേസിൽ വിധി ടോമിക്ക് അനുകൂലമായെങ്കിലും പിന്നീട് ടോമിയുടെ ഗവേഷണത്തിനു പണം മുടക്കിയ സംരംഭകർ അവകാശവാദവുമായി വന്നു. ഒടുവിൽ നിധി കൈമാറാൻ കോടതി ടോമിയോട് ആവശ്യപ്പെട്ടു. എന്നാൽ മറവിമൂലം അതെവിടെയാണെന്ന് തനിക്ക് ഓർമയില്ലെന്നായിരുന്നു ടോമിയുടെ നിലപാട്. അങ്ങനെ 2015ൽ ടോമി കോടതിയലക്ഷ്യത്തിന് അകത്തായി.

തെക്കൻ അമേരിക്കൻ രാഷ്ട്രം കൊളംബിയയിലെ കാർട്ടജീന ഹാർബറിനടുത്ത് വൻ മൂല്യമുള്ള കപ്പൽചേതങ്ങളുണ്ട്. ഏകദേശം 130,000 കോടി രൂപയുടെ മൂല്യം.മൂന്ന് കപ്പലപകടങ്ങളിൽ നിന്നായാണ് ഈ നിധി ഇവിടെ സ്ഥിതി ചെയ്യുന്നത്. ഇതിലൊന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് സംഭവിച്ച അതിപ്രശസ്തമായ സാൻ ഹോസ് കപ്പലപകടമാണ്.

സമുദ്രത്തിന്റെ അടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന നിലയിലാണു കപ്പലുകൾ. 

സാൻ ഹോസ് എന്ന കപ്പൽ കൊളോണിയൽ സ്പെയിനിന്റെ പടക്കപ്പലായിരുന്നു. സ്പെയിനിലെ ജിപുസ്കോയയിൽ പെദ്രോ ഡി അറോസ്റ്റെഗ്വി എന്നായാളാണു നിർമിച്ചത്.മൂന്നു പായകളും പീരങ്കികളുമുള്ള ഈ കപ്പലിൽ 600 സൈനികരുമായി യാത്ര ചെയ്തപ്പോഴാണു ബ്രിട്ടിഷുകാർ മുക്കിയത്.1708ലായിരുന്നു ഈ സംഭവം. പനാമയിൽ നിന്നു നിറയെ നിധികളുമായി മടങ്ങിയ കപ്പലിന് അകമ്പടി സേവിച്ച് 12 പടക്കപ്പലുകളും 14 മറ്റു കപ്പലുകളുമുണ്ടായിരുന്നു.

ബ്രിട്ടീഷുകാർ നാവികാക്രമണം നടത്തിയതോടെ കൊളംബിയയിലെ കാർട്ടാജീന ഹാർബറിനടുത്ത് കപ്പൽ മുങ്ങി. സ്വർണവും വെള്ളിയും പവിഴവും ആഭരണങ്ങളുമടങ്ങിയ വലിയ നിധിയും ഇതോടെ കടലിലേക്കു പോയി.2015ലാണ് പിന്നീട് സാൻ ഹോസിനെ കണ്ടെത്തിയത്. 

English Summary:

Millions of tons of gold and priceless artifacts lie beneath the waves in sunken ships. Who has the legal right to claim these lost treasures from the ocean floor?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com