ഇറാനിൽ രഹസ്യ ഡ്രോൺ ബേസ് സ്ഥാപിച്ചു മൊസാദ്! ഇസ്രയേൽ പ്രയോഗിച്ചതും ട്രോജൻ തന്ത്രം?

Mail This Article
അടുത്തിടെ റഷ്യയിൽ വൻതോതിലുള്ള ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ ലോകത്തെ ഞെട്ടിച്ചിരുന്നു. ഡ്രോണുകളും മറ്റ് ആകാശ ആയുധങ്ങളും റഷ്യയിലേക്ക് ഒളിച്ചു കടത്തി അവിടെ എത്തിച്ച ശേഷം അനുകൂല സന്ദർഭത്തിൽ വമ്പൻ ആക്രമണം നടത്തിയ യുദ്ധരീതിയെ പുതുകാല ട്രോജൻ തന്ത്രമെന്നാണു പ്രതിരോധവിദഗ്ധർ വിശേഷിപ്പിച്ചത്. ട്രോജൻ മരക്കുതിരയ്ക്കുള്ളിൽ ഒളിപ്പിച്ച പടയാളികളെ കോട്ടമതിലുകളുള്ള ട്രോയ് നഗരത്തിൽ കയറ്റി, രാത്രി എല്ലാവരും ഉറങ്ങിയപ്പോൾ പുറത്തിറങ്ങി വൻ ആക്രമണം നടത്തിയ ഗ്രീക്ക് പ്രാചീനതന്ത്രമാണു ട്രോജൻ. ഗ്രീക്ക് ഇതിഹാസങ്ങളിലാണ് ഇതെപ്പറ്റി പരാമർശമുള്ളത്.
ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണവും ഈ രീതിയോടു സാമ്യമുള്ളതാണെന്നു ടൈംസ് ഓഫ് ഇസ്രയേൽ പോലുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ആക്രമണത്തിനായി വർഷങ്ങളായി ഇസ്രയേൽ പ്ലാനിങ് നടത്തുന്നുണ്ടായിരുന്നത്രേ. ഇറാനിൽ ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന തലസ്ഥാനനഗരം ടെഹ്റാനു വളരെ സമീപത്തായി ഒരു രഹസ്യ ഡ്രോൺ ബേസ് പോലും ഇസ്രയേൽ സ്ഥാപിച്ചെന്നാണു റിപ്പോർട്ടുകൾ.

പിന്നിൽ മൊസാദ്
പ്രസിഷൻ ആയുധങ്ങളും ഡ്രോണുകളും വൻതോതിൽ ഇറാനിലേക്ക് ഒളിച്ചു കടത്തി. കമാൻഡോകളും വേഷംമാറി ഇറാനിലെത്തി തുടങ്ങിയ അഭ്യൂഹങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലി പ്രതിരോധ സേനയും ചാരസംഘടനയായ മൊസാദുമാണ് ഈ ദൗത്യമെല്ലാം അതീവ രഹസ്യാത്മക രീതിയിൽ നടത്തിയത്.
ഇറാൻ ഇന്റലിജൻസ് വൃത്തങ്ങളിൽ നിന്ന് തങ്ങളുടെ പദ്ധതികൾ ഒളിച്ചുവയ്ക്കാൻ ഇവർക്കായി. മൊസാദാണു ഡ്രോൺ ബേസിനു പിന്നിൽ പ്രവർത്തിച്ചതെന്നും റിപ്പോർട്ടുണ്ട്. ഇതൊക്കെ കൂടാതെ ആയുധങ്ങൾ നിറച്ച വാഹനങ്ങളും ഇറാനിലെത്തിയിരുന്നു.

രാത്രിയിൽ ആക്ടിവേറ്റ് ചെയ്യപ്പെട്ട ഡ്രോണുകൾ ഇസ്രയേലിന്റെ വ്യോമപ്രതിരോധ മിസൈൽ സംവിധാനങ്ങളെ നശിപ്പിച്ചു. വ്യോമപ്രതിരോധശേഷി അലങ്കോലമായതോടെ ഇസ്രയേലി യുദ്ധവിമാനങ്ങൾക്ക് ആക്രമണം നടത്താൻ അനുകൂല സാഹചര്യമൊരുങ്ങി.