ഹമാസിന്റെ ഭൂഗർഭ കേന്ദ്രത്തിലേക്ക് ലോഡ് കണക്കിന് കോൺക്രീറ്റ്; വിഡിയോ പുറത്തുവിട്ട് ഐഡിഎഫ്

Mail This Article
തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള യൂറോപ്യൻ ഹോസ്പിറ്റലിന് താഴെ പ്രവർത്തിച്ചിരുന്ന ഹമാസിന്റെ വലിയ ടണൽ സംവിധാനം കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അവകാശപ്പെട്ടു. ഈ ടണലുകൾ അടയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വിഡിയോയും ഐഡിഎഫ് പുറത്തുവിട്ടു.
ഐഡിഎഫ് പുറത്തുവിട്ട വിഡിയോയിൽ, കോൺക്രീറ്റ് ഈ തുരങ്കങ്ങളിലേക്ക് പമ്പ് ചെയ്യുന്നത് കാണാം. യൂറോപ്യൻ ഹോസ്പിറ്റലിന്റെ ഭൂമിക്കടിയിലാണ് ഈ ടണൽ ശൃംഖല സ്ഥിതി ചെയ്യുന്നതെന്ന് ഐഡിഎഫ് പറയുന്നു.ഹമാസ് സാധാരണ പൗരന്മാരുടെ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന തങ്ങളുടെ മുൻ ആരോപണങ്ങളെ ഈ കണ്ടെത്തൽ സാധൂകരിക്കുന്നുവെന്നും ഐഡിഎഫ് ആരോപിക്കുന്നു.
ഹമാസിന്റെ സൈനിക ശേഷി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ടണലുകൾ അടയ്ക്കുന്ന നടപടിയെന്ന് ഐഡിഎഫ് പറയുന്നു. ഭൂഗർഭ ശൃംഖലകളെ ലക്ഷ്യം വെക്കുന്നത് ഇസ്രയേലിന്റെ സൈനിക പ്രവർത്തനങ്ങളുടെ ഒരു പ്രധാന ഭാഗമാണ്. ടണലുകൾ അടയ്ക്കുന്നതിലൂടെ ഹമാസിന്റെ നീക്കങ്ങൾ തടസ്സപ്പെടുത്താനും ഒളിത്താവളങ്ങളെ ഇല്ലാതാക്കാനും സാധിക്കുമെന്നാണ് ഇസ്രയേൽ പ്രതീക്ഷിക്കുന്നത്.