യുഎസ് നൽകുമോ ബങ്കർ ബസ്റ്റർ? 14,000 കിലോ ഭാരമുള്ള ആയുധം ഇസ്രയേൽ ആവശ്യപ്പെടുന്നത് എന്തിന്?

Mail This Article
ഇറാനിലെ ഫോർദോ ആണവനിലയത്തിലെ ആക്രമണം ഇസ്രയേൽ ലക്ഷ്യം വയ്ക്കുന്നതാണ്. ഇറാനിലെ ഏറ്റവും വലിയ ആണവ സമ്പുഷ്ടീകരണ നിലയമാണു ഫോർദോ. പർവതമേഖലയ്ക്ക് അടിയിലുള്ള ഈ നിലയം ആക്രമിക്കണമെങ്കിൽ സാധാരണ മിസൈലുകളും ബോംബുകളും കൊണ്ട് സാധിക്കില്ല.അതിനു യുഎസിന്റെ കൈവശമുള്ള മാസീവ് ഓർഡിനൻസ് പെനട്രേറ്റർ (എംഒപി) അഥവാ ജിബിയു–57എ/ബി എന്ന ബങ്കർ ബസ്റ്റർ ബോംബ് ആവശ്യമാണ്.
ഇതിനായുള്ള ശ്രമങ്ങൾ ഇസ്രയേൽ നടത്തുന്നുണ്ടെന്ന് അഭ്യൂഹമുണ്ട്. 14000 കിലോ ഭാരമുള്ള ബോംബാണ് ഇത്. 200 അടി കട്ടിയുള്ള പാറകൾ തകർത്ത് ഉള്ളിലേക്കു പോകാൻ ബങ്കർ ബസ്റ്ററിനു കഴിയും. ഭൂഗർഭ ബങ്കറുകളിലും ആണവ കേന്ദ്രങ്ങളിലുമൊക്കെ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്തതാണു ബങ്കർ ബസ്റ്ററുകൾ.
ബോയിങ്ങാണു എംഒപിയുടെ നിർമാതാക്കൾ. ഉന്നത ശക്തിയുള്ള സ്റ്റീലിൽ നിർമിച്ച ഒരു കേസിങ് ഈ ബോംബിനെച്ചുറ്റിയുണ്ട്. പാറകളിലൂടെയും കോൺക്രീറ്റിലൂടെയും ഊർന്നിറങ്ങാൻ ഈ സ്റ്റീൽ ആവരണം സഹായിക്കും. 2400 കിലോ ഭാരമുള്ള സ്ഫോടകവസ്തുക്കളും ഇതിനു വഹിക്കാം. ഡിലേയ്ഡ് ആക്ഷൻ ഡിറ്റൊണേഷൻ സിസ്റ്റം എന്ന ജ്വലന സംവിധാനമാണ് ഈ ബോംബിലുള്ളത്. ഭൂഗർഭ അറകളിലേക്കും ടണലുകളിലേക്കും ഊർന്നിറങ്ങി പ്രവേശിച്ചശേഷം സ്ഫോടനം നടക്കുന്ന രീതിയാണ് ഇത്. നശീകരണത്തിന്റെ തോത് കൂട്ടാൻ ഇതുമൂലം സാധിക്കുന്നു.

എംഒപിയുടെ വികസനം നോർത്രോപ് ഗ്രമ്മൻ, ലോക്ഹീഡ് മാർട്ടിൻ എന്നീ കമ്പനികളാണു നടത്തിയിരുന്നത്. 2000ൽ ആയിരുന്നു ഇത്. എന്നാൽ സാങ്കേതികപരവും സാമ്പത്തികപരവുമായ പ്രതിസന്ധി ഉടലെടുത്തതോടെ ഇതു താൽകാലികമായി നിർത്തി. പിന്നീട് ഡിഫൻസ് ത്രെറ്റ് റിഡക്ഷൻ ഏജൻസിയും യുഎസ് എയർഫോഴ്സ് റിസർച് ലബോറട്ടറിയും ചേർന്നാണ് ഇതു വികസിപ്പിച്ചെടുത്തത്.