മൊസാദിന്റെ തൂക്കിലേറ്റപ്പെട്ട ആ ചാരൻ, കാരണമായത് അശ്രദ്ധ; ശേഷിപ്പുകൾ ലഭിക്കാൻ 6 പതിറ്റാണ്ട്!
.jpg?w=1120&h=583)
Mail This Article
എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ചാരസംഘടനയാണ് ഇസ്രയേലിന്‌റെ മൊസാദ്. ഇറാനിൽ കഴിഞ്ഞദിവസം ഇസ്രയേൽ നടത്തിയ ആക്രമണത്തിലും ഇവരുടെ പങ്ക് വലിയ ചർച്ചയായിരുന്നു. മൊസാദിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ ചാരനാണ് എലി കോഹൻ. കോഹനെ സിറിയയിൽ തൂക്കിലേറ്റുകയായിരുന്നു. അറുപതു വർഷങ്ങൾക്കു ശേഷം കഴിഞ്ഞ മാസമാണ് കോഹന്റെ സ്വകാര്യ ഉപയോഗ വസ്തുക്കളും മറ്റു ശേഖരങ്ങളുമൊക്കെ സിറിയയിൽ നിന്ന് ഇസ്രയേലിനു ലഭിച്ചത്.
കോഹനെ പിടികൂടിയ സമയത്തു സിറിയൻ ഇന്‌റലിജൻസ് അധികൃതർ ശേഖരിച്ചതായിരുന്നു ഇവ. സിറിയയിൽ നിന്നുള്ള ജൂത ദമ്പതികളുടെ മകനായിരുന്നു കോഹൻ. അറബി, ഇംഗ്ലിഷ്, ഫ്രഞ്ച് ഭാഷകളിലുള്ള പ്രാവീണ്യം കോഹനുണ്ടായിരുന്നു.ഇസ്രയേലിൽ എത്തിയ ശേഷം അവിടത്തെ സൈന്യത്തിന്റെ ഇന്റലിജൻസ് വിഭാഗത്തിൽ ചേരാൻ കോഹൻ ശ്രമിച്ചെങ്കിലും നടന്നില്ല.എന്നാൽ അറുപതുകളിൽ ഇസ്രയേലും സിറിയയും തമ്മിലുള്ള അതിർത്തിപ്രശ്‌നങ്ങളും തർക്കങ്ങളും രൂക്ഷമായി.
ആറുമാസം ശക്തമായ പരിശീലനം
ഇതോടെ സിറിയയെ ശക്തമായ ചാരവലയത്തിൽ കൊണ്ടുവരാൻ ഇസ്രയേൽ പദ്ധതിയിട്ടു. സിറിയൻ വേരുകളും ഭാഷാരീതികളും വശമുള്ള കോഹന് അവസരം ഒരുങ്ങുകയായിരുന്നു. മൊസാദ് കോഹനെ നിയമിച്ചു. ആറുമാസം ശക്തമായ പരിശീലനം നൽകിയ ശേഷം അർജന്റീനിയൻ തലസ്ഥാനം ബ്യൂണസ് ഐറിസിലേക്കാണ് അവർ അയാളെ അയച്ചത്. അർജന്റീനയിൽ ഉണ്ടായിരുന്ന പ്രബലമായ സിറിയൻ പ്രവാസിസമൂഹത്തിന്റെ വിശ്വാസം ആർജിക്കലായിരുന്നു കോഹന്റെ പ്രധാനലക്ഷ്യം.കമാൽ അമീൻ താബെറ്റ് എന്ന പേരിൽ കോഹൻ സിറിയയിലെത്തി.

ആളുകളുമായി ചങ്ങാത്തത്തിലാകാൻ കോഹന് വല്ലാത്ത പാടവമായിരുന്നു.അർജന്റീനയിലെ സിറിയൻ പ്രവാസി സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളുടെ ഇഷ്ടം ഇതിനിടെ കോഹൻ വേണ്ടരീതിയിൽ സമ്പാദിച്ചു. സിറിയയിലേക്ക് തിരിച്ചുപോകുകയാണ് തന്റെ ആഗ്രഹമെന്നൊക്കെ ഇടയ്ക്ക് ഇവരോട് കോഹൻ അഥവാ താബെറ്റ് പറഞ്ഞു.

ഇതിന്റെ ഫലമായി 1962ൽ സിറിയൻ തലസ്ഥാനം ഡമാസ്‌കസിലേക്കു പോകാൻ കോഹന് അവസരമൊരുങ്ങി. കോഹനെ പ്രകീർത്തിച്ചുള്ള ഒട്ടേറെ ശുപാർശക്കത്തുകളും പരിചയക്കുറിപ്പുകളും അർജന്റീനയിലെ പ്രവാസി സമൂഹം അയാൾക്കു നൽകിയിരുന്നു.
സമ്പന്നന്റെ പകിട്ടാർന്ന ജീവിതം
സിറിയയിൽ എത്തിയ ശേഷം ഒരു സമ്പന്നന്റെ പകിട്ടാർന്ന ജീവിതം കോഹൻ മുന്നോട്ടു കൊണ്ടുപോയി. അദ്ദേഹത്തിന്റെ അവിടത്തെ ഗൃഹത്തിൽ മിക്കപ്പോഴും പാർട്ടികൾ നടന്നു. ഡമാസ്‌കസിലെ പ്രധാന വ്യക്തികളും ഉന്നത നയതന്ത്ര, മിലിട്ടറി ഓഫിസർമാരുമൊക്കെ കോഹന്റെ ക്ഷണം സ്വീകരിച്ച് ഈ പാർട്ടികൾക്കെത്തി. ഇവരുമായുണ്ടാക്കിയ പരിചയവും സൗഹൃദവും മൂലം വിലപ്പെട്ട സൈനികരഹസ്യങ്ങളും മറ്റും കോഹന്റെ ചെവിയിലെത്തി.
ഇതേ സൗഹൃദം രാജ്യത്തെ സൈനിക കേന്ദ്രങ്ങൾ സന്ദർശിക്കാനും കോഹനു തുണയായി. അന്ന് സിറിയയിലെ തന്ത്രപ്രധാന കേന്ദ്രമായ ഗോലാൻ കുന്നുകൾ വരെ ഇപ്രകാരം കോഹൻ സന്ദർശിച്ചു.അർജന്റീനയിൽ ഉള്ളകാലത്ത് തന്നെയാണ് അന്നത്തെ സിറിയയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥനായ അമീൻ അൽ ഹാഫീസുമായി കോഹൻ സൗഹൃദത്തിലാകുന്നത്.

അന്നു സിറിയ ഭരിച്ച സർക്കാരിന്റെ ഇഷ്ടക്കേട് സമ്പാദിച്ച അമീനെ അർജന്റീനയിൽ ഒരു മിലിട്ടറി അറ്റാഷെ എന്ന പദവിയിൽ നല്ല നടപ്പിനു വിട്ടിരിക്കുകയായിരുന്നു. എന്നാൽ 1963ൽ ബാത്തിസ്റ്റ് പാർട്ടിയുടെ സഹായത്തോടെ ഹാഫീസ് സിറിയയിലെ അന്നത്തെ സർക്കാരിനെ മറിച്ചിടുകയും പിന്നീട് രാജ്യത്തെ പ്രസിഡന്റ് ആയി മാറുകയും ചെയ്തു. ഇതോടെ കോഹന്റെ വസന്തകാലവും തുടങ്ങി.
അശ്രദ്ധ എന്ന വലിയ ന്യൂനത
കോഹനെ സിറിയയുടെ പ്രതിരോധമന്ത്രിയാക്കാൻ പോലും ഹാഫീസ് ഇടക്കാലത്ത് ആലോചിച്ചിരുന്നു എന്നുള്ളത് ഈ സൗഹൃദത്തിന്റെ തെളിവായിരുന്നു.ഇതോടൊപ്പം തന്നെ സിറിയയിൽ നിന്നുള്ള രഹസ്യവിവരങ്ങൾ ടെലിഗ്രാം വഴിയും പാഴ്‌സലുകൾ മുഖേനയും ഇസ്രയേലിൽ കൃത്യമായി എത്തുകയും ചെയ്തു.സിറിയൻ പ്രസിഡന്റുമായുള്ള സൗഹൃദവും മൊസാദിൽ മറ്റാരെക്കൊണ്ടും സാധിക്കാൻ പറ്റിയിട്ടില്ലാത്ത നേട്ടങ്ങളും കോഹനെ ഇസ്രയേലി ചാരവൃത്തങ്ങളിൽ ഒരു സൂപ്പർസ്റ്റാറാക്കി മാറ്റിയിരുന്നു. എന്നാൽ പ്രവർത്തനത്തിലെ മികവിനൊപ്പം തന്നെ അദ്ദേഹത്തിനൊരു ന്യൂനതയുമുണ്ടായിരുന്നു... അശ്രദ്ധ.

എല്ലാ ദിവസവും ഒരേ സമയത്തായിരുന്നു അദ്ദേഹം ഇസ്രയേലിലേക്കു ടെലിഗ്രാം സന്ദേശങ്ങൾ അയച്ചിരുന്നത്. ഇതു സംശയത്തിനിടയാക്കും എന്നു മൊസാദ് അദ്ദേഹത്തെ ഉപദേശിച്ചെങ്കിലും കോഹൻ ഈ രീതി തുടർന്നു. ഒടുവിൽ സിറിയ ചതി മനസ്സിലാക്കുക തന്നെ ചെയ്തു. അവർ കോഹന്റെ സന്ദേശങ്ങൾ പരിശോധിക്കാൻ തുടങ്ങി. 1965ൽ ഇസ്രയേലി കേന്ദ്രത്തിലേക്ക് സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കെ ഡമാസ്‌കസിലെ കോഹന്റെ വസതിയിലേക്ക് സിറിയൻ സൈനികർ ഇരച്ചുകയറി. തൊണ്ടിയടക്കം കോഹൻ പിടിക്കപ്പെട്ടു.
വലിയ രാജ്യാന്തര ശ്രദ്ധ നേടി ആ അറസ്റ്റ്. വധശിക്ഷ ഏകദേശം ഉറപ്പായി. ഇസ്രയേലും ചില യൂറോപ്യൻ രാജ്യങ്ങളും കോഹനെ കൊല്ലരുതെന്ന് സിറിയയോട് ശക്തമായി ആവശ്യപ്പെട്ടെങ്കിലും അവർ ചെവിക്കൊണ്ടില്ല.1965 മേയ് 19ന് എലി കോഹൻ ഡമാസ്‌കസ് നഗരത്തിൽ തൂക്കിലേറ്റപ്പെട്ടു. 2019ൽ പുറത്തിറങ്ങിയ ദ് സ്‌പൈ എന്ന മിനി സീരീസിൽ കോഹൻ പരാമർശിക്കപ്പെടുന്നുണ്ട്.