ഉറി കരസേനാ താവളത്തിലെ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയത് കൃത്യമായ മുന്നൊരുക്കത്തോടെയാണ്. ഉറിയിലെ സേനാതാവളം ആക്രമിച്ചതിനോട് വൈകാരികമായി പ്രതികരിക്കാതെ, വ്യക്തമായി ആസൂത്രണം ചെയ്ത ശേഷമായിരുന്നു ഇന്ത്യയുടെ സൈനിക നീക്കം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം.
ഇന്ത്യന്‍ ജെയിംസ് ബോണ്ട് എന്നറിയപ്പെടുന്ന അജിത് കുമാര്‍ ഡോവൽ നേരത്തെയും നിരവധി ആക്രമണങ്ങൾക്കും ദൗത്യങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. മോദിയുടെ വലംകൈ ആയ ഡോവലിനെയാണ് സൈനിക നടപടികള്‍ ഏകോപിപ്പിക്കാനായി ഏല്‍പ്പിച്ചിരിക്കുന്നത്. എല്ലാം രഹസ്യമാക്കി വയ്ക്കാൻ ഡോവലിനു സാധിച്ചു. ദിവസങ്ങൾക്ക് മുൻപെ തുടങ്ങിയ നീക്കങ്ങൾ പുറംലോകം അറിഞ്ഞില്ല. ഡോവലിന്റെ കൃത്യമായ പദ്ധതികൾ കമാൻഡോകൾ നടപ്പിലാക്കി.
അജിത് ഡോവലിനെ കുറിച്ച് നേരത്തെ തന്നെ നിരവധി രഹസ്യ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അജിത് ഡോവൽ മുസ്ലിം വേഷത്തിൽ ഏഴു വർഷത്തോളം പാക്കിസ്ഥാനിൽ ചാരനായി പ്രവർത്തിച്ചിട്ടുണ്ട്. റോയ്ക്ക് വേണ്ടി പാക്കിസ്ഥാനിലെ തന്ത്രപ്രധാന വിവരങ്ങളെല്ലാം ഡോവൽ ഇന്ത്യയിലേക്ക് കൈമാറിയിരുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിനെ തിരിച്ചു ഇന്ത്യയിൽ കൊണ്ടുവരാനുളള നീക്കം നടത്തിയതും ഡോവലായിരുന്നു. ആറു വർഷം പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈകമ്മീഷണറായും ഡോവൽ പ്രവർത്തിച്ചു.
പാക്കിസ്ഥാനിലെ ഓരോ വഴികളും കൃത്യമായി മനസ്സിലാക്കിയ വ്യക്തിയാണ് ഡോവൽ. ഇക്കാര്യം ഇപ്പോൾ പാക്കിസ്ഥാനും അറിയാം. രാജ്യത്തിനു വേണ്ടി ചാരപ്രവർത്തനം നടത്തിയ വ്യക്തി ആദ്യമായിട്ടാണ് ദേശീയ സുരക്ഷാ ഉപദേഷ്ടവാകുന്നത്. 1968ൽ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായാണ് ഡോവൽ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 33 വർഷം രഹസ്യാന്വേഷണ വിഭാഗത്തിനൊപ്പം ചേർന്നു പ്രവർത്തിച്ചു.
അമൃത്്സറിലെ സുവർണ ക്ഷേത്രത്തിലെ ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിനു പിന്നിൽ അജിത് ഡോവലിന്റെ ബുദ്ധിയായിരുന്നു. അന്ന് ഐഎസ്ഐ ചാരനെ പിടികൂടിയ ഡോവൽ ചാരന്റെ വേഷത്തിൽ സുവർണ ക്ഷേത്രത്തിലെത്തി കാര്യങ്ങൾ നിര്‍വഹിച്ചു.
മിസോറാം നാഷണൽ ഫ്രണ്ടിൽ നുഴഞ്ഞു കയറിയും അജിത് ഡോവൽ ആക്രമണം നടത്തിയിട്ടുണ്ട്. അവരിൽ ഒരാളായി ചേർന്നാണ് അന്ന് ആക്രമണം നടത്തിയത്. 1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിൽ ഭീകരരുമായി വിലപേശൽ നടത്തിയത് ഡോവലായിരുന്നു. രണ്ടു വർഷം ഇറാഖിൽ നിന്ന് നഴ്സുമാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സഹായിച്ചതും ഡോവലിന്റെ നീക്കങ്ങളായിരുന്നു.