sections
MORE

റഫാലിന് മോദി സര്‍ക്കാർ നൽകിയത് 40% കൂടുതൽ വില, കണക്കുകൾ ഇങ്ങനെ...

narendra-modi-rafale
SHARE

കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടാന്‍ തയാറാവാതിരുന്ന റഫാല്‍ കരാറിന്റെ വിശദാംശങ്ങള്‍ ഒടുവില്‍ പുറത്താകുന്നു. 2012ല്‍ യുപിഎ സർക്കാർ കാലത്ത് ഉണ്ടായിരുന്ന റഫാൽ കരാറിനെ അപേക്ഷിച്ച് 2016ലെ കരാറില്‍ 40 ശതമാനം അധിക ബാധ്യത വന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ കണക്കുകൾ സഹിതം റിപ്പോര്‍ട്ടു ചെയ്യുന്നത്. വിമാനങ്ങളുടെ വില ഉള്‍പ്പെടെ റഫാല്‍ കരാറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അടുത്തമാസം പത്തിനകം സമര്‍പ്പിക്കണെമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

2012ല്‍ ഡാസോള്‍ട്ട് 155 ദശലക്ഷം യൂറോക്ക് (ഏകദേശം 1273.70 കോടി രൂപയ്ക്ക്) മീഡിയം മൾട്ടി–റോൾ കോംപാറ്റ് എയർക്രാഫ്റ്റ് ( എംഎംആർസിഎ ) എയര്‍ക്രാഫ്റ്റ് നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതേ വിവിധോദ്ദേശ മധ്യദൂര പോര്‍വിമാനങ്ങള്‍ ഓരോന്നിനും 217 ദശലക്ഷം ഡോളറിന് (ഏകദേശം 1766.74 കോടി രൂപ) കൈമാറാമെന്ന കരാറാണ് 2016ല്‍ മോദി സര്‍ക്കാര്‍ ഒപ്പുവെച്ചത്. 2012 ലെ പ്രതിരോധ ഇടപാടില്‍ ഇടനിലക്കാരായിരുന്ന രണ്ട് മുതിര്‍ന്ന പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

2012ല്‍ ആകെ 19.5 ബില്യൻ യൂറോക്ക് 126 റഫാല്‍ പോര്‍വിമാനങ്ങളാണ് ഡാസോള്‍ട്ട് ഇന്ത്യക്ക് നല്‍കാമെന്നേറ്റിരുന്നത്. പോര്‍വിമാനത്തിനൊപ്പം സാങ്കേതികവിദ്യയുടെ കൈമാറ്റം, ആയുധങ്ങള്‍, അത്യാവശ്യം മാറ്റേണ്ടി വരുന്ന ഭാഗങ്ങള്‍, അറ്റകുറ്റപ്പണികള്‍ എന്നിവയും കരാറിന്റെ ഭാഗമായിരുന്നു. ഈ കരാര്‍ പ്രകാരം ഓരോ റഫാല്‍ പോര്‍വിമാനത്തിനും 155 ദശലക്ഷം യൂറോയാണ് വിലയുണ്ടായിരുന്നത്. 2012ലെ വിനിമയ നിരക്ക് പ്രകാരം ഓരോ പോര്‍വിമാനത്തിനും ഏകദേശം 1000 കോടി രൂപയാണ് വിലയുണ്ടായിരുന്നത്. 

2012ലെ കരാര്‍ പ്രകാരം 18 റഫാല്‍ വിമാനങ്ങളാണ് ഫ്രാന്‍സില്‍ നിര്‍മിക്കുക. പൂര്‍ണ്ണ സജ്ജമാക്കിയ ശേഷം ഇവ ഇന്ത്യയ്ക്ക് കൈമാറും. ബാക്കിയുള്ള 108 പോര്‍വിമാനങ്ങളും ഇന്ത്യയിലാണ് നിര്‍മിക്കുക. ഡാസോള്‍ട്ടിന്റെ സാങ്കേതിക സഹായത്തോടെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡായിരിക്കും ഇവ നിര്‍മിക്കുക. ഇതായിരുന്നു അന്ന് നടക്കാതെ പോയ കരാർ ചർച്ചകൾ.

എന്‍ഡിഎ കരാര്‍ പ്രകാരം 36 റഫാല്‍ പോർ വിമാനങ്ങളാണ് പൂര്‍ണ്ണമായും സജ്ജമായ ശേഷം ഡാസോള്‍ട്ട് കൈമാറുക. ഇതിനു മാത്രം 7.8 ബില്യണ്‍ യൂറോ നല്‍കണം. അതായത് ഓരോ പോര്‍വിമാനത്തിനും ഏകദേശം 217 ദശലക്ഷം യൂറോ. ഇത് 2012ലെ കരാറനേക്കാള്‍ 40 ശതമാനം കൂടുതലാണിത്. 2016 ലെ കറന്‍സി വിനിമയ നിരക്കുകള്‍ക്കനുസരിച്ച് കണക്കാക്കിയാല്‍ പോലും ഒരു റഫാല്‍ പോര്‍വിമാനത്തിന് ഏകദേശം 1,600 കോടി രൂപവരും. 

എന്‍ഡിഎ കാലത്തെ കരാറിനെതിരെ ഉയരുന്ന മറ്റൊരു സുപ്രധാന ആരോപണം എച്ച്എഎല്ലിനെ ഒഴിവാക്കിയെന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തെ ഒഴിവാക്കിയെന്ന് മാത്രമല്ല റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് എന്ന അനില്‍ അംബാനിയുടെ കമ്പനിക്ക് അനുബന്ധ കരാര്‍ നല്‍കുകയും ചെയ്തു. എന്‍ഡിഎ സര്‍ക്കാര്‍ കരാറിലൊപ്പുവെക്കുന്നതിന് വെറും പത്ത് ദിവസം മുൻപ് മാത്രം രൂപീകരിച്ച റിലയന്‍സ് റിഫൈന്‍സ് ലിമിറ്റഡിന് ഇത്തരം സുപ്രധാന കരാര്‍ കൈമാറുന്നത് അഴിമതിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 

അതേസമയം, ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് എന്‍ഡിഎ സര്‍ക്കാരും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ഇതുവരെ ചെയ്തത്. 2016ലെ കരാറില്‍ പോര്‍വിമാനങ്ങള്‍ക്ക് മുന്‍ കരാറിനെ അപേക്ഷിച്ച് 20 ശതമാനം കുറവാണെന്നായിരുന്നു ഇവരുടെ വാദം. പോര്‍വിമാനത്തിന് ആവശ്യമായ ആയുധങ്ങളും അനുബന്ധ സാധനങ്ങളും അറ്റകുറ്റപണികള്‍ക്കുള്ള ചിലവും ഉള്‍പ്പെടുത്തിയില്ലെന്നായിരുന്നു മുന്‍ കരാറിന്റെ പോരായ്മയായി പറഞ്ഞിരുന്നത്. എന്നാല്‍ 2012ലെ കരാറില്‍ ഇത്തരം വസ്തുതകള്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
FROM ONMANORAMA