sections
MORE

12നാൾ തിരഞ്ഞത് മുങ്ങിക്കപ്പൽ, കണ്ടെത്തിയത് ടൈറ്റാനിക്

titanic-3
SHARE

ടൈറ്റാനിക്കിനെ കടലിനടിയില്‍ നിന്നും കണ്ടെത്താനുള്ള ദൗത്യത്തിന്റെ യഥാര്‍ഥ ലക്ഷ്യം സോവിയറ്റ് യൂണിയനെ കബളിപ്പിക്കലായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ടൈറ്റാനിക്കിനെ കണ്ടെത്തുന്നതിനായി അമേരിക്കന്‍ നാവികസേനയാണ് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നത്. യഥാര്‍ഥത്തില്‍ ടൈറ്റാനിക്കിന്റെ മറവില്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിപ്പോയ രണ്ട് മുങ്ങിക്കപ്പലുകളെ തേടുകയായിരുന്നു യുഎസ് നാവികസേനയെന്നാണ് വെളിപ്പെടുത്തല്‍. 

1912 ഏപ്രില്‍ 15നാണ് ആഢംബരകപ്പലായ ടൈറ്റാനിക് ഉത്തര അത്‌ലാന്റിക് സമുദ്രത്തില്‍ വെച്ച് മഞ്ഞുമലയിലിടിച്ച് മുങ്ങുന്നത്. മുങ്ങില്ലെന്ന് വിശ്വസിച്ചിരുന്ന ടൈറ്റാനിക് ആദ്യ യാത്രയില്‍ തന്നെ തകര്‍ന്നത് ലോകം ഞെട്ടലോടെയാണ് അറിഞ്ഞത്. പിന്നീട് പതിറ്റാണ്ടുകള്‍ക്ക് ശേഷം 1985ലായിരുന്നു റോബര്‍ട്ട് ബെല്ലാര്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘം ടൈറ്റാനിക്കിനെ സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും കണ്ടെത്തി ലോകത്തിന് മുന്നിലെത്തിച്ചത്.

ഈ കണ്ടെത്തലിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുൻപ് സമുദ്രശാസ്ത്രജ്ഞനായിരുന്ന റോബര്‍ട്ട് ബെല്ലാര്‍ഡ് നാവികസേനയിലെ ഇന്റലിജന്‍സ് ഓഫീസര്‍ കൂടിയായിരുന്നു. ആഴക്കടലില്‍ നിരീക്ഷണത്തിനായി റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രവും അദ്ദേഹം സ്വന്തമായി കണ്ടെത്തിയിരുന്നു. റോബര്‍ട്ട് ബെല്ലാര്‍ഡിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കടലില്‍ മുങ്ങിയ ടൈറ്റാനിക് കണ്ടെത്തുകയെന്നത്. അതിനായി അദ്ദേഹം പല ശ്രമങ്ങളും പഠനങ്ങളും നടത്തിയെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ അലട്ടി. 

underwater-footage-of-titanics

അമേരിക്കന്‍ നാവികസേനയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് ഓപ്പറേഷന്‍സ് റൊണാള്‍ഡ് തുന്‍മാനും ഇക്കാര്യം അറിഞ്ഞു. ബെല്ലാര്‍ഡിന്റെ ടൈറ്റാനിക് പര്യവേഷണത്തിന് അമേരിക്കന്‍ നാവിക സേന പണം മുടക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഒരൊറ്റ നിബന്ധന മാത്രം ടൈറ്റാനിക് കണ്ടെത്തുന്നതിന് മുൻപ് അത്‌ലാറ്റിക്കില്‍ മുങ്ങിയ അമേരിക്കയുടെ രണ്ട് ആണവ മുങ്ങിക്കപ്പലുകള്‍ കൂടി കണ്ടെത്തണം. 

സ്വപ്‌നം കണ്ടിട്ടുപോലുമില്ലാത്ത വാഗ്ദാനം മുന്നില്‍ വന്നു നിന്നപ്പോള്‍ ബെല്ലാര്‍ഡ് അത് രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. അമേരിക്കന്‍ നാവികസേനക്ക് വലിയ തലവേദന സൃഷ്ടിച്ച സംഭവമായിരുന്നു രണ്ട് ആണവ മുങ്ങിക്കപ്പലുകള്‍ അറ്റ്ലാന്റിക്കില്‍ മുങ്ങിയ സംഭവം. ശീതസമരം കൊടുമ്പിരിയില്‍ നില്‍ക്കുന്നതിനാല്‍ യുഎസ് നാവികസേന എന്തെങ്കിലും തിരച്ചിലിന് മുതിര്‍ന്നാല്‍ ആദ്യം സോവിയറ്റ് സൈന്യം അറിയും. ഇതിനെ മറികടക്കാനായിരുന്നു ടൈറ്റാനിക് ദൗത്യത്തെ ഉപയോഗിച്ചത്. 

1963 ഏപ്രില്‍ പത്തിന് മുങ്ങിയ യുഎസ്എസ് ട്രഷററിലുണ്ടായിരുന്ന 129 സൈനികരും കൊല്ലപ്പെട്ടിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 99 യുഎസ് നാവികരുടെ മരണത്തിനിടയാക്കിയ സംഭവമാണ് യുഎസ്എസ്് സ്‌കോര്‍പിയണ്‍ ദുരന്തം. ഈ രണ്ട് മുങ്ങിക്കപ്പലുകളും അത്‌ലാന്റിക് സമുദ്രത്തിലായിരുന്നു മുങ്ങിയത്. ഈ മുങ്ങിക്കപ്പലുകളെ ആഴക്കടലില്‍ കണ്ടെത്തിയാല്‍ ടൈറ്റാനിക് കണ്ടെത്താന്‍ പണം മുടക്കുമെന്നതായിരുന്നു കരാര്‍. 

നിശ്ചിത ദിവസത്തേക്ക് മാത്രമേ ദൗത്യം നടത്താന്‍ യുഎസ് നാവികസേന പണം നല്‍കൂ എന്നതായിരുന്നു പ്രധാന വെല്ലുവിളി. പ്രതീക്ഷിച്ചതിലും വൈകിയെങ്കിലും ദൗത്യം തീരാന്‍ 12 ദിവസങ്ങളുള്ളപ്പോള്‍ രണ്ട് യുഎസ് ആണവ മുങ്ങിക്കപ്പലുകളെയും ബെല്ലാര്‍ഡും സംഘവും കണ്ടെത്തി. അപ്പോഴും വെല്ലുവിളികള്‍ ബാക്കിയായിരുന്നു. പല ദൗത്യസംഘങ്ങളും മാസങ്ങളെടുത്ത് ശ്രമിച്ചിട്ടും കണ്ടെത്താന്‍ സാധിക്കാതിരുന്ന ടൈറ്റാനിക്കിനെ കണ്ടെത്താന്‍ 12 ദിവസം മാത്രം. 

Titanic

ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഭാഗ്യത്തിന്റെ അകമ്പടി കൂടി ലഭിച്ചപ്പോള്‍ എട്ടാം ദിവസം ആഴക്കടലില്‍ ബെല്ലാര്‍ഡിന് മുന്നില്‍ ടൈറ്റാനിക് പ്രത്യക്ഷപ്പെട്ടു. പിന്നീടുള്ള നാല് ദിവസം മനുഷ്യന്‍ നിര്‍മിച്ച ഏറ്റവും മനോഹര വസ്തുക്കളിലൊന്നായ ടൈറ്റാനിക്കിനെ ചിത്രീകരിക്കാനായിരുന്നു ബെല്ലാര്‍ഡും സംഘവും ശ്രമിച്ചത്. 

ടൈറ്റാനിക്കിലേക്ക് കൂടുതല്‍ അടുക്കും തോറും ഗവേഷക സംഘത്തിന്റെ ആഹ്ലാദം മൂകതയിലേക്ക് വഴിമാറി. 'ഒരുപാട് മനുഷ്യരുടെ അന്ത്യവിശ്രമസ്ഥലം കൂടിയാണ് ഞങ്ങള്‍ മുന്നിലുള്ളതെന്ന് അറിയാമായിരുന്നു. അവരെ ആരെയും അപമാനിക്കുന്ന ഒരുപ്രവര്‍ത്തിയും ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ശാന്തമായും ബഹുമാനത്തോടെയും വിതുമ്പിക്കൊണ്ടുമൊക്കെയാണ് ഞങ്ങള്‍ ടൈറ്റാനിക്കിനെ കണ്ടത്. അവിടെ നിന്നും ഒന്നും എടുക്കില്ലെന്ന തീരുമാനവും ഞങ്ങള്‍ക്കുണ്ടായിരുന്നു' ബെല്ലാര്‍ഡ് ഓര്‍ക്കുന്നു. 

titanic-2

ഇംഗ്ലണ്ടിലെ സൗത്താംപ്ടണില്‍ നിന്നും അമേരിക്കയിലെ ന്യൂയോര്‍ക്കിലേക്ക് പോയ ടൈറ്റാനിക്കിന്റെ കന്നിയാത്രയില്‍ 2400 മനുഷ്യരാണുണ്ടായിരുന്നത്. അതില്‍ 1500ഓളം പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
FROM ONMANORAMA