sections
MORE

പുറത്തിറക്കുന്നത് 2 അത്യുഗ്രൻ മിസൈലുകൾ, പ്രതിരോധത്തില്‍ ഇന്ത്യ ലോകശക്തി!

k5-missile
SHARE

അടുത്തവര്‍ഷം തുടക്കത്തില്‍ തന്നെ പ്രതിരോധ രംഗത്ത് കുതിച്ചുചാട്ടം നടത്താനൊരുങ്ങുകയാണ് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ. കരയില്‍ നിന്നും കരയിലേക്ക് വിക്ഷേപിക്കാവുന്ന 5000 കിലോമീറ്റര്‍ പരിധിയുള്ള അഗ്നി 5 മിസൈലിനൊപ്പം കെ 5 മിസൈല്‍ കൂടി പരീക്ഷിക്കപ്പെടും. അന്തര്‍വാഹിനികളില്‍ നിന്നും തൊടുക്കാന്‍ കഴിയുന്ന ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലായ കെ 5വിന്റെ കന്നി പരീക്ഷണമായിരിക്കുമിത്. ഈ രണ്ടു മിസൈലുകളും വിജയിക്കുന്നതോടെ ഇന്ത്യ ലോകശക്തി രാജ്യങ്ങളുടെ പട്ടികയിൽ മുന്നിലെത്തും. 

അതീവരഹസ്യമായ കെ സീരീസ് പ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ് കെ 5 മിസൈലിന്റെ നിര്‍മാണം. ഒരു ടണ്‍ വരെയുള്ള അണ്വായുധങ്ങളേയും വഹിച്ച് 5000 കിലോമീറ്റര്‍ വരെ സഞ്ചരിച്ച് ലക്ഷ്യത്തിലെത്താന്‍ ഇവയ്ക്കാകും. റഡാറുകളെ കബളിപ്പിക്കാനുള്ള ശേഷിയുണ്ടെന്നത് ഈ മൂന്ന് ഘട്ട മിസൈലിനെ കൂടുതല്‍ അപകടകാരിയാക്കുന്നു. 

നേരത്തെ തന്നെ കെ സീരീസില്‍ മിസൈലുകള്‍ ഇന്ത്യ നിര്‍മിച്ചിരുന്നു. 750 കിലോമീറ്റര്‍ പരിധിയുള്ള കെ 15, 3500 കിലോമീറ്റര്‍ പരിധിയുള്ള കെ 4 എന്നീ മിസൈലുകള്‍ പലതവണ വിജയകരമായി പരീക്ഷിക്കുകയും ചെയ്തിരുന്നു. കെ 5 മിസൈല്‍ കൂടിയെത്തുന്നതോടെ പ്രതിരോധരംഗത്ത് ഇന്ത്യ കൂടുതല്‍ കരുത്തരാകുമെന്നാണ് കരുതപ്പെടുന്നത്. ചൈനക്കെതിരായ പ്രതിരോധ മുന്‍കരുതലുകളില്‍ പ്രധാനമാണ് കെ 5വിന്റെ നിര്‍മാണമെന്നാണ് കരുതപ്പെടുന്നത്. 

ബംഗാള്‍ ഉള്‍ക്കടലില്‍ വിശാഖപട്ടണം തീരത്തോട് ചേര്‍ന്നായിരിക്കും കെ 5 മിസൈലിന്റെ പരീക്ഷണം നടത്തുക. കെ 5 മിസൈലുകളുടെ പരീക്ഷണം വിജയിച്ചാല്‍ കെ 6 മിസൈലുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. കൂടുതല്‍ ദൂരപരിധിയും അപകടകാരിയുമായിരിക്കും കെ 6 മിസൈലുകള്‍. പലഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷണങ്ങള്‍ക്കുശേഷമായിരിക്കും ഇവ അന്തര്‍വാഹിനികളില്‍ ഘടിപ്പിക്കുക.

നിര്‍മാണത്തിലിരിക്കുന്ന എസ് 4 ആണവ അന്തര്‍വാഹിനിയിലായിരിക്കും കെ 5 മിസൈലുകള്‍ ഘടിപ്പിക്കുക. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച അന്തര്‍വാഹിനി ഐഎന്‍എസ് അരിഹന്തില്‍ കെ 15, കെ 4 മിസൈലുകള്‍ ഘടിപ്പിക്കും. അരിഹന്ത് അടുത്തിടെ വിജയകരമായി സമുദ്ര നിരീക്ഷണ ഓട്ടം നടത്തി തിരിച്ചെത്തിയിരുന്നു. കെ 5 മിസൈലിന്റെ പരീക്ഷണത്തിന് മുന്നോടിയായി കരയില്‍ നിന്നും കരയിലേക്ക് വിക്ഷേപിക്കാവുന്ന ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണവും ഡിആര്‍ഡിഒ നടത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
FROM ONMANORAMA