sections
MORE

ഭീകരർ ഇന്ത്യയിൽ എത്തിയത് അത്യാധുനിക സംവിധാനങ്ങളുമായി

unknown-gunmen
SHARE

പുൽവാമ ആക്രമണത്തിനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് ഇന്ത്യയിലേക്കു കടക്കാൻ ഭീകരർ ഉപയോഗിച്ചത് പാക്കിസ്ഥാനിൽനിന്നു ലഭിച്ച സാങ്കേതികവിദ്യകളാണെന്നു സൂചന. ഡാർക്ക് വെബിൽ മാത്രം ലഭ്യമായ വൈഎസ്എംഎസ് എന്ന ആപ്പാണ് ഭീകരർ ഉപയോഗിച്ചതെന്നും മൊബൈൽ ആപ്, സിം കാർഡ് ആവശ്യമില്ലാത്ത മൊബൈൽ ഫോൺ, ടവറിന്റെ സഹായമില്ലാതെ ഫോൺവിളികൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്തിയാവണം ഭീകരർ തന്ത്രങ്ങൾ മെനഞ്ഞതെന്നും സൂചനകളുണ്ട്.

സാങ്കേതികവിദ്യയിലുള്ള മാറ്റങ്ങളാണ് ഇപ്പോൾ നമ്മുടെ രഹസ്യാന്വേഷണ ഏജൻസികളെ വലയ്ക്കുന്നത്. ഫോൺ സംഭാഷണങ്ങൾ ചോർത്തി നുഴഞ്ഞുകയറ്റത്തിന്റെ വിവരങ്ങൾ ശേഖരിക്കുന്നതാണു വെല്ലുവിളി. അത്യാധുനിക ഉപകരണങ്ങളുമായി അതിർത്തി കടന്നെത്തുന്ന ഭീകരരെ നേരിടാൻ പുതിയ വഴികൾ തിരയുകയാണ് സൈന്യത്തിന്റെ സാങ്കേതികവിഭാഗം.

രണ്ടര വർഷം മുൻപ് റാഫിയാബാദ് പ്രദേശത്തുനിന്നു പിടികൂടിയ സജ്ജാദ് അഹമ്മദ് എന്ന പാക്ക് ഭീകരനെ ചോദ്യം ചെയ്തപ്പോഴാണ് ഈ സാങ്കേതികവിദ്യയെക്കുറിച്ചു ആദ്യം അറിയുന്നത്. ഒരു സ്മാർട്‌ ഫോൺ സെറ്റും റേഡിയോയും മാത്രമാണ് ഈ വിവരവിനിമയവിദ്യയ്ക്കു വേണ്ടത്. മൊബൈൽ ഫോണിൽ സിം കാർഡ് ആവശ്യമില്ല. അതുകൊണ്ടുതന്നെ പോകുന്ന വഴികളിൽ മൊബൈൽ ടവറുകളോ നെറ്റ്‌വർക്ക് കവറേജോ വേണ്ട. സ്മാർട്‌ ഫോൺ സെറ്റിൽ നിന്നുള്ള സന്ദേശം വിഎച്ച്‌എഫ് (വെരി ഹൈ ഫ്രീക്വൻസി) തരംഗങ്ങളാക്കി റേഡിയോ വഴി മറ്റു ഭീകരർക്ക് എത്തിക്കാൻ കഴിയും.

മൊബൈൽ തരംഗങ്ങൾ വിലക്കിയിട്ടുള്ള അതിർത്തിയിലെ നിയന്ത്രണരേഖ കടക്കുമ്പോഴും ഇന്ത്യയ്ക്കകത്ത് എത്തിയാലും ആരുടെയും പിടിയിൽ പെടാതെ ഭീകരർക്കു സന്ദേശങ്ങൾ പരസ്പരം കൈമാറാൻ കഴിയുന്നത് ഈ പുതിയ സാങ്കേതികവിദ്യയിലൂടെയാണെന്നു ഭീകരൻ സജ്ജാദ് അഹമ്മദ് വെളിപ്പെടുത്തിയിരുന്നു. വൈഎസ്‌എംഎസ്‌ സംവിധാനമെന്ന് അറിയപ്പെടുന്ന ഇത് ഉയർന്ന പർവതങ്ങളുടെ മുകളിലും മലയിടുക്കുകളിലുമൊക്കെ സുഗമമായി പ്രവർത്തിക്കും.

പിടികൂടുന്ന ഭീകരരിൽ പലരുടെയും കൈവശം സിം കാർഡ് ഇല്ലാത്ത സ്മാർ‌ട്‌ ഫോണുകൾ ഉണ്ടെന്ന കാര്യം പട്ടാളം നേരത്തേ കണ്ടെത്തിയിരുന്നു. എന്നാൽ അതിർത്തി കടന്ന് കശ്മീരിലെത്തി സിം കാർഡ് വാങ്ങി മൊബൈൽ ഫോൺ ഉപയോഗിക്കുകയാണ് ഇവരുടെ രീതി എന്നായിരുന്നു സൈന്യത്തിന്റെ ധാരണ. അതുകൊണ്ടുതന്നെ സിം കാർഡുകളിൽ നിന്നുള്ള തരംഗങ്ങളും മൊബൈൽ ടവറുകളും നിരീക്ഷിച്ചു ഭീകരരെ പിടികൂടാനായിരുന്നു സൈന്യത്തിന്റെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെയും ശ്രമങ്ങളും.

ന്യൂയോർക്കിൽ 2012 ഒക്ടോബറിൽ ഉണ്ടായ ചുഴലിക്കാറ്റിൽ ആശയവിനിമയ സംവിധാനങ്ങൾ പാടേ തകർന്ന നാളുകളിലാണു സിം കാർഡും ടവറുമില്ലാത്ത മൊബൈൽ ഫോണുകൾ ആദ്യമായി ഉണ്ടാക്കുന്നത്. എന്നാൽ ഭീകരർ ഉപയോഗിക്കുന്ന സ്മാർട് ഫോണുകൾ മിക്കതും യുഎസ്‌ നിർമിതമല്ല. പാക്കിസ്ഥാനിലും ചൈനയിലും മറ്റും നിർമിച്ച സ്മാർ‌ട്‌ ഫോണുകളാണ് ഭീകരരിൽ നിന്നു പിടിച്ചെടുത്തിരുന്നത്.

ഭീകരരിൽ നിന്നു പിടിച്ചെടുത്ത സ്മാർട് ഫോൺ പാക്കിസ്ഥാനിലോ ചൈനയിലോ നിർമിച്ചതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്. അൽഖായിദയിലേക്കു പുതിയ ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുമ്പോൾ മുൻഗണന നൽകുന്നതു വിവരസാങ്കേതികവിദ്യയിൽ വൈദഗ്ധ്യം ഉള്ളവർക്കാണ്. ലഷ്കറെ തയിബ വൈഎസ്എംഎസ് സംവിധാനമാണ് ഉപയോഗിക്കുന്നതെന്നു സജ്ജാദ് അഹമ്മദ് എന്ന ഭീകരർ നേരത്തെ വ്യക്തമാക്കിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA