ADVERTISEMENT

പാക്കിസ്ഥാൻ, ചൈന വെല്ലുവിളികളെ നേരിടാൻ ഇന്ത്യ ശക്തമായ വ്യോമപ്രതിരോധമാണ് തീർക്കുന്നത്. അതിർത്തി ലംഘിക്കുന്ന വ്യോമ നീക്കങ്ങളുടെ റഡാര്‍ സാന്നിധ്യമറിയാനുള്ള സാറ്റലൈറ്റാണ് ഇന്നു ഇന്ത്യ വിജയകരമായി വിക്ഷേപിച്ചത്. ഇന്ത്യയുടെ ഡിഫന്‍സ് റിസേര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) നിര്‍മിച്ച, അതി നൂതനമായ ഇലക്ട്രോണിക് ഇന്റലിജന്‍സ് സാറ്റലൈറ്റ് എമിസാറ്റ് (EMISAT) ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി–45 ലക്ഷ്യത്തിലെത്തിച്ചതോടെ ഇന്ത്യ വൻ നേട്ടമാണ് കൈവരിച്ചത്. ലോകശക്തികൾക്ക് മാത്രം കൈവശമുള്ള ബഹിരാകാശ ടെക്നോളജിയാണ് ഇന്ത്യയും സ്വന്തമാക്കിയത്.

എമിസാറ്റ് ഉപഗ്രഹത്തിന് എതിരാളികളുടെ റഡാര്‍ സിസ്റ്റങ്ങളുടെ സാമീപ്യം അറിയാന്‍ സാധിക്കുമെന്നതു കൂടാതെ, സൈനിക നീക്കങ്ങള്‍ നടത്താന്‍ സഹായിക്കുന്ന തരം ചിത്രങ്ങളും മറ്റും എടുക്കുകയും ചെയ്യും. നിലവിൽ നേത്ര വിമാനത്തില്‍ ഘടിപ്പിച്ച, ഇസ്രയേൽ നിർമിത റഡാറുകൾ ഉപയോഗിച്ചാണ് വ്യോമ നിരീക്ഷണങ്ങൾ നടത്തുന്നത്. ഇതിനേക്കാള്‍ പതിമടങ്ങ് മികച്ചതാണ് ബഹിരാകാശത്തു നിന്നുളള മുന്നറിയിപ്പ്.

എമിസാറ്റിനെ പോലെയുള്ള സൈനിക ഉപഗ്രഹങ്ങള്‍ക്ക് മൂന്നു സവിശേഷതകളാണ് ഉള്ളത്. അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ശത്രുക്കളുടെ റഡാറുകളുടെയും സെന്‍സറുകളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക. ശത്രുക്കളുടെ ഭൂപ്രദേശത്തിന്റെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുക. എത്ര വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ ഒരു സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നു തിട്ടപ്പെടുത്തുക എന്നിവയാണെന്ന് മുന്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ രവി ഗുപ്ത പറഞ്ഞു.

463 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം 763 കിലോമീറ്റര്‍ ഭ്രമണപഥത്തിനുള്ളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ഇന്ത്യയുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് പാക്കിസ്ഥാൻ, ചൈന പോലെയുള്ള ശത്രു രാജ്യങ്ങളുടെ നീക്കങ്ങള്‍ അപ്പോള്‍ തന്നെ അറിയാനുള്ള മാര്‍ഗമായിരിക്കും. ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രം മെഷർമെന്റാണ് ഉപഗ്രഹത്തിന്റെ പ്രധാന ദൗത്യം.

ഇസ്രയേലിന്റെ ചാര ഉപഗ്രഹമായ സരൾ അടിസ്ഥാനമാക്കിയാണ് ഡിആർഡിഒ എമിസാറ്റ് ഉപഗ്രഹവും നിർമിച്ചത്. കൗടല്യ എന്ന രഹസ്യ പേരിലാണ് എമിസാറ്റിലെ പേലോഡുകളുടെ നിർമാണം ഡിആർഡിഒ ലാബില്‍ നടന്നത്. 2013–14 ലെ പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ടിലാണ് എമിസാറ്റിനെ കുറിച്ച് പരാമർശം വന്നിരുന്നത്. തുടർന്ന് എട്ടുവർഷത്തിനു ശേഷമാണ് ലക്ഷ്യത്തിലെത്തുന്നത്.

കെഎ ബാൻഡിലുള്ള ആൾട്ടിമീറ്ററാണ് എമിസാറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. ഫ്രഞ്ച് ബഹിരാകാശ ഏജൻസിയാണ് ആൾട്ടിക എന്ന ഈ മീറ്റർ ടെക്നോളജി നൽകി ഇന്ത്യയെ സഹായിച്ചത്. ഏതു കാലാവസ്ഥയിലും ഭൂമിയിലെ കാഴ്ചകൾ കൃത്യമായി നിരീക്ഷിക്കാൻ കെഎ ബാൻഡ് ആൾട്ട് മീറ്ററിലൂടെ സാധിക്കും.

ഇലക്ട്രോണിക് ഉപഗ്രഹങ്ങള്‍, ഏറോസ്റ്റാറ്റുകള്‍, ഡ്രോണുകള്‍, ബലൂണുകള്‍ തുടങ്ങിയവയില്‍ ഘടിപ്പിച്ച നിരീക്ഷണോപാധികള്‍ ഉപയോഗിച്ച് ശത്രു പാളയത്തില്‍ സദാ ഒരു കണ്ണുവയ്ക്കുക എന്ന ലക്ഷ്യമാണുള്ളത്. ശത്രു രാജ്യത്തെ പ്രശ്‌ന മേഖലയിലേക്ക് കണ്ണുംനട്ടിരിക്കുകയായിരിക്കും ഇവയെല്ലാം. പക്ഷേ, ഓരോന്നിനും അവയുടെതായ ദൗർബല്യങ്ങളുണ്ട്. ഡ്രോണുകള്‍ക്ക് കുറച്ചു മണിക്കൂര്‍ മാത്രമാണ് പറക്കാനാകുക. ബലൂണുകളിലെ ഹീലിയം തീരുമ്പോള്‍ അവയുടെ പറക്കല്‍ തീരും. സാറ്റലൈറ്റുകള്‍ക്ക് സ്ഥിരമായി ഒരു സ്ഥലത്തു നില്‍ക്കാനാകില്ല. അതുകൊണ്ട് നിരവധി ഇലക്ട്രോണിക് ഉപഗ്രഹങ്ങള്‍ അയയ്ക്കുന്നത് നിരന്തരം ശത്രുനീക്കങ്ങള്‍ നിരീക്ഷണം നടത്താന്‍ അനുവദിക്കുന്നു അദ്ദേഹം പറയുന്നു.

മൊബൈല്‍ ഫോണുകള്‍ പോലെ എത്ര കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളാണ് ഒരു സ്ഥലത്തുള്ളത് എന്നതിനെക്കുറിച്ചുള്ള കണക്കെടുക്കാനും ഇത്തരം സാറ്റലൈറ്റുകള്‍ക്കാകും. പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ജെയ്ഷ് ക്യാംപിനു മുകളില്‍ ബോംബിടുന്നതിനു മുൻപ് അവിടെ 300 മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നുവെന്ന് നാഷണല്‍ ടെക്‌നിക്കല്‍ റിസേര്‍ച് ഓര്‍ഗനൈസേഷന്‍ പറഞ്ഞത് ഓര്‍ക്കുമല്ലോ. കൂടുതല്‍ പുരോഗമിച്ച സാറ്റലൈറ്റുകളാണെങ്കില്‍ രണ്ടുപേര്‍ തമ്മില്‍ ഉപകരണങ്ങളിലൂടെ നടത്തുന്ന സംഭാഷണം പോലും ഡികോഡു ചെയ്യാനുള്ള ശേഷിയള്ളവയായിരിക്കും. പക്ഷേ, ഇങ്ങനെ ഡികോഡു ചെയ്യുക എന്നത് വളരെ വിഷമംപിടിച്ച പണിയാണ്. എമിസാറ്റിനു മുൻപ്, ഐഎസ്ആര്‍ഒ ജനുവരി 24നു വിക്ഷേപിച്ച ഡിആര്‍ഡിഒ സാറ്റലൈറ്റാ മൈക്രോസാറ്റ്-ആര്‍ തകർത്തു മറ്റൊരു പരീക്ഷണം നടത്തിയിരുന്നു.

ഇപ്പേള്‍ പ്രവര്‍ത്തന സജ്ജമായ ഇന്ത്യയുടെ 47 സാറ്റലൈറ്റുകളില്‍ ആറെണ്ണം പൂര്‍ണമായും സൈന്യത്തിനായി വേണ്ടിയുള്ളതാണ്. റിസാറ്റ്-2 സാറ്റലൈറ്റിന് രാത്രി നിരീക്ഷണത്തിലേര്‍പ്പെടാനുള്ള ശേഷിയുണ്ട്. ഇതു കൂടാതെ നാലു കാർറ്റോസാറ്റ് സാറ്റലൈറ്റുകളാണ് ഉള്ളത് (2C, 2D, 2E, 2F). ഇവയ്ക്ക് ഹൈ-റെസലൂഷന്‍ പാന്‍ക്രോമാറ്റിക് ക്യാമറകളുണ്ട്. ഇവയ്ക്ക് ഭൂമിയുടെ ബ്ലാക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ എടുത്തുകൊണ്ടിരിക്കാം. 9.6 കിലോമീറ്ററായിരിക്കും ഒരു സമയത്ത് ഇവയുടെ പരിധിയില്‍ വരിക. ഇവ കൂടാതെയാണ് ജിസാറ്റ്-29 വാര്‍ത്താവിനിമയ ഉപഗ്രഹം. മിലിറ്ററി സാറ്റലൈറ്റുകള്‍ക്ക് 0.5 മീറ്റര്‍ വരെ സൂം ചെയ്യാം. ഭൂമിയിലുള്ള ഒരു വസ്തുവിന്റെ വ്യക്തമായ ഫോട്ടോ എടുക്കാനുമാകും. ഒരു വ്യക്തിയുടെയോ, ഒരു കൂട്ടം ആളുകളുടെയോ നീക്കങ്ങളെ പരിശോധിക്കാനായി ചെറിയ വിഡിയോ ക്ലിപ്പുകളും ഇവയ്ക്ക് എടുക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com