ADVERTISEMENT

ഫെബ്രുവരി 27ന് ഇന്ത്യ–പാക്ക് അതിർത്തിയിൽ നടന്ന ഡോഗ്ഫൈറ്റിൽ എഫ്–16 പോർവിമാനങ്ങളും ഉൾപ്പെട്ടിരുന്നുവെന്ന് പാക്ക് സൈനിക വക്താവിന്റെ വെളിപ്പെടുത്തൽ. ഇന്ത്യയ്ക്കെതിരായ വ്യോമാക്രമണത്തിൽ പങ്കെടുത്ത പോർവിമാനങ്ങളിൽ എഫ്–16 ഉണ്ടായിട്ടുണ്ടാകാമെന്നാണ് പാക്ക് സൈനിക വക്താവ് ആസിഫ് ഗഫൂർ വെളിപ്പെടുത്തിയത്. ഇന്ത്യയുടെ രണ്ടു പോർവിമാനങ്ങൾ തകർത്തത് എഫ്–16 അല്ലെങ്കിൽ ജെഎഫ്–17 ആകാമെന്നാണ് അദ്ദേഹം പറഞ്ഞത്. അതായത് അന്നത്തെ ഡോഗ്ഫൈറ്റിൽ എഫ്–16 പോർവിമാനങ്ങളും പങ്കെടുത്തു എന്നാണ് ഗഫൂറിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത്.

'അതിർത്തി ലംഘിച്ച രണ്ടു ഇന്ത്യൻ പോർവിമാനങ്ങളെ വെടിവച്ചിട്ടു. വെടിവച്ചിടാൻ ഉപയോഗിച്ചത് എഫ്–16 അല്ലെങ്കിൽ ജെഎഫ്–17 ആകാം. ഈ സമയത്ത് പാക്കിസ്ഥാന്റെ എഫ്–16 പോർവിമാനങ്ങൾ ഒന്നടങ്കം അതിർത്തിയിലേക്ക് വന്നിരുന്നു എന്നാണ് അറിയുന്നത്. ഇതോടൊപ്പം ചൈനീസ് നിർമിത ജെഎഫ്–17 വിമാനങ്ങളും പിന്തുടർന്നു. എന്നാൽ ഇന്ത്യയുടെ പോര്‍വിമാനങ്ങളെ നേരിടാൻ മിസൈൽ പ്രയോഗിച്ചത് ഏതു പോര്‍വിമാനത്തില്‍ നിന്നാണെന്ന് വ്യക്തമാക്കിയില്ല. എന്നാൽ പാക്കിസ്ഥാന്റെ എഫ്–16 പോർവിമാനം ഇന്ത്യ വെടിവച്ചിട്ടിട്ടില്ല' - ഗഫൂർ പറഞ്ഞു.

സ്വയം പ്രതിരോധത്തിന് ഏതു ആയുധങ്ങളും പോർവിമാനങ്ങളും ഉപയോഗിക്കാൻ പാക്കിസ്ഥാനു അവകാശമുണ്ടെന്നാണ് പാക്ക് സൈനിക വക്താവ് പറഞ്ഞത്. എന്നാൽ കഴിഞ്ഞ മാസം രാജ്യാന്തര മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലൊന്നും ആസിഫ് ഗഫൂർ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. ഫെബ്രുവരി 27ലെ ഡോഗ്ഫൈറ്റിൽ പാക്കിസ്ഥാൻ വ്യോമസേന എഫ്–16 ഉപയോഗിച്ചിട്ടില്ലെന്നു തന്നെയാണ് ആവർത്തിച്ചു പറഞ്ഞിരുന്നത്.

അമേരിക്കയുടെ എഫ്–16 പോർവിമാനം ഉപയോഗിച്ചെന്ന സൈനിക മേധാവിയുടെ വെളിപ്പെടുത്തൽ പാക്കിസ്ഥാൻ വ്യോമസേനയെ പ്രതിക്കൂട്ടിലാക്കുന്നതാണ്. ജമ്മു കശ്മീർ പരിധിയിൽ പാക്കിസ്ഥാന്റെ എഫ്–16 പോർവിമാനങ്ങൾ വന്നു ബോംബിട്ട് മടങ്ങിയത് അമേരിക്കയുടെ പ്രതിരോധ നയങ്ങൾക്ക് എതിരാണ്. അമേരിക്കയുടെ നയപ്രകാരം അന്നത്തെ കാലത്ത് പാക്കിസ്ഥാനു എഫ്–16 പോർവിമാനങ്ങൾ നൽകുന്നത് പ്രതിരോധിക്കാൻ വേണ്ടി മാത്രമായിരുന്നു. ഭീകരവാദത്തെ നേരിടാനുള്ള ഫണ്ടിന്റെ ഭാഗമായാണ് എഫ്–16 വിമാനങ്ങൾ നൽകിയത്.

ഭീകരരെ നേരിടാന്‍ ഉപയോഗിക്കാമെന്നും അയൽ രാജ്യങ്ങളെ ആക്രമിക്കാൻ ഉപയോഗിക്കരുതെന്നുമുള്ള വ്യക്തമായ ധാരണയോടെയാണ് എഫ്–16 പോർവിമാനങ്ങൾ പാക്കിസ്ഥാന് നൽകിയിട്ടുള്ളത്. അന്ന് എഫ്–16 പോർവിമാനങ്ങൾ പാക്കിസ്ഥാന് സൗജന്യമായി, അമേരിക്കയുടെ ഭീകരരെ നേരിടാനുള്ള ഫണ്ടിന്റെ ഭാഗയാണ് നൽകിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ പോർവിമാനത്തിൽ ടെക്നോളജി പരിഷ്കരിക്കാനോ പുതിയ ആയുധങ്ങൾ ഘടിപ്പിക്കാനോ പാക്കിസ്ഥാന് അനുമതി നൽകിയിട്ടില്ല. അങ്ങനെ എന്തെങ്കിലും ആക്രമണം നടത്താനോ ആയുധങ്ങൾ പ്രയോഗിക്കാനോ നീക്കമുണ്ടെങ്കിൽ മുൻകൂട്ടി പെന്റഗണിൽ അറിയിക്കണമെന്നതാണ് അമേരിക്കയുടെ നയം. എന്നാൽ അമേരിക്കയുടെ എല്ലാ പ്രതിരോധ നയങ്ങളും ലംഘിച്ചാണ് പാക്കിസ്ഥാന്റെ എഫ്–16 പോർവിമാനങ്ങൾ അതിർത്തി കടന്ന് നാലു സ്ഥലത്ത് ബോംബിട്ട് മടങ്ങാൻ ശ്രമിച്ചത്.

പാക്കിസ്ഥാന്റെ എഫ്–16 ദൗത്യം ഒരിക്കലും പ്രതിരോധമായിരുന്നില്ല. ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരക്യാംപുകളെയാണ് ആക്രമിച്ചത്. എന്നാൽ പാക്കിസ്ഥാൻ എഫ്–16 ഉപയോഗിച്ചത് സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com