ADVERTISEMENT

ഏഷ്യന്‍ സൂപ്പര്‍ പവര്‍ എന്നറിയപ്പെടുന്ന ചൈന റഷ്യയുടെ ഏറ്റവും പുതിയ അഞ്ചാം തലമുറ സുഖോയ് പോർ വിമാനങ്ങള്‍ (Sukhoi Su-57) വാങ്ങുന്നു‍. എന്നാൽ ലോകത്തെ ഏറ്റവും അത്യാധുനിക പോർവിമാനങ്ങള്‍ വാങ്ങാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയോടൊപ്പം ഇന്ത്യയെയും റഷ്യ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഇന്ത്യയുടെ റഫാലിനെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണ് ചൈന സുഖോയ്–57 വാങ്ങാൻ ആലോചിക്കുന്നത്.

 

എസ്‌യു-57 ലോകത്തെ ഏറ്റവും മികച്ച പോർവിമാനമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനാണ് ആദ്യം അവകാശപ്പെട്ടത്. ബഹുമുഖ ആക്രമണം അഴിച്ചു വിടാന്‍ കഴിവുള്ള സുഖോയിയുടെ അഞ്ചാം തലമുറ പോർവിമാനമാണ് എസ്‌യു–57. ഡോഗ്ഫൈറ്റിനും കരയിലെ ലക്ഷ്യങ്ങളെ തകര്‍ക്കാനും നാവിക നീക്കങ്ങളെ ഇല്ലായ്മ ചെയ്യാനും ഇവ ഒന്നാംതരമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. റഷ്യയുടെ പ്രതിരോധ വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന വിക്ടര്‍ ക്ലാഡോവ് ആണ് ഈ വിമാനങ്ങള്‍ വാങ്ങാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ ചൈനയുടെയും ഇന്ത്യയുടെയും പേരു പറഞ്ഞത്. 

 

ചൈനീസ് വ്യോമസേനയ്ക്ക് ആശ്രയിക്കാന്‍ അവരുടെ രാജ്യം തന്നെ വികസിപ്പിച്ച, ഒളിപ്പോരാളിയായ ജെ-20 അടക്കമുള്ള യുദ്ധ വിമാനങ്ങളുടെ ഒരു നിര തന്നെയുണ്ട്. കൂടാതെ റഷ്യയുടെ എസ്‌യു-35 പോർവിമാനവും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യ ഫ്രാന്‍സില്‍ നിന്നു വാങ്ങിയ റഫാല്‍ വിമാനങ്ങളുടെ സാധ്യതയാണ് കൂടുതല്‍ വ്യോമ ശേഷിയിൽ കണ്ണുവയ്ക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നത്.

 

ചൈന സ്വന്തമായി പോർവിമാനങ്ങള്‍ നിര്‍മിക്കുന്നുണ്ടെങ്കിലും അവര്‍ റഷ്യന്‍ നിര്‍മിത യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. വിശ്വസിക്കാവുന്ന യന്ത്രം സ്വന്തമായി നിര്‍മിക്കാന്‍ ചൈനക്ക് ഇനിയും സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയും പാക്കിസ്ഥാനും റഷ്യയില്‍ നിന്ന് എൻജിന്‍ വാങ്ങി സംയുക്തമായി നിര്‍മിച്ച പോര്‍വിമാനമാണ് ജെഎഫ്-17. എന്നാല്‍ ചൈനയുടെ പ്രതിരോധ വിശകലന വിദഗ്ധൻ വാങ് യാന്‍ പറയുന്നത് റഷ്യയുടെ എസ്‌യു-57 ഇന്ത്യ വാങ്ങുന്നതായിരിക്കും നല്ലതെന്നാണ്. ചൈനയ്ക്ക് ഇപ്പോള്‍ തന്നെ ഒളിപ്പോര്‍ വിമാനങ്ങള്‍ ഉണ്ടെ‌ന്നാണ് അദ്ദേഹം പറഞ്ഞത്. 

 

ചൈനയെ പോലെയല്ലാതെ, ഇന്ത്യയ്ക്ക് അഞ്ചാം തലമുറയിലുള്ള പോർവിമാനങ്ങള്‍ ഇല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വാങ് പറയുന്നത് എസ്‌യു-57ന്റെ മികവില്‍ തനിക്ക് ഒരു വിശ്വാസക്കുറവും ഇല്ലെന്നാണ്. പക്ഷേ ചൈന ഇപ്പോള്‍ തന്നെ അഞ്ചാം തലമുറ യുദ്ധവിമാനമായ ജെ-20 നിര്‍മിച്ചു കഴിഞ്ഞുവെന്നാണ്. എസ്‌യു-57ഇ പതിപ്പായിരിക്കും റഷ്യ വില്‍ക്കുക. ഇത് കയറ്റുമതി ചെയ്യാനുള്ള അനുമതി പുടിന്‍ വരും ആഴ്ചകളില്‍ നല്‍കുമെന്നാണ് കരുതപ്പെടുന്നത്.

 

എന്നാല്‍, ചൈനയും എസ്‌യു-57ഇ വാങ്ങാനുള്ള സാധ്യത തന്നെയാണ് വിദഗ്ധര്‍ കാണുന്നത്. ചൈന അടുത്തിടെ 24 എസ്‌യു-35 വിമാനങ്ങള്‍ വാങ്ങിയിരുന്നു. അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ എസ്‌യു-35 വിമാനങ്ങളോ, അഞ്ചാം തലമുറയിലുള്ള എസ്‌യു-57ഇ വിമാനങ്ങളോ വാങ്ങുമെന്നു കരുതുന്നു. ചൈന ആംസ് കണ്ട്രോളിന്റെ മുതിര്‍ന്ന കണ്‍സള്‍ട്ടന്റായ സു ഗാന്‍ഗ്യൂ പറയുന്നത് പുതിയ വിമാനങ്ങള്‍ ചൈന വാങ്ങാന്‍ തന്നെയാണു സാധ്യത എന്നാണ്. കാരണം എതിരാളികളുടെ ശക്തി എത്രമാത്രമുണ്ടെന്ന് നേരിട്ടറിയാന്‍ ഇതുപകരിക്കും. സൂപ്പര്‍ സോണിക് ക്രൂസ് ശേഷിയും എളുപ്പത്തില്‍ നിയന്ത്രിക്കാനുള്ള എളുപ്പവും ഇതിനെ ആകര്‍ഷകമാക്കുന്നു. അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ ഒളിപ്പോരിനും അദൃശ്യ ആക്രമണങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നുവെങ്കില്‍ എസ്‌യു-57 ന് അതിന്റെ നേര്‍ക്കു വരുന്ന ദീര്‍ഘദൂര മിസൈലുകളെ വരെ വെട്ടിച്ചു കടക്കാനാകും. എതിരാളികളുടെ താവളത്തിനടുത്തേക്കു ചെന്ന് ആക്രമണങ്ങള്‍ നടത്താനും അവയ്ക്കാകും. ഒളിപ്പോര്‍ വിമാനങ്ങള്‍ക്ക് ഇതു സാധ്യമല്ല. സാമര്‍ഥ്യ പ്രകടനത്തിലൂടെ എസ്‌യു-57 വിമാനങ്ങള്‍ക്ക് മിക്ക സാഹചര്യങ്ങളെയും തരണം ചെയ്യാനാകുമെന്നും വിലയിരുത്തപ്പെടുന്നു.

 

ഇതൊക്കെയാണെങ്കിലും അഞ്ചാം തലമുറ പോർവിമാനങ്ങള്‍ സ്വന്തമായി നിര്‍മിക്കാന്‍ ചൈന ശ്രമിക്കുന്നുണ്ടെന്നാണ് വാങ് പറയുന്നത്. തങ്ങളുടെ ജെ-20 വിമാനങ്ങള്‍ കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ പുതുക്കിയിറക്കാനാണ് ശ്രമം. അപ്പോള്‍ പുതിയൊരു ഫൈറ്റര്‍ ജെറ്റിനെ കൂടെ ഇറക്കിയാല്‍ അവരുടെ നീക്കങ്ങള്‍ക്ക് താളം തെറ്റാം. പുതിയ വിമാനങ്ങള്‍ നിര്‍മിക്കാനും സേനക്ക് ഇവ ഉപയോഗിക്കാനുള്ള പരിശീലനം നല്‍കുന്ന കാര്യത്തിലും പ്രശ്‌നങ്ങള്‍ നേരിടാമെന്നും അദ്ദേഹം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT