ADVERTISEMENT

ചൈനീസ് നാവികസേനയുടെ 70-ാം വാര്‍ഷികാഘോഷം പൊടിപൊടിക്കാനാണ് ചൈനയുടെ തീരുമാനം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ വാര്‍ഷികോത്സവമാണ് നടക്കുന്നത്. ഈ സമയത്ത് ഇന്ത്യയും പാക്കിസ്ഥാനുമടക്കമുള്ള രാജ്യങ്ങളുടെ പടക്കപ്പലുകളുടെ സാന്നിധ്യം ചൈന അഭ്യര്‍ഥിച്ചിട്ടുണ്ട്. ഏപ്രില്‍ 23നു നടക്കുന്ന ചടങ്ങില്‍ കുറഞ്ഞത് രണ്ടു പാക്ക് പടക്കപ്പലുകളെങ്കിലും എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതേസമയം, അറേബ്യന്‍ കടലിലെ ഇന്ത്യന്‍ നാവികസേനയുടെ സാന്നിധ്യം പാക്കിസ്ഥാനെ ഭയപ്പെടുത്തുന്നുവെന്നും അവരുടെ കപ്പലുകളൊന്നും പോയേക്കില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാക്കിസ്ഥാന്‍ കപ്പലുകള്‍ അയയ്ക്കുന്നില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി മുള്‍ട്ടാനില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത് ഈ മാസം അവസാനം തങ്ങളെ ആക്രമിക്കാന്‍ ഇന്ത്യ കോപ്പുകൂട്ടുന്നുവെന്നാണ്.

പുല്‍വാമാ ആക്രമണത്തിനു ശേഷം ഇന്ത്യന്‍ നാവികസേന ഏതു വെല്ലുവിളിയും നേരിടാൻ സജ്ജമാണെന്ന് അറിയിച്ചിരുന്നു. വിമാനവാഹിനിക്കപ്പലും അണ്വായുധ ശേഷിയുള്ള അന്തര്‍വാഹിനികളും നിരവധി യുദ്ധക്കപ്പലുകളും അറേബ്യൻ കടലിൽ വിന്യസിച്ചിട്ടുണ്ടെന്നാണ്. ഇതായിരിക്കാം പടക്കപ്പലുകളെ അയക്കാനുള്ള ചൈനയുടെ ക്ഷണം പാക്കിസ്ഥാനു സ്വീകരിക്കാനാകാത്തത്. കൂടാതെ ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള ഇപ്പോഴത്തെ ഇരിപ്പു വച്ചു നോക്കിയാല്‍ ഗൗരവമുള്ള കാരണമുള്ളതു കൊണ്ടു തന്നെയാണ് വാര്‍ഷികാഘോഷത്തിനെത്താത്തതെന്നും കാണാം.

എന്നാല്‍ പാക്കിസ്ഥാനിലെ മുതിര്‍ന്ന പട്ടാള മേധാവികള്‍ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് പങ്കെടുക്കുന്ന ഏപ്രില്‍ 23ന്റെ പരിപാടിക്ക് എത്തുമോ എന്ന ചോദ്യത്തിന് ബെയ്ജിങ്ങിലെ പാക്ക് നയതന്ത്രകാര്യാലയം മറുപടി നല്‍കിയിട്ടുമില്ല.

അതേസമയം, ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ഐഎന്‍എസ് കൊല്‍ക്കത്ത (INS Kolkata) എന്ന ഒളിയാക്രമണ പടക്കപ്പലും ഐഎന്‍എസ് ശക്തിയുമായിരിക്കും ചൈനയിലേക്ക് അയയ്ക്കുക. ഇരു കപ്പലുകളിലുമായി 500 നാവികരും ഉണ്ടായിരിക്കും. ഇതുവരെ 60 രാജ്യങ്ങളുടെ നാവിക സേനകള്‍ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് ചൈനീസ് വൃത്തങ്ങള്‍ പറയുന്നു. വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുന്നതോടെ ഇന്ത്യ–ചൈന തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ വര്‍ധിക്കുമെന്നും കരുതുന്നു. 2014നു ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ കപ്പലുകള്‍ ചൈനീസ് നാവികാഭ്യാസത്തിന് എത്തുന്നത്.

ഇന്ത്യന്‍ പടക്കപ്പലുകളുടെ സാന്നിധ്യം സഹകരണത്തിന്റെ പ്രതീകമായി കാണാമെങ്കിലും ഇതില്‍ മത്സരത്തിന്റെ ഒരുവശം ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. തങ്ങളുടെ കപ്പലുകളുടെ ശേഷി പരിശോധിച്ചറിഞ്ഞോളാന്‍ പറയുന്നതു പോലെയാകാമിത്. ഏറ്റവുമധികം ശക്തിയുള്ള കപ്പലുകള്‍ ഈ സൈനികാഭ്യസത്തിനിടയില്‍ ശ്രദ്ധ നേടുന്നതും കാണാം. ഐഎന്‍എസ് കൊല്‍ക്കത്തയില്‍ സൂപ്പര്‍സോണിക് ബ്രഹ്മോസ് മിസൈല്‍ പിടിപ്പിക്കാം. ഈ കപ്പല്‍ പരിശോധിക്കാന്‍ അയയ്ക്കുന്നതിലൂടെ ചൈനയ്ക്കും ലോക രാഷ്ട്രങ്ങള്‍ക്കും ശക്തമായ സന്ദേശമാണ് ഇന്ത്യ നല്‍കുന്നതെന്നു വാദിക്കുന്നവരുണ്ട്.

കൂടെയുള്ള ഐഎന്‍എസ് ശക്തിയാകട്ടെ ഒരു യുദ്ധക്കപ്പലല്ല. മറിച്ച് ടാങ്കര്‍ ആണ്. കൊല്‍ക്കൊത്തയും ശക്തിയും എത്തുന്നത് ഇന്ത്യയുടെ സമുദ്രശക്തി വിളിച്ചോതിക്കൊണ്ടാണ്. എന്നാല്‍ ചൈനയുടെ ക്ഷണം അമേരിക്ക സ്വീകരിക്കില്ലെന്നാണ് ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. അവര്‍ കപ്പലുകള്‍ അയക്കില്ല എന്നതു കൂടാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും അയച്ചേക്കില്ലെന്നു പറയുന്നു. ഇത് ചൈനയ്‌ക്കൊരു തിരിച്ചടിയാണ്. പക്ഷേ, അമേരിക്കയുടെ സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണ കൊറിയയും ഈ സൈനികാഭ്യാസത്തില്‍ പങ്കെടുക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT