ADVERTISEMENT

റഷ്യയുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ്–400 ട്രയംഫിന്റെ രണ്ടാം ഘട്ടവും ചൈനയിൽ എത്തിച്ച് വിജയകരമായി വിന്യസിച്ചു. ആയുധങ്ങളും റഡാറുകളും ഉൾപ്പെടുന്ന കാർഗോകൾ നേരത്തെ തന്നെ എത്തിയിരുന്നു. വൈകാതെ തന്നെ എസ്–400 പരീക്ഷണ ദൗത്യങ്ങൾ തുടങ്ങും. രണ്ടു മാസം വരെ നീളുന്ന പരിശീലനത്തിനു ശേഷമാണ് ചൈനീസ് സൈന്യത്തിനു കൈമാറുക. റഷ്യൻ പ്രതിരോധ കമ്പനികള്‍ തന്നെയാണ് എസ്–400 വിന്യസിച്ചതും പരിശീലനം നൽകുന്നതും. മൂന്നു കപ്പലുകളിലായാണ് എസ്–400 ഉപകരണങ്ങൾ ചൈനീസ് തീരത്ത് എത്തിച്ചത്.

2014 ലെ ചൈനീസ് സർക്കാരാണ് റഷ്യയിൽ നിന്ന് എസ്–400 വാങ്ങാൻ തീരുമാനിച്ചത്. ഇന്ത്യ, ജപ്പാൻ, അമേരിക്ക ശക്തികളുടെ ആക്രമണം ചെറുക്കാൻ ലക്ഷ്യമിട്ടാണ് ചൈനയും എസ്–400 വാങ്ങിയിരിക്കുന്നത്. ലോകത്തെ വൻ ആയുധശക്തിയായ റഷ്യയിൽ നിന്ന് ചൈന വാങ്ങിയ എസ്–400 ട്രയംഫ് ഏറ്റവും വലിയ ആകാശക്കാവലാണ്. ലോകശക്തികൾക്കു പോലും ഇല്ലാത്ത അത്യാധുനിക ആയുധമാണ് എസ്–400 ട്രയംഫ്. റഷ്യയുടെ ഏറ്റവും വലിയ കാവലും ഈ ആയുധം തന്നെ.

 

ചൈനയുടെ പ്രതിരോധ മേഖല കൂടുതല്‍ സുസജ്ജമാക്കുന്നതാണ് ഇത്. ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ പ്രതിരോധസംവിധാനങ്ങളില്‍ ഒന്നാണ് എസ്–400 ട്രയംഫ്. യുഎസിന്റെ എഫ്-35 ഫൈറ്റർ ജെറ്റുകളെ പോലും ഇതിനു മുന്നില്‍ നിഷ്പ്രഭമാണ്.

 

അമേരിക്കയെ കൂടുതല്‍ ജാഗ്രതയുള്ളതാക്കാന്‍ മാത്രം എന്താണ് എസ്–400 ട്രയംഫിനുള്ളത്? 

 

അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ പോലും നശിപ്പിക്കാന്‍ അതിനു സാധിക്കുമെന്നതു തന്നെ. അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു ഭീഷണിയാവാന്‍ ഇതിനു സാധിക്കുമെന്നതാണ് അവരെ അലോസരപ്പെടുത്തുന്നത്. എട്ടു ലോഞ്ചറുകൾ, കൺട്രോൾ സെന്റർ, ശക്തിയേറിയ റഡാർ, റീലോഡ് ചെയ്യാവുന്ന 16 മിസൈലുകൾ എന്നിവയാണ് എസ്–400 ട്രയംഫിന്റെ പ്രധാന സവിശേഷതകള്‍. മൂന്നുതരം മിസൈലുകള്‍ വിക്ഷേപിക്കാൻ ഇതിനു പറ്റും.

 

അറുനൂറു കിലോമീറ്റര്‍ പരിധിയിലുള്ള മുന്നൂറു ടാര്‍ഗറ്റുകള്‍ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റര്‍ പരിധിയിലുള്ള ഏകദേശം മൂന്നു ഡസനോളം ടാര്‍ഗറ്റുകളെ നശിപ്പിക്കാനും ഇതിനു സാധിക്കും. രാകേഷ് കൃഷ്ണന്‍ സിന്‍ഹയുടെ 'റഷ്യ ആന്‍ഡ് ഇന്ത്യ റിപ്പോര്‍ട്ട്' ബ്ലോഗ് അനുസരിച്ച് എസ്–400 ട്രയംഫിനു മണിക്കൂറില്‍ 17,000 കിലോമീറ്റർ വേഗതയില്‍ ടാര്‍ഗറ്റിനു മേല്‍ പതിക്കാനാവും. ലോകത്തിലെ ഏതൊരു എയര്‍ക്രാഫ്റ്റിനെക്കാളും ഉയര്‍ന്ന വേഗമാണിത്. 'അയണ്‍ ഡോമുകളുടെ ഡാഡി ' എന്നാണ് രാകേഷ് ഇതിനെ വിശേഷിപ്പിക്കുന്നത്. മിസൈലുകളുടെ അന്തകനായാണ് അമേരിക്ക എഫ്-35 ഫൈറ്റർ ജെറ്റ് സൃഷ്ടിച്ചത്. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് എഫ്-35 നു അതിനെ ലക്ഷ്യം വയ്ക്കുന്ന എന്തിനെയും ജാം ചെയ്യാനാവും. എന്നാല്‍ വേഗത്തിന്റെ കാര്യത്തില്‍ എസ്-400നെ വെല്ലുവിളിക്കാന്‍ എഫ്-35നാവില്ല. 

 

മുന്‍പ് ഉണ്ടായിരുന്ന എസ്-300 സിസ്റ്റത്തിന്റെ അപ്‌ഗ്രേഡ് ചെയ്ത പതിപ്പാണ് എസ്-400. റഷ്യന്‍ പ്രതിരോധ സംവിധാനത്തിന്റെ മാത്രം ഭാഗമായിരുന്നു ഇത്. മുന്‍തലമുറയെക്കാളും രണ്ടര ഇരട്ടി വേഗത കൂടുതലാണ് ഇതിന്. 2007 മുതല്‍ റഷ്യയില്‍ സര്‍വീസിലുള്ള S-400 നിര്‍മിച്ചത് അൽമസ് ആന്റെ ആയിരുന്നു. സിറിയക്കെതിരെ റഷ്യ ഇത് പ്രയോഗിച്ചിരുന്നു. ഹ്രസ്വ-മധ്യ ദൂര ബാലിസ്റ്റിക് മിസൈലുകളില്‍ നിന്നുള്ള ഭീഷണിയെ ഫലപ്രദമായി നേരിടാന്‍ ഇതിനാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com