ADVERTISEMENT

ഇന്ത്യക്ക് നിര്‍ഭയത്വം നല്‍കുന്നതും പാക്കിസ്ഥാനു ഭീതി നല്‍കുന്നതുമായ നീക്കമായിരുന്നു എസ്-400 എന്ന ആന്റി-ബാലിസിറ്റിക് മിസൈല്‍ വാങ്ങാനുള്ള തീരുമാനമെന്നാണ് പാക്കിസ്ഥാന്റെ പ്രതികരണത്തില്‍ നിന്നു മനസ്സിലാകുന്നത്. പാക്ക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേശി പറഞ്ഞത് വിദേശ ശക്തികള്‍ ഈ മേഖലയിലുള്ള രാജ്യങ്ങള്‍ക്ക് ആയുധം കൈമാറുന്ന കാര്യത്തില്‍ കുറച്ചുകൂടെ ജാഗ്രത കാണിക്കണമെന്നാണ്.

എസ്-400 ആന്റി-ബാലിസ്റ്റിക് മിസൈല്‍ സിസ്റ്റം പോലെ അസ്ഥിരത സൃഷ്ടിക്കുന്ന ആയുധങ്ങള്‍ ഈ പ്രദേശത്തിന്റെ തന്ത്രപരമായ സന്തുലിതയെ ഇല്ലാതാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരം ആയുധങ്ങള്‍ കൈയില്‍ വന്നാല്‍ വ്യാജ സുരക്ഷാ ബോധത്തിന്റെയും ആത്മവിശ്വാസത്തിന്റെ ബലത്തില്‍ ശത്രു രാജ്യങ്ങളെ ആക്രമിക്കാന്‍ തോന്നിയേക്കാമെന്നും അദ്ദേഹം ഇസ്‌ലാമാബാദില്‍ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിലാണ് 5.43 ബില്ല്യന്‍ ഡോളറിന്റെ പ്രതിരോധ കരാര്‍ ഇന്ത്യ റഷ്യയുമായി ഒപ്പുവച്ചത്. അമേരിക്കയുടെ ഭീഷണി വകവയ്ക്കാതെയാണ് ഇന്ത്യ അഞ്ച് എസ്-400 പ്രതിരോധ സിസ്റ്റം വാങ്ങാന്‍ തീരുമാനിച്ചത്. ഈ തീരുമാനമെടുത്ത ഉടനെ പാക്കിസ്ഥാന്റെ പ്രതികരണം ഇത് ഒന്നിലേറെ പേരില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ ഡിഫന്‍സ് (ബിഎംഡി) സിസ്റ്റം സ്വന്തമാക്കാനുള്ള ഇന്ത്യയുടെ തന്ത്രത്തിന്റെ ഭാഗമാണ് എന്നായിരുന്നു. ദക്ഷിണേഷ്യയുടെ സന്തുലിതാവസ്ഥ താറുമാറാക്കുന്ന തീരുമാനമാണിതെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞ ഇന്ത്യ പറഞ്ഞത് ബിഎംഡി സിസ്റ്റം ദേശീയ സുരക്ഷയെ മുന്‍ നിർത്തിയാണ് വാങ്ങുന്നത്. അല്ലാതെ അയല്‍ക്കാരെ പേടിപ്പിക്കാനല്ല എന്നാണ്.

ഇന്ത്യ പരമ്പരാഗത ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതും പ്രത്യാക്രമണത്തിനുള്ള താത്പര്യവും പാക്കിസ്ഥാനെ ഭീതിപ്പെടുത്തുന്നുണ്ട്. ആണവ അന്തര്‍വാഹിനകളും റഫാല്‍ പോർവിമാനങ്ങളുമടക്കം തന്ത്രപ്രധാനമായ പ്രതിരോധ ഉൽപന്നങ്ങൾ വാങ്ങുന്നതും ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് ഖുറേഷി പറയുന്നു. അടുത്തിടെ നടത്തിയ ആന്റി സാറ്റലൈറ്റ് (ASAT) പരീക്ഷണവും തങ്ങള്‍ക്ക് ഉത്കണ്ഠയുളവാക്കുന്നതായി പാക്കിസ്ഥാന്‍ പറഞ്ഞു. ഇന്ത്യക്ക് ഇളവുകള്‍ നല്‍കുന്നതിലും അതിനൂതന സാങ്കേതികവിദ്യകൾ കൈമാറ്റം ചെയ്യുന്നതിലുമുള്ള രാജ്യാന്തര ശക്തികളോടുള്ള പാക്ക് എതിര്‍പ്പ് അറിയിക്കുകയും ചെയ്തു.

ഒരു രാജ്യത്തിനു മാത്രമായി ഇളവു പ്രഖ്യാപിക്കാനുള്ള ന്യൂക്ലിയര്‍ സപ്ലൈയേഴ്‌സ് ഗ്രൂപ്പിന്റെ (എന്‍എസ്ജി) തീരുമാനം ആശാസ്യമല്ല. ഇത് തന്ത്രപരമായ സന്തുലിതാവസ്ഥ ഇല്ലാതാക്കുന്നുവെന്നും ഖുറേഷി പറഞ്ഞു. ദക്ഷിണേഷ്യയുടെ കാര്യത്തില്‍ മഹാശക്തികളായ രാജ്യങ്ങള്‍ കുറച്ചുകൂടെ കരുതലോടെ പെരുമാറണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ദക്ഷിണേഷ്യയില്‍ സമാധാനം ഉറപ്പാക്കുന്ന കാര്യത്തില്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധബുദ്ധിയോടെ തന്നെയാണു പ്രവര്‍ത്തിക്കുന്നതെന്നും അതിന്റെ ഫലമാണ് തന്ത്രപരമായ നിയന്ത്രണത്തിലൂന്നിയ ഭരണക്രമം (Strategic Restraint Regime (SRR) എന്ന ആശയം മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന മൂന്നു തത്വത്തിലധിഷ്ഠിതമാണ് പ്രമേയമെന്ന് അദ്ദേഹം പറഞ്ഞു. അണ്വായുധങ്ങളില്‍ നിയന്ത്രണം, മിസൈലുകളുടെ കാര്യത്തില്‍ നിയന്ത്രണം, പരമ്പരാഗതമായ സന്തുലിതാവസ്ഥ എന്നിവയാണ് അവ. ഈ നിര്‍ദ്ദേശങ്ങള്‍ മേശപ്പുറത്തുണ്ട്. ഇവയ്ക്കു വേണ്ട തുടര്‍നടപടികള്‍ സ്വീകരിച്ചാല്‍ ഈ പ്രദേശത്ത് ശാശ്വതമായ ശാന്തി നിലനിര്‍ത്താമെന്ന് ഖുറേഷി പറയുന്നു.

പുല്‍വാമാ ആക്രമണത്തിനു ശേഷമാണ് അണ്വായുധ ശേഷിയുള്ള രണ്ട് അയല്‍ രാഷ്ട്രങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങള്‍ വഷളായത്. ആക്രമണത്തില്‍ 40 സൈനികരെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ഫെബ്രുവരി അവസാനം ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കി. പാക്കിസ്ഥാനിലെ ബാലാക്കോട്ട് ഭീകര ക്യാംപിനെതിരെ ഇന്ത്യ പ്രത്യാക്രമണവും നടത്തി. ഇന്ത്യയുടെ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ തങ്ങള്‍ വെടിവച്ചിട്ടതായി പാക്കിസ്ഥാന്‍ അവകാശപ്പെട്ടു. എന്നാല്‍, ഈ അവകാശവാദം തള്ളിയ ഇന്ത്യ പറഞ്ഞത് പാക്കിസ്ഥാന്റെ ഒരു എഫ്-16 താഴെവീഴ്ത്തുക പോലും ചെയ്തു എന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT