ADVERTISEMENT

അണ്വായുധങ്ങളും ബാലസ്റ്റിക് മിസൈലുകളും വികസിപ്പിക്കില്ലെന്ന് യുഎസിന് ഉറപ്പുനൽകിയ ഉത്തര കൊറിയ, ‘തന്ത്രപരമായ അത്യന്താധുനിക ആയുധം’ വിജയകരമായി പരീക്ഷിച്ചതായി അവകാശപ്പെട്ടു. ഉത്തര കൊറിയൻ വാർത്താ ഏജൻസി കെസിഎൻഎ ആണ് ആയുധം പരീക്ഷണിച്ചതായി വാർ‌ത്ത പുറത്തുവിട്ടത്. 

 

എന്നാൽ ഏതുതരം ആയുധമാണ് പരീക്ഷിച്ചതെന്നോ അതിന്റെ മറ്റു വിശദാംശങ്ങൾ എന്തെന്നോ വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രത്തിന്റെ പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണമെന്നാണ് അറിയുന്നത്. അക്കാദമി ഓഫ് ഡിഫൻസ് സയൻസിൽ ബുധനാഴ്ചയാണ് തന്ത്രപ്രധാന ആയുധത്തിന്റെ പരീക്ഷണം നടന്നത്. ശക്തിയേറിയ പോർമുനകൾ വഹിക്കാൻ ശേഷിയുള്ളതാണ് ഈ ആയുധം. വിവിധ തലങ്ങളിൽ പ്രയോഗിക്കാൻ കഴിയുന്നതാണിതെന്നും റിപ്പോർട്ടുകളുണ്ട്. 

 

താഴെ നിന്നു നിയന്ത്രിക്കാൻ ശേഷിയുള്ള ആയുധം ബാലസ്റ്റിക് മിസൈലോ അണ്വായുധ ശേഷിയുള്ള ആയുധമോ അല്ലെന്നാണ് അറിയുന്നത്. അമേരിക്ക ഉൾപ്പടെയുള്ള ഉത്തര കൊറിയയുടെ ശത്രുക്കൾക്കുള്ള മുന്നറിയിപ്പാണ് പുതിയ ആയുധ പരീക്ഷണമെന്നാണ് കരുതുന്നത്. ട്രംപുമായുള്ള രണ്ടു കൂടിക്കാഴ്ചകൾക്കു ശേഷം ഇതു ആദ്യമായാണ് ഒരു ആയുധം പരീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലും സമാനമായ പരീക്ഷണം നടത്തിയിരുന്നു.

 

അടുത്തിടെ നടന്ന ഉച്ചകോടിയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു അണ്വായുധം സംബന്ധിച്ചു നൽകിയ ഉറപ്പുകൾ കിം പാലിക്കുമെന്നാണു പ്രതീക്ഷയെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് നേരത്തെ പ്രതികരിച്ചിരുന്നു. ആണവ നിരായുധീകരണത്തിനുള്ള തുടർനടപടികളൊന്നും ഉത്തരകൊറിയ കൈക്കൊണ്ടതായി സൂചനയില്ലെന്ന് യുഎസ് വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം, ഉത്തര കൊറിയയിൽ 13 രഹസ്യസ്ഥലങ്ങളിലായി ബാലിസ്റ്റിക് മിസൈൽ പദ്ധതി പുരോഗമിക്കുകയാണെന്ന വിവരം വാഷിങ്ടൻ ആസ്ഥാനമായുള്ള സെന്റർ ഫോർ സ്ട്രാറ്റജിക് ആൻ‍ഡ് ഇന്റർനാഷനൽ സെക്യൂരിറ്റി ഇക്കാര്യം പുറത്തുവിട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com