ADVERTISEMENT

ഇന്ത്യയുടെ കൈയ്യില്‍ ഏറ്റവും ശക്തിയുള്ള ന്യൂക്ലിയാർ ബോംബ് ( ‘the mother of nuclear bombs') ഉണ്ടെന്നും വേണ്ടിവന്നാൽ പ്രതികരിക്കാതിരിക്കില്ലെന്നും പാക്കിസ്ഥാനു മുന്നറിയിപ്പു നൽകിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ടുകള്‍ ചെയ്തിരുന്നു. ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോദി ഇങ്ങനെ പറഞ്ഞത്. എന്നാൽ ഇത്തരമൊരു മുന്നറിയിപ്പിനെതിരെ രാജ്യാന്തര തലത്തിൽ പ്രതികരണമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

 

ആണവ യുദ്ധാസക്തി ആളിക്കത്തിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതിനെതിരെ അമേരിക്കയടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ പ്രതികരിക്കാത്തത് എന്താണെന്നാണ് ചില രാജ്യാന്തര നിരീക്ഷകര്‍ ചോദിക്കുന്നത്. മോദിയുടെ പ്രസംഗം സമാധാന ദിവസമായി ആചരിക്കുന്ന മഹാവീര്‍ ജയന്തിയുടെ അന്നായിരുന്നുവെന്നും ചിലര്‍ രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. 

 

അതേസമയം, മോദി ഈ പ്രസ്താവനയിലൂടെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ പരോക്ഷമായി ഓര്‍മപ്പെടുത്തുകയാണു ചെയ്തതെന്നും വാദമുണ്ട്. പുതിയ ഇന്ത്യ തീവ്രവാദത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. മുൻപ് പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികള്‍ ഇന്ത്യയിലെത്തി ആക്രമിച്ച ശേഷം മടങ്ങിപ്പോകുമായിരുന്നു. കൂടാതെ ഞങ്ങളുടെ കൈയ്യില്‍ ആണവ ബോംബുണ്ട്. ഇതിന്റെ ബട്ടണ്‍ അമര്‍ത്തുമെന്നു പറഞ്ഞ് പാക്കിസ്ഥാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഇതുകേട്ട് നമ്മളുടെ ആളുകൾ കരയുമായിരുന്നു. പാക്കിസ്ഥാന്‍ അതു ചെയ്തു, ഇതു ചെയ്തു എന്നൊക്കെ പറഞ്ഞു നടക്കുമായിരുന്നു. ഇനി കരഞ്ഞു നടക്കാന്‍ പാക്കിസ്ഥാന്റെ ഊഴമാണെന്നും പ്രധാനമന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

ഇത് അടുത്തൊരു ആക്രമണം കൂടെയുണ്ട് എന്നതിന്റെ സൂചനയാണെന്നു ചൂണ്ടിക്കാണിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇതെല്ലാം ഇന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ടു കണ്ടാല്‍ മതിയെന്ന വാദമാണ് ഒരു വിഭാഗം രാജ്യാന്തര നിരീക്ഷകര്‍ പറയുന്നത്. ആണവ ശക്തികളായ രണ്ടു രാജ്യങ്ങള്‍ കൊമ്പു കോര്‍ക്കാന്‍ ഒരുങ്ങിയാല്‍ രാജ്യാന്തര ഇടപെടല്‍ വേണ്ടതല്ലെ എന്നതാണ് മറ്റു ചിലര്‍ ചോദിക്കുന്നത്.

 

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം തുടങ്ങുന്നത് ഇന്ത്യയുടെ 40 പട്ടാളക്കാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിനു ശേഷമാണ്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസിഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെഇഎം ഏറ്റെടുക്കുകയും ചെയ്തതോടെ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളുടെയും സൈന്യങ്ങള്‍ ശക്തിപ്രകടനങ്ങള്‍ നടത്തി, ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. അതിര്‍ത്തിക്കരികെ ഒരുപറ്റം പോർവിമാനങ്ങളെ പാക്കിസ്ഥാന്‍ അണിനിരത്തി. ഇന്ത്യയാകട്ടെ ഈ സമയത്ത് ആന്റി സാറ്റലൈറ്റ് മിസൈല്‍ പോലും പരീക്ഷിച്ചു വിജിയിക്കുകയും ചെയ്തു. മോദി ഈ ആഴ്ച നടത്തിയ പ്രസംഗത്തിലും തിരച്ചടിച്ച കാര്യം ഓര്‍മപ്പെടുത്തുകയും ചെയ്തു.

 

ഇരു രാഷ്ട്രങ്ങളും തമ്മില്‍ യുദ്ധം തുടങ്ങിയാല്‍ ഒരു ലോക യുദ്ധമായി പരിണമിക്കാനുള്ള സാധ്യതയുണ്ടോ എന്നാണ് രാജ്യാന്തര നിരീക്ഷകര്‍ ആരായുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പോലെയുള്ള ലോക നേതാക്കള്‍ ഇതില്‍ ഇടപെടാത്തത് എന്താണെന്നാണ് ചിലര്‍ ചോദിക്കുന്ന ചോദ്യം. ഇന്ത്യ-പാക്ക് യുദ്ധം തുടങ്ങിയാല്‍ അത് ആ രണ്ടു രാഷ്ട്രങ്ങള്‍ക്കായിരിക്കും പ്രശ്‌നം സൃഷ്ടിക്കുക എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ചൈനയും റഷ്യയും അമേരിക്കയും ഇതിലേക്ക് അറിയാതെ വലിച്ചിഴയ്ക്കപ്പെട്ടാല്‍ അത് മൂന്നാം ലോകമഹായുദ്ധമായി പരണമിക്കുകയും ചെയ്യാമെന്നും വിലയിരുത്തലുകളുണ്ട്.

 

യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചൈന പാക്കിസ്ഥാനെ പിന്തുണയ്ക്കുകയും ചെയ്താല്‍, റഷ്യയും അമേരിക്കയും ഇന്ത്യയുടെ കൂടെ കൂടാനുമുള്ള സാധ്യത ചിലര്‍ തള്ളിക്കളയുന്നില്ല. എന്നാല്‍, അണ്വായുധ ശേഷിയുള്ള അയല്‍പക്കക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയാല്‍ പോലും ലോക രാഷ്ട്രങ്ങള്‍ അകലം പാലിച്ചേക്കാമെന്നാണ് കൂടുതല്‍ പേരും കരുതുന്നത്. കാരണം അല്ലെങ്കില്‍ അത് ലോക മഹായുദ്ധമായി പരിണമിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന പലതും പൊതു തിരഞ്ഞെടുപ്പമായി കണ്ടാല്‍ മതിയെന്നും ചിലര്‍ വാദിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com