ADVERTISEMENT

2019 ഫെബ്രുവരി 26 നു പാക്കിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങൾ ബാലാകോട്ടിൽ നടത്തിയ ആക്രമണം ഇപ്പോഴും ചർച്ചയാണ്. ഇത് സംബന്ധിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നു കഴിഞ്ഞു. ഇത്രയും രഹസ്യമായി പാക്ക് അതിർത്തിയിലെ ഭീകര ക്യാംപുകൾ എങ്ങനെ ആക്രമിക്കാൻ കഴിഞ്ഞു? എന്തുകൊണ്ട് പാക്കിസ്ഥാൻ സൈനികരോ, വ്യോമ സേനയോ ഈ ആക്രമണം അറിയാതെ പോയി? എല്ലാം ഇന്ത്യയുടെ സാങ്കേതിക സംവിധാനങ്ങളുടെ ശക്തി തന്നെയായിരുന്നു.

 

ഇന്ത്യയുടെ പ്രതിരോധ ശാസ്ത്ര സ്ഥാപനം ഡിഫൻസ് സയൻസ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത അത്യാധുനിക ടെക്നോളജികളാണ് അന്ന് സേനയെ സഹായിച്ചതെന്നാണ് റിപ്പോർട്ട്. ടെക്നോളജിയുടെ പിൻബലം ഇല്ലെങ്കില്‍ ഇത്രയും തന്ത്രപരമായി പാക്ക് ഭീകര ക്യാംപുകള്‍ ആക്രമിച്ച് മടങ്ങാൻ ഇന്ത്യൻ വ്യോമസേനക്ക് സാധിക്കുമായിരുന്നില്ല.  

 

ആക്രമണത്തിനു മുൻപ് പാക്കിസ്ഥാനെ ഇരുട്ടിലാക്കുന്ന നീക്കമാണ് ഇന്ത്യൻ വ്യോമസേന നടത്തിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാക്കിസ്ഥാന്റെ ഇലക്ട്രോണിക് ആശയവിനിമയ സംവിധാനങ്ങളെല്ലാം ആദ്യം തന്നെ ഇന്ത്യൻ സേന തകർത്തിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് ഈ സംവിധാനങ്ങൾ തിരിച്ചുവന്നത്. അന്നത്തെ രാത്രി പാക്ക് വ്യോമസേന ഒന്നും അറിഞ്ഞിരുന്നില്ല. ഇത് പാക്ക് സേനാ മേധാവികൾക്കിടയിൽ വൻ ചർച്ചയായിരുന്നു. 

 

തുടർന്നാണ് വ്യോമ പരിധി തന്നെ പൂട്ടിയിടാൻ പാക്കിസ്ഥാൻ തീരുമാനിച്ചത്. തുടർന്ന് പാക്ക് വ്യോമസേനയുടെ കൈവശമുള്ള റഡാറുകളെല്ലാം അതിർത്തി പ്രദേശങ്ങളും വൻ നഗരങ്ങളിലും സ്ഥാപിക്കുകയും ചെയ്തു. ഇതോടൊപ്പം, ചൈന, സ്വീഡൻ‌ തുടങ്ങി രാജ്യങ്ങളിൽ നിന്നുള്ള റഡാര്‍ സംവിധാനങ്ങളും മറ്റു വ്യോമ പ്രതിരോധ ഇലക്ട്രോണിക് ഉപകരണങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ഇറക്കുമതി ചെയ്തു. അന്നത്തെ ആക്രമണം പാക്ക് വ്യോമസേനക്ക് വൻ തിരിച്ചടിയാണ് സമ്മാനിച്ചത്. ആ ഭയം ഇന്നും അവരെ വിട്ടുപോയിട്ടില്ലെന്നതാണ് പാക്കിസ്ഥാനിൽ നിന്നു വരുന്ന പുതിയ വാർത്തകൾ സൂചിപ്പിക്കുന്നതും.

 

ഇന്ത്യൻ സേനയും ഡിആർഡിഒയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് വാർഫെയർ സിസ്റ്റമാണ് ബാലാകോട്ട് ആക്രമണത്തിനും ഉപയോഗിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

 

മൂന്നു കാര്യങ്ങൾക്കാണ് ഇലക്ട്രോണിക് വാർഫെയർ സിസ്റ്റം ഉപയോഗിക്കുന്നത്. 1. ഇന്ത്യൻ സേനയുടെ ആശയവിനിമയം, 2. ശത്രുവിന്റെ നീക്കങ്ങളെ കൃത്യമായി മനസ്സിലാക്കാൻ, 3. ശത്രുക്കളുടെ റഡാർ ഉൾപ്പടെയുള്ള ഇലക്ട്രോണിക് സംവിധാനങ്ങൾ തകർക്കാൻ. ഇതൊരു സോഫ്റ്റ്‌വെയർ സംവിധാനമാണ്. 1.5 MHz 40 GHz ആണ് ഈ ഇലക്ട്രോണിക് വാർഫെയർ സിസ്റ്റത്തിന്റെ ഫ്രീക്വൻസി. 

 

ലോ, മീഡിയം, ഹൈ ബാൻഡ് ഫ്രീക്വൻസികളിലും ഇത് പ്രവർത്തിക്കും. ശത്രുക്കളുടെ ഭാഗത്തു നിന്നുള്ള ഏതൊരു ഇലക്ട്രോണിക് തരംഗവും ഈ സംവിധാനം പിടിച്ചെടുക്കും. ആക്രമണത്തിനു മുൻപ് പാക്കിസ്ഥാന്റെ അതിർത്തിയിലെ റഡാറുകള്‍ എല്ലാം ജാം ചെയ്തിരുന്നു. അതേസമയം, ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ആശയവിനിമയ സംവിധാനങ്ങൾ പ്രവർത്തിക്കുകയും ചെയ്തു.

 

അമേരിക്ക, റഷ്യ, ചൈന കഴിഞ്ഞാൽ ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ വ്യോമസേനയാണ് ഇന്ത്യ. എന്നാൽ പാക്കിസ്ഥാൻ ഏഴാം സ്ഥാനത്താണ്.

 

ഇന്‍ന്ദ്ര, രാജേന്ദ്ര, ഏറോസ്റ്റാറ്റ്: ഇന്ത്യയുടെ റഡാറുകളെ പരിചയപ്പെടാം

 

അകലെയുള്ള വസ്തുവിന്റെ സ്ഥാനനിര്‍ണ്ണയം നടത്താനും അതിലേക്കുള്ള ദൂരം, ദിശ, വേഗം എന്നിവ റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ചു നിര്‍ണ്ണയിക്കാനുമുളള റേഡിയോ തരംഗ വിക്ഷേപണ സിസ്റ്റമാണ് റഡാര്‍. വിമാനങ്ങള്‍, കപ്പലുകള്‍, ആകാശപേടകങ്ങള്‍, മിസൈലുകള്‍, മോട്ടോര്‍ വാഹനങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍, യുദ്ധഭൂമിയുടെ സവിശേഷതകള്‍ തുടങ്ങിയവ അളന്നറിയാനാണ് റഡാറുകൾ പ്രയോജനപ്പെടുത്തുക. റഡാര്‍ സിസ്റ്റങ്ങള്‍ പൊതുവെ ഇലക്ട്രോ മാഗ്നെറ്റിക് സിഗ്നലുകള്‍ സൃഷ്ടിക്കുന്ന ഒരു ട്രാന്‍സ്മിറ്റര്‍, അതു പുറത്തേക്കു വികിരണം നടത്താനുള്ള ഒരു ആന്റിന എന്നിവ ഉള്‍ക്കൊള്ളുന്നവയാണ്. ഇവ അയയ്ക്കുന്ന സിഗ്നലുകള്‍ ഏതെങ്കിലും വസ്തുവില്‍ തട്ടി പ്രതിഫലിക്കുകയോ, പലഭാഗത്തേക്കുമായി വികിരണം ചെയ്യപ്പെടുകയോ ചെയ്യും. പ്രതിഫലിച്ചെത്തുന്ന സിഗ്നലുകള്‍ റഡാറിന്റെ ആന്റിനയിലുമെത്തും. അവ റിസീവറുകളിലേക്ക് അയക്കും. പിന്നീട് അവ പ്രൊസസ് ചെയ്ത് വസ്തുവിന്റെ ഭൂമിശാസ്ത്രപരമായ സാന്നിധ്യം നിര്‍ണ്ണയിക്കും.

 

ഇക്കാലത്ത് റഡാറുകള്‍ സൈനിക സാങ്കേതികവിദ്യയുടെ അവിഭാജ്യഘടകമാണ്. എര്‍പോര്‍ട്ടുകളിലും ഇതര സൈനിക താവളങ്ങളിലും ശത്രു വിമാനങ്ങളും മിസൈലുകളും മറ്റും വരുന്നതു കണ്ടുപിടിക്കാനായി ഉപയോഗിക്കുന്നു. ഇന്ത്യയുടെ റഡാറുകളുടെ നിര്‍മാണത്തിന്റെയും പരിപാലനത്തിന്റെയും ചുമതല പ്രതിരോധ വകുപ്പിന്റെ ഡിഫന്‍സ് റിസേര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) കീഴിലുള്ള ഇലക്ട്രോണിക്‌സ് ആന്‍ഡ് റഡാര്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിനാണ് (എല്‍ആര്‍ഡിഇ). ഇവര്‍ നിര്‍മിച്ച റഡാര്‍ സിസ്റ്റങ്ങള്‍ പ്രായോഗിക വിജയം നേടുകയും അവ ധാരാളമായി നിര്‍മിക്കപ്പെട്ട് ഇന്ത്യന്‍ സേനക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്തു. സൈന്യത്തിന്റെ പ്രധാന ആയുധമായ റഡാറുകളിൽ ചിലതിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കാം.

 

ഇന്ദ്ര 

 

ഇന്ത്യന്‍ ഡോപ്ലര്‍ റഡാര്‍ (Indian Doppler Radar (INDRA) ആണ് ഇന്ദ്ര എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. ഇവ 2D റഡാറുകളാണ്. ഇവയില്‍ ഇന്ദ്ര-1 യഥേഷ്ടം മാറ്റിസ്ഥാപിക്കാവുന്ന ഒന്നാണ്. അധികം ഉയരത്തിലല്ലാത്ത ഭീഷണികളെ കണ്ടെത്തുക എന്നതാണ് ഇതിന്റെ കര്‍ത്തവ്യം. ഇരുചക്ര വാഹനങ്ങളിലാണ് ഇവ പിടിപ്പിച്ചിരിക്കുന്നത്. ഒരേസമയം കണ്ടെത്തിയ ഭീഷണിയെ പിന്തുടരാനുള്ള ശേഷിയും കൂടുതല്‍ ഭീഷണികള്‍ കണ്ടെത്താനായി സ്‌കാനിങ് നടത്താനുള്ള കഴിവും ( Track While Scan (TWS) ഉണ്ട്. ശത്രുവോ മിത്രമൊ എന്നു തിരിച്ചറിയാനുള്ള ഐഎഫ്എഫ് (Identification friend or foe, IFF) മനുഷ്യ ഇടപെടലില്ലാതെ സ്വയം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. സ്‌കാനിങ്ങിന്റെ അനുപാതവും ഗണ്യമായി കൂടുതലാണ്. ഇന്ദ്ര-1 ന്റെ നിര്‍മാണം ഡിആര്‍ഡിഓയുടെ ചരിത്ര നേട്ടങ്ങളിലൊന്നാണ്. അവര്‍ ആദ്യം നിര്‍മിച്ച റഡാര്‍ ഇതാണ്. ഇത് ധാരാളമായി സൈനികർ ഉപയോഗിക്കുന്നുണ്ട്.

 

പിന്നീടു നിര്‍മിച്ച ഇന്ദ്ര-2 (INDRA-II) ആകട്ടെ ഭൂതലത്തിലിരുന്ന് ലക്ഷ്യങ്ങളെ വഴിതെറ്റിക്കാന്‍ ഉപയോഗിക്കുന്നു.

 

രാജേന്ദ്ര

 

ഇന്ത്യയുടെ ആദ്യ പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദിന്റെ പേരില്‍ നിര്‍മിച്ചതാണ് ഈ റഡാര്‍. ഇതൊരു വിവിധോദ്ദേശ സിസ്റ്റമാണ്. ആകാശ് മിസൈലിന്റെ ( Aakash Air Defence System) ഭാഗമായ ഇതിനെ ഒരു പാസീവ് ഇലക്ട്രോണിക്കലി സ്‌കാന്‍ഡ് ഫെയ്‌സ് അറേ (passive electronically scanned array (PESA) റഡാര്‍ എന്നാണു വിളിക്കുന്നത്. ആകാശ് മിസൈലിനെ ലക്ഷ്യസ്ഥാത്തേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന കര്‍ത്തവ്യങ്ങളിലൊന്ന്. രാജേന്ദ്ര സിസ്റ്റത്തെ ഇരു ചക്രവാഹനത്തില്‍ കൊണ്ടു നടക്കാവുന്നതാണ്. ആകാശിനൊപ്പം പ്രവര്‍ത്തിക്കുക എന്നതു കൂടാതെ സാധാരണ റഡാര്‍ സിസ്റ്റങ്ങള്‍ നടത്തുന്നതു പോലെയുള്ള നിരീക്ഷണങ്ങള്‍ക്കും മറ്റും ഉപയോഗിക്കുകയും ചെയ്യാമെന്നത് ഇതിനെ കൂടുതല്‍ ഉപകാരപ്രദമാക്കുന്നു.

 

രോഹിണി 

 

ഭൂനിലയങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എസ്-ബാന്‍ഡിലുള്ള, ഇടത്തരം നരീക്ഷണ പരിധിയുള്ള, 3D വ്യോമ നിരീക്ഷണ റഡാറാണ് രോഹിണി. തീവ്രതയുള്ള ഇലക്ട്രോണിക് യുദ്ധത്തിനിടയിലും (Electronci Warfare) വ്യോമ ലക്ഷ്യങ്ങളെ കണ്ടെത്തുന്നതിനും പിന്തുടരുന്നതിനും ഉതകുന്നതാണ് ഇതിന്റെ നിര്‍മാണ രീതി. ഒന്നിലേറെ ലക്ഷ്യങ്ങളെ ഒരേസമയം കണ്ടെത്താനും പിന്തുടരാനുമുള്ള ശേഷിയും അതീവ കൃത്യതയോടെ അവയുടെ സ്ഥാനം നിര്‍ണ്ണയിക്കാനുള്ള കഴിവും ഇതിനുണ്ട്. കൂറ്റന്‍ ട്രക്കുകള്‍ക്കു രൂപമാറ്റം വരുത്തി നിര്‍മിച്ച തത്ര (Tatra) മൊബൈല്‍ വാഹനത്തിലാണ് ഇതിനെ പിടിപ്പിച്ചിരിക്കുന്നത്. ഇത് രോഹിണിക്ക് യുദ്ധ രംഗത്തേുള്ള കടന്നുചെല്ലല്‍ എളുപ്പമാക്കുന്നു.

 

170 കിലോമീറ്റര്‍ വരെ അകലത്തിലും 15 കിലോമീറ്റര്‍ ഉയരത്തിലും ഇതിന് സ്‌കാന്‍ ചെയ്യാനാകും. ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളെയും മണിക്കൂറില്‍ 3,000 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കുന്ന മിസൈലുകളെയും ഇതിനു പിന്തുടരാനാകും. ഇതില്‍ വിന്യസിച്ചിരിക്കുന്നത് ഇലക്ട്രോണിക് കൗണ്ടര്‍ കൗണ്ടര്‍ മെഷര്‍ (Electronic Counter Counter Measure (ECCM) ഫീച്ചറാണ്. നിരീക്ഷണത്തിനും ശത്രു-മിത്ര തിരിച്ചറിയലിനും ഇതിനെ പ്രയോജനപ്പെടുത്താം. ഒരോ വര്‍ഷവും ഏകദേശം 20 രോഹിണി റഡാറുകളാണ് നിര്‍മിക്കുന്നത്.

 

സ്വാതി

 

ഇന്ത്യയിലെ ഒരു ലക്ഷ്യത്തെ ഉന്നം വച്ചെത്തുന്ന റോക്കറ്റുകളുടെയും മറ്റും തൊടുത്ത കേന്ദ്രം കണ്ടെത്തി അതു തകര്‍ക്കാനുള്ള നീക്കം നടത്താനുള്ള ശേഷിയുള്ളതാണ് സ്വാതി സിസ്റ്റം. മുഴുവന്‍ പേര് സ്വാതി വെപ്പണ്‍ ലൊകേറ്റിങ് റഡാര്‍ (Swathi Weapon Locating Radar). ഒരേ സമയം ഏഴു ലക്ഷ്യങ്ങളെ വരെ ട്രാക്കു ചെയ്യാനുള്ള ശേഷിയാണ് ഇതിനുള്ളത്. ഇപ്പോള്‍ പ്രധാനമായും അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ പട്ടാള കേന്ദ്രങ്ങള്‍ മനസ്സിലാക്കിയെടുക്കുന്നതില്‍ പ്രയോജനപ്പെടുത്തുന്നു.

 

എയ്‌റോസ്റ്റാറ്റ്

 

ഹീലിയം നിറച്ച ആവരണമുള്ള ഇവയ്ക്ക് 4,600 മീറ്റര്‍ ഉയരത്തില്‍ വരെ പൊങ്ങാനാകും. 1,000 കിലോ വരെ പേലോഡ് (payload) ഉയര്‍ത്തനുമാകും. ആദ്യ എയ്‌റോസ്റ്റാറ്റ് റഡാറുകള്‍ അമേരിക്കന്‍ സേന മയക്കുമരുന്നു കടത്തുകാര്‍ക്കെതിരെയാണ് ഉപയോഗിച്ചത്. ഇത് 1980കളിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT