ADVERTISEMENT

ചൈനീസ് നാവികസേനയുടെ 70-ാം വാര്‍ഷികാഘോഷത്തിൽ പങ്കെടുക്കാനായി ഇന്ത്യയിൽ നിന്നുള്ള രണ്ടു യുദ്ധക്കപ്പലുകൾ ചൈനയിലെത്തി. ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് ശക്തി എന്നീ രണ്ടു കപ്പലുകളാണ് ചൈനയിലെത്തിയത്. എന്നാൽ പക്കിസ്ഥാൻ നാവികസേനയെ വിളിച്ചിരുന്നെങ്കിലും കപ്പലുകളോ സൈനികരെയോ അയക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഏപ്രിൽ 23 മുതലാണ് ചൈനീസ് നാവികസേനയുടെ വാർഷികാഘോഷത്തിന് തുടക്കം കുറിക്കുന്നത്.

 

ചൈനയുമായി അടുത്ത ബന്ധം പുലർത്തുന്ന പാക്കിസ്ഥാൻ ചടങ്ങിലേക്ക് കുറഞ്ഞത് രണ്ടു പടക്കപ്പലുകളെങ്കിലും അയക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അറേബ്യന്‍ കടലിലെ ഇന്ത്യന്‍ നാവികസേനയുടെ സാന്നിധ്യം പാക്കിസ്ഥാനെ ഭയപ്പെടുത്തുന്നുണ്ട്. ഇതിനാൽ കപ്പലുകളൊന്നും അയക്കേണ്ടതില്ലെന്നാണ് പാക്ക് സേനകൾ തീരുമാനിച്ചത്. പാക്ക് നാവികസേനയുടെ കൈവശമുള്ള പ്രധാനപ്പെട്ട കപ്പലുകൾ ചൈനയിലേക്ക് അയച്ചാൽ പ്രതിരോധത്തിന് മറ്റു മാർഗ്ഗങ്ങളില്ലാതെ വരും.

 

പുല്‍വാമാ ആക്രമണത്തിനു ശേഷം ഇന്ത്യന്‍ നാവികസേന ഏതു വെല്ലുവിളിയും നേരിടാൻ സജ്ജമാണെന്ന് അറിയിച്ചിരുന്നു. വിമാനവാഹിനിക്കപ്പലും അണ്വായുധ ശേഷിയുള്ള അന്തര്‍വാഹിനികളും നിരവധി യുദ്ധക്കപ്പലുകളും അറേബ്യൻ കടലിൽ വിന്യസിച്ചിട്ടുണ്ടെന്നാണ്. ഇതായിരിക്കാം പടക്കപ്പലുകളെ അയക്കാനുള്ള ചൈനയുടെ ക്ഷണം പാക്കിസ്ഥാനു സ്വീകരിക്കാനാകാത്തത്. കൂടാതെ ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള ഇപ്പോഴത്തെ ഇരിപ്പു വച്ചു നോക്കിയാല്‍ ഗൗരവമുള്ള കാരണമുള്ളതു കൊണ്ടു തന്നെയാണ് വാര്‍ഷികാഘോഷത്തിനെത്താത്തതെന്നും കാണാം.

 

അതേസമയം, ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ഐഎന്‍എസ് കൊല്‍ക്കത്ത (INS Kolkata) എന്ന ഒളിയാക്രമണ പടക്കപ്പലും ഐഎന്‍എസ് ശക്തിയുമാണ് ചൈനീസ് തീരത്ത് എത്തിയിരിക്കുന്നത്. ഇരു കപ്പലുകളിലുമായി 500 നാവികരുമുണ്ട്. ഇതുവരെ 60 രാജ്യങ്ങളുടെ നാവിക സേനകള്‍ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് ചൈനീസ് വൃത്തങ്ങള്‍ പറയുന്നത്. വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുന്നതോടെ ഇന്ത്യ–ചൈന തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ വര്‍ധിക്കുമെന്നും കരുതുന്നു. 2014നു ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ കപ്പലുകള്‍ ചൈനീസ് നാവികാഭ്യാസത്തിന് എത്തുന്നത്.

 

ഇന്ത്യന്‍ പടക്കപ്പലുകളുടെ സാന്നിധ്യം സഹകരണത്തിന്റെ പ്രതീകമായി കാണാമെങ്കിലും ഇതില്‍ മത്സരത്തിന്റെ ഒരുവശം ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. തങ്ങളുടെ കപ്പലുകളുടെ ശേഷി പരിശോധിച്ചറിഞ്ഞോളാന്‍ പറയുന്നതു പോലെയാകാമിത്. ഏറ്റവുമധികം ശക്തിയുള്ള കപ്പലുകള്‍ ഈ സൈനികാഭ്യസത്തിനിടയില്‍ ശ്രദ്ധ നേടുന്നതും കാണാം. ഐഎന്‍എസ് കൊല്‍ക്കത്തയില്‍ സൂപ്പര്‍സോണിക് ബ്രഹ്മോസ് മിസൈല്‍ പിടിപ്പിക്കാം. ഈ കപ്പല്‍ പരിശോധിക്കാന്‍ അയയ്ക്കുന്നതിലൂടെ ചൈനയ്ക്കും ലോക രാഷ്ട്രങ്ങള്‍ക്കും ശക്തമായ സന്ദേശമാണ് ഇന്ത്യ നല്‍കുന്നതെന്നു വാദിക്കുന്നവരുണ്ട്.

 

കൂടെയുള്ള ഐഎന്‍എസ് ശക്തിയാകട്ടെ ഒരു യുദ്ധക്കപ്പലല്ല. മറിച്ച് ടാങ്കര്‍ ആണ്. കൊല്‍ക്കൊത്തയും ശക്തിയും എത്തുന്നത് ഇന്ത്യയുടെ സമുദ്രശക്തി വിളിച്ചോതിക്കൊണ്ടാണ്. എന്നാല്‍ ചൈനയുടെ ക്ഷണം അമേരിക്ക സ്വീകരിച്ചിട്ടില്ല. അവര്‍ കപ്പലുകള്‍ അയക്കില്ല എന്നതു കൂടാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും അയച്ചേക്കില്ലെന്നു പറയുന്നു. ഇത് ചൈനയ്‌ക്കൊരു തിരിച്ചടിയാണ്. പക്ഷേ, അമേരിക്കയുടെ സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണ കൊറിയയും ഈ സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. പത്ത് രാജ്യങ്ങളിൽ നിന്നുള്ള 20 യുദ്ധക്കപ്പലുകളാണ് നാവികാഭ്യാസത്തിനു എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com