ADVERTISEMENT

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ ഭീതിയിൽ നിന്നും പാക്കിസ്ഥാൻ വ്യോമസേന ഇപ്പോഴും പുറത്തുവന്നിട്ടില്ല. ആക്രമണം നടന്ന് മൂന്നു മാസം പിന്നിടുമ്പോഴും ഇന്ത്യയിൽ നിന്നു ഏതു നിമിഷവും ആക്രമണം ഉണ്ടാകാമെന്ന ഭീതിയിലാണ് പാക്ക് വ്യോമസേനയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം വ്യോമപാതകൾ തുറക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തിയത് പാക്കിസ്ഥാന്റെ ഭീതി കൂട്ടിയിട്ടുണ്ട്. അയൽ രാജ്യങ്ങളെ തലവൻമാരെ എല്ലാം മോദി അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് വിളിച്ചെങ്കിലും പാക്കിസ്ഥാനെ ഒഴിവാക്കി.

 

ഇന്ത്യൻ വ്യോമസേന ബാലാക്കോട്ടിൽ നടത്തിയ ആക്രമണത്തിനു ശേഷം പാക്കിസ്ഥാനിലെ മൂന്നു സേനകളും പൂർണ്ണ സജ്ജമാണ്. കഴിഞ്ഞ ആഴ്ചകളിൽ പോലും പാക്ക് വ്യോമസേനയുടെ, വൻ ആക്രമണം നേരിടാനുള്ള പരിശീലന ദൗത്യങ്ങളാണ് നടന്നത്. അതിർത്തി പ്രദേശങ്ങളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലുമെല്ലാം ടാങ്കുകളും പോർവിമാനങ്ങളും സജ്ജമാക്കി ജാഗ്രതയിലാണ് പാക്ക് വ്യോമസേന.

 

ഇന്ത്യയുടെ ആക്രമണം ഭയന്ന് മൂന്നു മാസം കഴിഞ്ഞിട്ടും പാക്കിസ്ഥാനിലെ വ്യോമപാതകൾ തുറന്നിട്ടില്ല. ജൂൺ 14 വരെയാണ് വ്യോമപാതകൾ അടച്ചിട്ടിരിക്കുന്നത്. ഇന്ത്യയുമായി പങ്കിടുന്ന വ്യോമപാതകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യയുമായുള്ള 11 വ്യോമ പാതകളാണ് പാക്കിസ്ഥാൻ അടച്ചിട്ടിരിക്കുന്നത്. ഒമാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായുള്ള വ്യോമപാതകൾ നേരത്തെ തന്നെ തുറന്നിരുന്നു.

 

ഫെബ്രുവരി 26ന് വ്യോമാക്രമണം നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് പാക്കിസ്ഥാനിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടത്. ഇതോടൊപ്പം വ്യോമപാതയും അടച്ചിടുകയായിരുന്നു. എന്നാൽ അടച്ചിടൽ ഇപ്പോഴും തുടരുന്നതിന്റെ കാരണം പാക്ക് വ്യോമയാന മന്ത്രാലയം വ്യക്താക്കിയിട്ടില്ല.

 

പാക്കിസ്ഥാന്റെ കൈവശമുള്ള എല്ലാ റഡാർ സംവിധാനങ്ങളും എയർ ഡിഫൻ സിസ്റ്റങ്ങളും ഇന്ത്യ–പാക്ക് അതിർത്തിയിൽ സജ്ജീകരിച്ചിരിക്കുകയാണ്. പുൽവാമയിലെ ഭീകരാക്രമണത്തിനു ശേഷം തന്നെ പാക്കിസ്ഥാൻ സേന ജാഗ്രതയിലാണ്. എന്നാൽ അകത്തു കയറി ആക്രമിക്കുമെന്ന് പാക്കിസ്ഥാൻ കരുതിയിരുന്നില്ല. എന്നാൽ വ്യോമാക്രമണത്തിലൂടെ ഇന്ത്യൻ വ്യോമസേന തിരിച്ചടി നൽകി. ഇതു പാക്കിസ്ഥാനു വൻ തിരിച്ചടിയായി.

 

പാക്കിസ്ഥാൻ വ്യോമപാതകൾ അടച്ചിട്ടതോടെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് എയര്‍ ഇന്ത്യയാണ്. എയർ ഇന്ത്യക്ക് ഏകദേശം 300 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. അതേസമയം, പാക്കിസ്ഥാനും ഇതുവഴി വൻ നഷ്ടം നേരിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com