ADVERTISEMENT

വിമാനങ്ങൾ അപ്രത്യക്ഷമാകുന്നത് പതിവ് വാർത്തയാണ്. എന്നാൽ 2016 ജൂലൈ 22 ന് അപ്രത്യക്ഷമായ വിമാനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്നും വിങ്ങുന്ന ഓർമയാണ്. വ്യോമസേനയുടെ എഎൻ–32 കാണാതായിട്ട് മൂന്നു വർഷം കഴിഞ്ഞിട്ടും വിമാനത്തിന്റെ ഒരു പൊടി പോലും കണ്ടെത്താനായില്ല. പ്രതീക്ഷകളെല്ലാം മങ്ങി തിരച്ചിൽ നിർത്തുകയായിരുന്നു.

 

ലഭ്യമായ എല്ലാ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി തിരച്ചിൽ നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല എന്നത് നിഗൂഢതയാണ്. സാറ്റ്‌ലൈറ്റ് ചിത്രങ്ങളും മറ്റു സംവിധാനങ്ങളും ഉപയോഗപ്പെടുത്തി അന്വേഷിച്ചു. ആഴക്കടലുകളിൽ തിരച്ചിൽ നടത്താനായി സാഗർ നിധി കപ്പൽ എത്തിയെങ്കിലും ഒന്നും കിട്ടിയില്ല. അവസാനം തിരച്ചിൽ മതിയാക്കി സാഗർ നിധിയും മടങ്ങി.

 

റഡാറുകൾക്ക് അപ്പുറത്ത് നിന്നാണ് വിമാനം മറഞ്ഞത്. ചെന്നൈ–പോർട്ട് ബ്ലയർ റൂട്ടിൽ 150–200 നോട്ടിക്കൽ മൈൽ ദൂരം റഡാറിന്റെ സേവനം ലഭ്യമല്ല. ഇതിനാൽ തന്നെ വിമാനം പറന്നുയർന്നു പത്തു മിനിറ്റിനകം റഡാർ ബന്ധം നഷ്ടപ്പെട്ടു. കാണാതായ വിമാനം അറ്റുകുറ്റപ്പണികൾക്ക് ശേഷം 179 മണിക്കൂറുകളോളം പറന്നിട്ടുണ്ടായിരുന്നു. പൈലറ്റിനു ഏകദേശം 500 മണിക്കൂറോളം വിമാനം പറത്തിയുള്ള പരിചയവുമുണ്ടായിരുന്നു.

 

വിമാനം കാണാതാകുന്ന സമയത്ത് ഈ മേഖലയിൽ മേഘം മൂടികിടക്കുകയായിരുന്നു. ഇതിനാൽ തന്നെ മിക്ക സാറ്റലൈറ്റ് ചിത്രങ്ങളിലും ഒന്നും വ്യക്തമായില്ല. കോടികൾ ചെലവിട്ട് ബംഗാൾ ഉൾക്കടലിൽ ആഴ്ചകളോളം തിരച്ചിൽ നടത്തി. വിമാനത്തിന്റെ ഒരു സൂചന പോലും ലഭിച്ചില്ല.

 

റഡാറിൽ നിന്ന് മറയുമ്പോൾ വിമാനം 23,000 അടി ഉയരത്തിലായിരുന്നു. ചെന്നെയിൽ നിന്ന് 270 അകലെ നിന്ന് മറയുമ്പോൾ സമയം ജൂലൈ 22 ഞായർ, രാവിലെ 9.12. അപകടത്തിന്റെ ഒരു സൂചന പോലും കോക്ക്പിറ്റിൽ നിന്ന് ലഭിച്ചിട്ടില്ല. അപകടത്തിൽ പെട്ടാൽ എസ്ഒഎസ് സന്ദേശം അയക്കാറുണ്ട്. അതുപോലും എഎൻ–32 വിൽ നിന്ന് വന്നില്ല.

 

ബംഗാൾ ഉൾക്കടലിലെ തിരച്ചിലിൽ 30 വസ്തുക്കൾ കണ്ടെത്തി. ഈ ഭാഗത്തു നിന്നു ഇരുപത്തിനാലോളം ഇലക്ട്രോണിക് ട്രാൻസ്മിഷനുകൾ കണ്ടെടുത്തു. സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിച്ചു. എവിടെയും വിമാനത്തിന്റെ ചെറിയ സൂചന പോലും ലഭിച്ചില്ല.

 

എന്തുകൊണ്ട് എഎൻ–32 ?

 

35 വർഷങ്ങൾക്ക് മുൻപ് ഇന്ദിരാഗാന്ധിയുടെ ഭരണക്കാലത്ത് സോവിയറ്റ് യൂണിയനുമായി ചേർന്നാണ് ഇന്ത്യക്ക് എക്സ്ക്ലൂസീവായി നൂറോളം എഎൻ–32 വിമാനങ്ങൾ നിർമിച്ചത്. അന്നത്തെ ഏറ്റവും വലിയ പ്രതിരോധ ഇടപാടായിരുന്നു അത്. പിന്നീട് മുപ്പതോളം വിമാനങ്ങൾ യുക്രെയിനുമായി ചേർന്ന് പുതുക്കി പണിതു. പുതുക്കി പണിത വിമാനങ്ങൾ എഎൻ –32 എസ് എന്നാണ് വിളിക്കുന്നത്. എന്നാൽ കാണാതായ വിമാനം പുതുക്കി പണിതത് ആയിരുന്നില്ല.

 

എഎൻ–32 തകർന്നു വീണു (2004, 2011)

 

ഏറെ പഴക്കം ചെന്ന എഎൻ–32 രണ്ടു തവണ തകർന്നു വീണിട്ടുണ്ട്. 2011 ൽ 13 സൈനികരാണ് മരിച്ചത്. സോവിയറ്റ് യൂണിയൻ കാലത്തെ മികച്ച വിമാനമാണെങ്കിലും എല്ലാം പുതുക്കി പണിയണമെന്ന് നിരവധി തവണ പാർലമെന്റിൽ ചർച്ചയ്ക്ക് വന്നതാണ്. എന്നാൽ ഫണ്ടിന്റെ കുറവ് കാരണം പദ്ധതി നീണ്ടുപോയി. രാജ്യത്തെ വിവിധ സ്ഥലങ്ങളിലേക്ക് സാധനസാമഗ്രികൾ കൊണ്ടുപോകാനാണ് എഎൻ–32 കാര്യമായി ഉപയോഗിക്കുന്നത്.

 

ഇന്ത്യ ആകെ 125 എഎൻ–32 വിമാനങ്ങളാണ് വാങ്ങിയിരുന്നത്. ഇതിൽ 104 വിമാനവും ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. 35 വിമാനങ്ങളാണ് പുതുക്കിപണിതത്. പുതിയ എൻജിനും മറ്റു സാങ്കേതിക സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് പുതുക്കിയത്.

 

എവിടെയും കുറ‍ഞ്ഞ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഏതു കാലാവസ്ഥയിലും ഇറങ്ങാൻ കഴിയുമെന്നതാണ് എഎൻ–32 ന്റെ ഏറ്റവും വലിയ ഗുണം. മഞ്ഞുമലകളിൽ വരെ ഇറങ്ങാൻ എഎൻ–32 കഴിയും. പ്രളയം, ഭൂകമ്പം തുടങ്ങി മിക്ക പ്രകൃതി ദുരന്തങ്ങളെയും നേരിടാൻ എഎൻ–32 രംഗത്തുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com