ADVERTISEMENT

വിവിധ രാജ്യങ്ങളുടെ പ്രതിരോധ വിഭാഗങ്ങള്‍ക്ക് ആയുധം നിര്‍മിച്ചു നല്‍കാനുള്ള പദ്ധതിയാണ് ഇന്ത്യ ഇപ്പോള്‍ ഒരുക്കുന്നത്. ഇതിലൂടെ 2025നു മുൻപ് 35,000 കോടി രൂപയുടെ വില്‍പന നടത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇന്ത്യ നിര്‍മിക്കുന്ന ആയുധങ്ങള്‍ വാങ്ങാന്‍ താൽപര്യപ്പെട്ട് 85 രാജ്യങ്ങളെ രംഗത്തുവന്നിട്ടുണ്ട്. ഈ രാജ്യങ്ങളുടെ പ്രതിരോധ അറ്റഷെകള്‍ (attache ഓരോ രാജ്യത്തിന്റെയും നയതന്ത്രകാര്യാലയത്തിലെ വിദഗ്ധന്‍) വിളിച്ച് തങ്ങളുടെ ആയുധ നിര്‍മാണ വൈദഗ്ധ്യം അറിയിച്ചു കൊടുക്കുകയും ചെയ്തു. ഇനി ഈ അറ്റഷെകളായിരിക്കും ഇന്ത്യയുടെ ശേഷിയെപ്പറ്റി തങ്ങളുടെ രാജ്യങ്ങളിലെ പ്രതിരോധ വകുപ്പുകളെ ബോധ്യപ്പെടുത്തുന്നത്.

 

ഓരോ രാജ്യത്തെയും പ്രതിരോധ അറ്റഷെയ്ക്ക് ഇന്ത്യയുടെ ആയുധ നിര്‍മാണ മികവിനെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിക്കാന്‍ പ്രതിവര്‍ഷം 50,000 ഡോളര്‍ വരെയായിരിക്കും നല്‍കുക. തങ്ങളുടെ രാജ്യങ്ങളിലെ പൊതുമേഖലിയിലും സ്വകാര്യ മേഖലയിലും മെയ്ഡ്-ഇന്‍-ഇന്ത്യ പ്രതിരോധ ഉപകരണങ്ങളുടെ ഗുണങ്ങള്‍ പ്രചരിപ്പിക്കുന്നതിനായിരിക്കും ഈ പണം ഉപയോഗിക്കേണ്ടത്. എക്‌സിബിഷനുകള്‍, പഠനക്കളരികള്‍, സെമിനാറുകള്‍, ലഘുലേഖകളിലൂടെയുള്ള പ്രചരണങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഈ പണം ഉപയോഗിക്കാവുന്നതാണ്.

 

കഴിഞ്ഞ വര്‍ഷവും വിവിധ രാജ്യങ്ങളിലെ പ്രതിരോധ അറ്റഷെകളെ വിളിച്ചുവരുത്തി ആയുധങ്ങളെക്കുറിച്ചുള്ള വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് അറ്റഷെകള്‍ ആയുധ നിര്‍മാണ വ്യവസായത്തിലെയും പ്രതിരോധ മന്ത്രാലയത്തിലെയും വിദേശകാര്യ വകുപ്പിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. വിവിധ രാജ്യങ്ങളിലെ അറ്റഷെമാരോട് തങ്ങളുടെ ആവശ്യങ്ങളുടെ വിശദമായ രൂപരേഖ ഈ ആഴ്ച അവസാനത്തിനു മുൻപ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. തങ്ങളുടെ രാജ്യത്ത് ഇന്ത്യന്‍ ആയുധ നിര്‍മാണത്തെക്കുറിച്ച് പ്രചാരണം നടത്താനായി ചെയ്ത കാര്യങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്.

 

ധാരാളം ആയുധം വാങ്ങുമെന്ന് ഇന്ത്യ കരുതുന്ന ചില രാജ്യങ്ങളെ 'എ' ഗണത്തില്‍ പെടുത്തിയിരിക്കുന്നു. ഈ രാജ്യങ്ങളുടെ അറ്റഷെമാര്‍ക്കാണ് പ്രതിവര്‍ഷം 50,000 ഡോളര്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബി, സി, എന്നീ ഗണത്തിലുള്ള രാജ്യങ്ങളും ഉണ്ട്. ഇവരുടെ പ്രതിനിധികള്‍ക്ക് നല്‍കുന്ന പണം ആനുപാതികമായി കുറയും. ആദ്യഘട്ടത്തില്‍ ഈ ഇനത്തില്‍ ചിലവാക്കാനായി വകമാറ്റിയിരിക്കുന്നത് 16 കോടി രൂപയാണ്. പുതിയ ആയുധ നിര്‍മാതാവിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പ്രചാരണ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. ആയുധം വാങ്ങാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികളുടെ മനസ്സിലേക്ക് മറ്റൊരു ചിത്രം നല്‍കാന്‍ ഈ പ്രചാരണ പരിപാടികള്‍ക്കു സാധിച്ചേക്കും.

 

തങ്ങള്‍ നിര്‍മിക്കുന്ന ആയുധം വാങ്ങാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയും ഇന്ത്യ തയാറാക്കിയിട്ടുണ്ട്. വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ബഹറൈന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, യുഎഇ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയിലുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളെയും ഒഴിവാക്കിയിട്ടില്ല. അമേരിക്കയെയും ബ്രിട്ടനെയും പോലെയുള്ള രാജ്യങ്ങളുടെ പ്രധാന പ്രതിരോധ സാമഗ്രികള്‍ അവര്‍ നിര്‍മിക്കുമെങ്കിലും അവ കൂടാതെയുള്ള സബ് സിസ്റ്റങ്ങള്‍ നിര്‍മിക്കാനുള്ള സമ്മതപത്രം ലഭിക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

ലോകത്തെ ഒരു പ്രധാന ആയുധ നിര്‍മാണ കേന്ദ്രമാകാനുള്ള ശ്രമമാണ് ഇന്ത്യ ഇപ്പോള്‍ നടത്തുന്നത്. ആദ്യ ലക്ഷ്യം 2025നു മുൻപ് 35,000 കോടി രൂപയ്ക്കുള്ള ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കുക എന്നതാണ്. ഇതു നടക്കണമെങ്കില്‍ വിവിധ രാജ്യങ്ങളുടെ പ്രതിരോധ അറ്റഷെകളുടെ പ്രവര്‍ത്തനം മികച്ചതായിരിക്കണമെന്ന് എടുത്തു പറയേണ്ട കാര്യമില്ല. കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്ന യുദ്ധ-പ്രതിരോധ സാമഗ്രികള്‍ നിര്‍മിച്ചു നല്‍കാന്‍ ഇന്ത്യക്കാകുമെന്ന സന്ദേശം തങ്ങളുടെ രാജ്യങ്ങളിലെ ഭരണാധികാരികളിലും ജനങ്ങളിലും എത്തിക്കുക എന്ന ചുമതല അവരില്‍ നിക്ഷിപ്തമാണ്.

 

ആയുധ കയറ്റുമതി നടത്താന്‍ ശേഷിയുള്ള രാജ്യമെന്ന പ്രചാരണത്തിനായി മറ്റു പല നീക്കങ്ങളും ഇന്ത്യ നടത്തുന്നുണ്ട.് ഇതിനായി ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം പോലും നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും പറയുന്നു. നിര്‍മിക്കുന്ന ആയുധങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കല്‍ മുതല്‍ വിദേശ രാജ്യങ്ങളുമായുള്ള ഇടപെടലില്‍ ഒരു പ്രൊഫഷണല്‍ സമീപനം ഉണ്ടാക്കാന്‍ വരെ ഇതു സഹായിക്കുമെന്നു കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com