ADVERTISEMENT

സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതികളുടെ മിസൈല്‍ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് സൗദി സഖ്യസേന വീണ്ടും ആരോപിച്ചു. കഴിഞ്ഞ ദിവസം ആക്രമിക്കാൻ ഉപയോഗിച്ചത് അത്യാധുനിക ശേഷിയുള്ള ക്രൂസ് മിസൈലാണെന്ന് ഹൂതികൾ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഏതു പേരിലുള്ള മിസൈലാണ് ഉപയോഗിച്ചതെന്ന് പറയുന്നില്ല. ന്യൂസ് വിഡിയോകളിൽ നിന്ന് ലഭ്യമായ സൂചന പ്രകാരം ഇറാന്റെ കൈവശമുള്ള ക്രൂസ് മിസൈലിനോടു സാമ്യമുണ്ടെന്നാണ്. ഇറാൻ വ്യോമസേന 2015 ൽ പരീക്ഷിച്ചു വിജയിച്ച ‘സുമാർ’ ക്രൂസ് മിസൈലാണ് സൗദിയെ ആക്രമിക്കാൻ ഹൂതികൾ ഉപയോഗിച്ചതെന്നാണ് കരുതുന്നത്.

 

ക്രൂസ് മിസൈലിന് പിന്നില്‍ ഇറാനാണെന്ന് സൗദി സഖ്യസേന ആരോപിച്ചതിനു പിന്നാലെ അമേരിക്കയും സമാന വാദവുമായി രംഗത്തെത്തിയിരുന്നു. ഇത്രയും അത്യാധുനിക, ലോക ശക്തികൾക്ക് മാത്രം പ്രയോഗിക്കാന്‍ ശേഷിയുള്ള ക്രൂസ് മിസൈലുകൾ ഹൂതികളുടെ കൈവശമെത്തിയ വഴി ഇറാൻ തന്നെയാണെന്നാണ് അറബ് സഖ്യ സേന കരുതുന്നത്. ഒന്നെങ്കിൽ ഇറാനിൽ നിന്നു ഇറക്കുമതി ചെയ്ത ക്രൂസ് മിസൈൽ, അല്ലെങ്കിൽ ഇറാൻ എൻജിനീയർമാരുടെ സഹായത്തോടെ ഹൂതികൾ വികസിപ്പിച്ചെടുത്ത മിസൈൽ ആകാമെന്നും നിരീക്ഷിക്കുന്നു.

 

2,000 മുതൽ 3,000 കിലോമീറ്റർ ദൂരപരിധിയുള്ള സുമാർ ക്രൂസ് മിസൈലാണ് ഇറാന്റെ കൈവശമുള്ളത്. ഇത്രയും പരിധിയുള്ള മിസൈലിന് ജർമനി വരെ ആക്രമിക്കാൻ കഴിയും. 600 കിലോമീറ്റർ ദൂരപരിധിയിലാണ് 2015 ൽ പരീക്ഷണം നടത്തിയത്. ഇസ്രയേൽ, സമീപ രാജ്യങ്ങളിലെ അമേരിക്കൻ ക്യാംപുകളെ വരെ ആക്രമിക്കാൻ ഈ മിസൈലിനു സാധിക്കുമെന്നാണ് കരുതുന്നത്.

 

ആക്രമണത്തിനു ഏറ്റവും മികച്ച ആയുധമാണ് ക്രൂസ് മിസൈൽ. ബാലസ്റ്റിക് മിസൈലിനേക്കാൾ താഴ്ന്ന് പറന്ന്, ശത്രുക്കളെ കണ്ണുവെട്ടിച്ച് കുതിക്കാൻ ക്രൂസ് മിസൈലിനു സാധിക്കും. ക്രൂസ് മിസൈൽ പരീക്ഷണത്തിനു ഇറാന് നിയന്ത്രണമുണ്ട്. എന്നാൽ ക്രൂസ് മിസൈലിന്റെ കൃത്യത ഹൂതികളെ ഉപയോഗിച്ച് സൗദിക്കെതിരെ ആക്രമണം നടത്തി ഇറാനിലെ ഗവേഷകർ പരീക്ഷിക്കുകയാണെന്നും ആരോപണമുണ്ട്.

 

കരയിൽ നിന്ന് തൊടുക്കാവുന്ന ക്രൂസ് മിസൈലാണ് ഇറാന്റെ സുമാർ. യമന്‍ അതിര്‍ത്തിയില്‍ നിന്നും 180 കിലോമീറ്റർ അകലെയുള്ള വിമാനത്താവളത്തിലെ ആഗമന ഹാളിലാണ് ക്രൂസ് മിസൈൽ പതിച്ചത്. അതായത് കൃത്യമായ മാപ്പിങ്ങിലൂടെ നിയന്ത്രിക്കാൻ ശേഷിയുള്ള ക്രൂസ് മിസൈലാണ് ആക്രമണത്തിനു ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തം. ഹൂതികളുടെ സാധാരണ ബാലിസ്റ്റിക് മിസൈലുകളെല്ലാം അമേരിക്കയുടെ പാട്രിയേറ്റ് മിസൈൽ പ്രതിരോധ സിസ്റ്റം ആകാശത്തുവച്ചു തന്നെ തകർക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസത്തെ മിസൈലിനെ നേരിടാൻ അമേരിക്കൻ ടെക്നോളജിക്കും സാധിച്ചില്ല.

 

സോവിയറ്റ് കാലത്ത് ഉപയോഗിച്ചിരുന്ന കെഎച്ച്–55 മിസൈലിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇറാന്റെ സുമാർ ക്രൂസ് മിസൈൽ. 2001 ൽ യുക്രയ്നിൽ നിന്ന് ബ്ലാക്ക് മാർക്കറ്റിലൂടെ സ്വന്തമാക്കിയ കെഎച്ച്–55 മിസൈൽ ഇറാനിലെ എൻജിനീയർമാർ റിവേഴ്സ് എൻജിനീയറിങ്ങിലൂടെ പരിഷ്കരിച്ച് അവതരിപ്പിക്കുകയായിരുന്നു. 2015 ക്രൂസ് മിസൈലിന്റെ ആദ്യ പതിപ്പും 2019 ൽ ഇതിന്റെ പരിഷ്കരിച്ച പതിപ്പ് മറ്റൊരു പേരിലും ഇറാൻ അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT