ADVERTISEMENT

ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളും ടെക്നോളജിയുമുള്ള രാജ്യങ്ങളിലൊന്നാണ് ഇസ്രയേൽ. അമ്പത് വർഷങ്ങൾക്ക് മുൻപ് തന്നെ മികച്ച രഹസ്യാന്വേഷണ ഏജൻസിയും പ്രതിരോധ ആയുധങ്ങളുമുള്ള രാജ്യമാണ് ഇസ്രയേൽ. മൊസാദിന്റെ നിരീക്ഷണ സുരക്ഷയിൽ രാജ്യം അന്നും ഇന്നും സുരക്ഷിതമാണ്. എന്നാൽ വർഷങ്ങൾക്ക് മുൻപ് മൂന്നു വിമാന റാഞ്ചികൾക്ക് മുന്നിൽ ഇസ്രയേലിനു കീഴടങ്ങേണ്ടി വന്നു. ‘മൊസാദ് കഴുകൻമാർ’ പോലും ആ സംഭവത്തിൽ പരാജയപ്പെട്ടു.

 

1968 ജൂലൈ 23, ചൊവ്വ

 

1968 ജൂലൈ 23, അന്നൊരു ചൊവ്വാഴ്ചയായിരന്നു. ഈ ദിവസം ഇസ്രയേൽ ഒരിക്കലും മറക്കുകയുമില്ല. റോമിൽ നിന്ന് ടെൽ അവീവിലേക്കുള്ള യാത്രയിൽ ഇസ്രയേലിന്റെ സ്വന്തം യാത്രാ വിമാനം എൽ അൽ ഫ്ലൈറ്റ് 426 റാഞ്ചി. കൊണ്ടുപോയത് അൾജീരിയയിലേക്കും. ഇസ്രയേലിന്റെ സ്വന്തം വിമാനം അന്ന് ആദ്യമായാണ് റാഞ്ചുന്നത്. പിന്നീട് ഒരിക്കലും ഇസ്രയേലിന്റെ വിമാനങ്ങൾ റാഞ്ചിയിട്ടുമില്ല. എന്നാൽ ഇസ്രയേലി യാത്രാക്കരെ തടവിലാക്കാൻ മറ്റു രാജ്യങ്ങളുടെ നിരവധി വിമാനങ്ങൾ റാഞ്ചിയിട്ടുമുണ്ട്.

 

ജൂലൈ 22 ന് ഉച്ചയോടെ റോമിൽ നിന്ന് പുറപ്പെടേണ്ടതായിരുന്നു ഇസ്രയേലിന്റെ ബോയിംഗ് 707 വിമാനമായ ഫ്ലൈറ്റ് 426. വിമാനത്തിന്റെ എഞ്ചിൻ പ്രശ്‌നങ്ങൾ കാരണം യാത്ര റദ്ദാക്കി. പകരം പറക്കേണ്ട വിമാനം ടെൽ അവീവിൽ നിന്ന് എത്തിയതാകട്ടെ വൈകുന്നേരവും. തുടർന്ന് പകരമെത്തിയ വിമാനം ടെൽ അവീവിലേക്ക് പുറപ്പെടുമ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു. മൂന്നു റാഞ്ചികൾ ഉൾപ്പടെ വിമാനത്തിൽ ഉണ്ടായിരുന്നത് 51 യാത്രക്കാരായിരുന്നു. അവരിൽ ഏഴ് പേർ എൽ അൽ വിമാനങ്ങളിലെ ജീവനക്കാരോ അവരുടെ കുടുംബാംഗങ്ങളോ ആയിരുന്നു. പത്ത് പേരായിരുന്നു വിമാനത്തിലെ ക്രൂ അംഗങ്ങൾ. കോക്ക്പിറ്റിൽ ചീഫ് പൈലറ്റ് ഓഡെഡ് അബർബാനെൽ, ഫ്ലൈറ്റ് എൻജിനീയർ യോനാ ലിച്ച്മാൻ, പരിശീലന പൈലറ്റ് അവ്‌നർ സ്ലാപക്, ഫസ്റ്റ് ഓഫിസർ മാവോസ് പോറസ് എന്നിവരാണ് ഉണ്ടായിരുന്നത്.

 

എല്ലാ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ച് വിമാനം പറന്നുയർന്നു. യാത്രക്കാരെല്ലാം ഉറങ്ങാനുള്ള പുറപ്പാടിലായിരുന്നു. വിമാനം ഇറ്റലിയുടെ പടിഞ്ഞാറൻ തീരത്തു കൂടെ, നേപ്പിൾസ് കടന്നുപോകുമ്പോൾ രണ്ടുപേർ തോക്കുകളുമായി കോക്ക്പിറ്റിലേക്ക് ഓടിയെത്തി. റാഞ്ചികൾ ഫസ്റ്റ് ഓഫിസർ മാവോസ് പോറസിനെ ആക്രമിക്കാൻ തുടങ്ങി. ഇതോടെ കോക്പിറ്റില്‍ നിന്നുള്ള തന്ത്രപ്രധാന നീക്കങ്ങൾ തുടങ്ങി. സംഭവം റിപ്പോർട്ട് ചെയ്തതോടെ പരിശീലന പൈലറ്റ് അവ്‌നർ സ്ലാപെക് ഉടൻ തന്നെ വിമാനത്തിന്റെ ഓട്ടോ പൈലറ്റ് സംവിധാനം വിച്ഛേദിച്ചു. ഇതോടെ വിമാനത്തിന്റെ നിയന്ത്രണം പൂർണമായും പൈലറ്റ് എറ്റെടുത്തു. ഹൈജാക്കർമാരെ പേടിപ്പെടുത്താൻ വിമാനം അതിവേഗത്തിൽ മുകളിലേക്ക് കുതിച്ചു. ഈ സമയത്ത് വിമാനം ശക്തിയായ  കുലുങ്ങുന്നുണ്ടായിരുന്നു.

 

അതേസമയം, റാഞ്ചികൾ പരിഭ്രാന്തരായാൽ പ്രശ്നമാകുമെന്ന് ചീഫ് പൈലറ്റിനു തോന്നി. റാഞ്ചികൾ അബദ്ധത്തിലെങ്കിലും വെടിവയ്ക്കുകയോ ഗ്രനേഡ് പൊട്ടിക്കുകയോ ചെയ്താൽ വിമാനം തകർന്നു വീഴും. ഇതോടെ വിമാനം വീണ്ടും ഓട്ടോമാറ്റിക് മോഡിലേക്ക് തിരികെ കൊണ്ടുവരാൻ സ്ലാപാക്കിനോട് പൈലറ്റ് ആവശ്യപ്പെട്ടു. തുടർന്ന് ഹൈജാക്കർമാരുമായി സംസാരിക്കാൻ ശ്രമിച്ചു.

 

മൂന്ന് പേര്‍ ചേർന്നാണ് ഫ്ലൈറ്റ് 426 വിമാനം റാഞ്ചിയത്. ഇവരുടെ ആദ്യ വിമാന റാഞ്ചൽ കൂടിയായിരുന്നു ഇത്. തൊട്ടുപിന്നാലെയുള്ള വർഷങ്ങളിൽ നിരവധി വിമാനങ്ങൾ ഇവരുടെ അനുയായികൾ റാ‍ഞ്ചിയിട്ടുമുണ്ട്.

el-al

 

റാഞ്ചിയ വിമാനം അൽജിയേഴ്സിലെ ഡാർ എൽ-ബീഡ വിമാനത്താവളത്തിലേക്ക് റീഡയറക്ട് ചെയ്യാനായിരുന്നു നിർദ്ദേശം ലഭിച്ചത്. രണ്ട് മണിക്കൂർ പറക്കലിനു ശേഷം വിമാനം ലാൻഡ് ചെയ്തത് ഡാർ എൽ-ബീഡ വിമാനത്താവളത്തിലാണ്. സുരക്ഷിതമായി ലാൻഡ് ചെയ്ത ഫ്ലൈറ്റ് 426 അൾജീരിയൻ ഉദ്യോഗസ്ഥർക്ക് കൈമാറി റാഞ്ചികൾ മൂന്നു പേരും മടങ്ങി.

 

യാത്രക്കാർക്ക് മുൻപായി വിമാനത്തിൽ നിന്നിറങ്ങാൻ ക്രൂ അംഗങ്ങളോട് നിർദ്ദേശിച്ചത് എങ്ങനെയെന്ന് തന്റെ ബ്ലോഗിൽ പൈലറ്റ് അബർബാനെൽ വിവരിക്കുന്നുണ്ട്. തന്റെ സഹപ്രവർത്തകർ വിമാനത്തിന്റെ പടികൾ ഇറങ്ങാൻ തുടങ്ങിയപ്പോൾ അവർ എത്രമാത്രം അസ്വസ്ഥരായിരുന്നുവെന്നും പൈലറ്റ് ബ്ലോഗിലൂടെ പങ്കുവെക്കുന്നുണ്ട്. ‘എല്ലാവരോടും വിമാനത്തിലേക്ക് മടങ്ങാനും തലമുടി ചീകി വൃത്തിയായി കെട്ടിവയ്ക്കാനും കുറച്ച് മേക്കപ്പ് ചെയ്യാനും അവരുടെ യൂണിഫോം കൃത്യമായി ധരിക്കാനും ആവശ്യപ്പെട്ടു. കമ്പനിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഇതെല്ലാം. യാത്രക്കാർക്ക് ഒരിക്കലും ബുദ്ധിമുട്ടുണ്ടാക്കാതെ, അവരെ ഭയപ്പെടുത്താതെ കാര്യങ്ങൾ കൈകാര്യം ചെയ്യാനായിരുന്നു അങ്ങനെ ചെയ്തത്.’

 

ഒരു മാസത്തിലേറെ നീണ്ടുനിന്ന പരീക്ഷണ ദുരിതത്തിന്റെ തുടക്കമായിരുന്നു അത്. കമാൻഡിംഗ് ഓഫിസർ എന്ന നിലയിൽ പൈലറ്റ് തന്റെ ജോലിക്കാരെയും യാത്രക്കാരെയും യുദ്ധത്തടവുകാരെപ്പോലെ പെരുമാറണമെന്ന് റാഞ്ചികൾ ആവശ്യപ്പെട്ടിരുന്നു ( അന്ന് ഇസ്രയേലും അൾജീരിയയും യുദ്ധത്തിലായിരുന്നു).

 

വിമാനം റാഞ്ചി 24 മണിക്കൂറിനുള്ളിൽ ഇസ്രയേൽ ഇതര യാത്രക്കാരായ 23 പേരെ റോമിലേക്ക് തിരികെ വിട്ടയച്ചു. ജൂലൈ 27ന്, ശേഷിക്കുന്ന പത്ത് സ്ത്രീകളെ (ഇസ്രയേലി യാത്രക്കാർ), ക്രൂ അംഗങ്ങൾ, കൂടാതെ വിമാനത്തിലുണ്ടായിരുന്ന മൂന്ന് കുട്ടികൾ എന്നിവരെയും വിട്ടയച്ചു. അതായത് 12 ഇസ്രയേലി പുരുഷന്മാർ (ഏഴ് ജോലിക്കാരും അഞ്ച് യാത്രക്കാരും അവരിൽ രണ്ടുപേർ എയർലൈൻ ജോലിക്കാരും) അൾജീരിയൻ സർക്കാരിന്റെ യുദ്ധ തടവുകാരായി കഴിയേണ്ടിവന്നു.

 

രണ്ടാഴ്‌ചയ്‌ക്കു ശേഷം ഇസ്രയേലി തടവുകാരെ ഒരു സ്വകാര്യ വില്ലയിലേക്ക് മാറ്റി. ടെന്നീസ് കോർട്ടും മറ്റു സൗകര്യങ്ങളുമുള്ള വില്ലയായിരുന്നു അത്. തടവുകാർ പത്രങ്ങളും റേഡിയോയും വഴി വാർത്ത അറിയാൻ തുടങ്ങിയതോടെ യുഎൻ, ഇറ്റലി, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് എയർലൈൻ പൈലറ്റ്സ് അസോസിയേഷനുകൾ എന്നിവർ ഇവരുടെ മോചനത്തിനായി വിവിധ രാജ്യാന്തര ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് മനസ്സിലാക്കി. ഇസ്രയേലിന്റെ കൈവശമുള്ള എല്ലാ പലസ്തീൻ തടവുകാരെയും മോചിപ്പിക്കണം എന്നതായിരുന്നു അൾജീരിയൻ സർക്കാരിന്റെ ആവശ്യം.

 

അതേസമയം, മൊസാദിന്റെ നേതൃത്വത്തില്‍ ബന്ദികളെ മോചിപ്പിക്കാൻ ഇസ്രയേൽ സൈനിക നടപടിയും ആസൂത്രണം ചെയ്യാൻ തുടങ്ങി. പ്രതിരോധമന്ത്രി മോഷെ ദയാന്റെ നിർദേശപ്രകാരം ചീഫ് ഓഫ് സ്റ്റാഫ് ഹൈം ബാർ-ലെവിന്റെയും വ്യോമസേനാ കമാൻഡർ മൊർദെഖായി ഹോഡിന്റെയും നിർദേശപ്രകാരം രക്ഷാപ്രവർത്തനം ആസൂത്രണം ചെയ്തു. അൾജീരിയക്കാരെ ‘ഒരു പാഠം പഠിപ്പിക്കാൻ’ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുന്ന എല്ലാ എയർ അൾജറി വിമാനങ്ങളെയും നശിപ്പിക്കാനുള്ള നീക്കവും ഇസ്രയേൽ ആസൂത്രണം ചെയ്തിരുന്നു. എല്ലാറ്റിനും മൊസാദിന്റെ ചാരൻമാർ നീക്കം നടത്തി. എന്നാൽ ഈ നീക്കം അൾജീരിയ നേരത്തെ മനസ്സിലാക്കിയിരുന്നു.

 

തുടക്കത്തിൽ ആയിരത്തിലധികം തടവുകാരെ മോചിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഒടുവിൽ രാജ്യാന്തര പൈലറ്റുമാരുടെ ഫെഡറേഷൻ അൾജീരിയയെ ബഹിഷ്‌കരിച്ചതായി പ്രഖ്യാപിച്ചു. ഇതോടെ ഓഗസ്റ്റ് അവസാനം അൾജീരിയ ഒരു കരാർ അംഗീകരിച്ചു. ഇതുപ്രകാരം ഇസ്രയേൽ 16 തടവുകാരെ വിട്ടയച്ചു. 

 

1968 സെപ്റ്റംബർ 1 ന് 12 ഇസ്രയേലി ബന്ദികളെ റോമിലേക്കും പിന്നീട് മണിക്കൂറുകൾക്കുള്ളിൽ ടെൽ അവീവിലേക്കും കൊണ്ടുപോയി. അന്നത്തെ കാലം 60 ലക്ഷം ഡോളർ വിലവരുന്ന ബോയിംഗ് 707 വിമാനം ഇസ്രായേലിനു തിരികെ നൽകി. 39 ദിവസത്തെ അഗ്നിപരീക്ഷയിൽ ആർക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ രാഷ്ട്രീയ ഹൈജാക്കിംഗുകളുടെയും മറ്റ് ഭീകരാക്രമണങ്ങളുടെയും യുഗത്തിന് അന്ന് തുടക്കം കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT