ADVERTISEMENT

പേർഷ്യൻ ഗൾഫിൽ ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ ഇസ്‌ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സ് (ഐആർജിസി) നിഷേധിച്ചു. ഇറാനിൽ നിന്നുള്ള ഒരു ഡ്രോണും വെടിവച്ചിട്ടില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നുവെന്നും മേജർ ജനറൽ ഹുസൈൻ സലാമി പറഞ്ഞു.

 

കഴിഞ്ഞയാഴ്ച പേർഷ്യൻ ഗൾഫിൽ രണ്ട് ഇറാനിയൻ ഡ്രോണുകൾ തകർത്തുവെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് ചീഫ് ജനറൽ കെന്നത്ത് മക്കെൻസി പറഞ്ഞത്. എന്നാൽ ഇറാന്റെ ഒരു ഡ്രോണും അമേരിക്ക തകർത്തിട്ടില്ലെന്നും നിരീക്ഷണങ്ങൾക്ക് വേണ്ട ഡ്രോണുകൾ ഇപ്പോഴും ഈ പ്രദേശത്തു കൂടെ പറക്കുന്നുണ്ടെന്നുമാണ് ഇറാൻ വ്യക്തമാക്കിയത്.

 

ഡ്രോൺ വെടിവച്ചിട്ടില്ലെന്ന് ഇറാൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ അമീർ ഹതാമിയും സ്ഥിരീകരിച്ചു. യു‌എസ്‌എസ് ബോക്സർ കപ്പലിൽ നിന്നു ഡ്രോൺ വെടിവച്ചിട്ടെന്നാണ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ പേർഷ്യൻ ഗൾഫ് ജലാശയത്തിന് മുകളിലൂടെ മൂന്ന് മണിക്കൂർ 40 മിനിറ്റ് നേരം പറന്ന ഡ്രോൺ വിഡിയോയും ചിത്രങ്ങളും കൈമാറിയെന്നും ഇതിൽ ചിലതാണ് പുറത്തുവിട്ടതെന്നും ഇറാൻ വക്താവ് വെളിപ്പെടുത്തി.

 

‘ഇന്ന് തെളിവുകളില്ലാത്ത ഒരു വാക്കു പോലും ആരും വിശ്വസിക്കില്ല… ശത്രുക്കൾക്ക് കഴിയുമെങ്കിൽ ഡ്രോണിന്റെ തകർച്ചയും അവശിഷ്ടങ്ങളും പ്രക്ഷേപണം ചെയ്യട്ടെ എന്നും മേജർ ജനറൽ ഹുസൈൻ സലാമി വെല്ലുവിളിച്ചു. വെടിവച്ചിട്ട അമേരിക്കൻ ഡ്രോണിന്റെ ചിത്രങ്ങളും വിഡിയോയും നേരത്തെ തന്നെ ഇറാൻ പുറത്തുവിട്ടിരുന്നു.

 

‘ഞങ്ങൾ വെടിവച്ചിട്ട ഡ്രോണിന്റെ അവശിഷ്ടങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു, എന്നാൽ ഇറാന്റെ ഡ്രോൺ തകർത്തുവെന്ന് ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കിൽ അത് കാണിക്കണമെന്നും പ്രതിരോധ മന്ത്രി ഹതാമി പറഞ്ഞു.

 

അമേരിക്കൻ പ്രസിഡന്റിന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ യു‌എസ് യുദ്ധക്കപ്പലിനു മുകളിൽ നിന്നു ഇറാനിയന്‍ ഡ്രോൺ പകർത്തിയ കൂടുതൽ വിഡിയോകൾ പുറത്തുവിടുമെന്നും പ്രഖ്യാപിച്ചു. ലോകത്തിന്റെ പൊതുജനാഭിപ്രായത്തിന് അമേരിക്കക്കാരുടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നതിനായി ഐ‌ആർ‌ജി‌സി എയ്‌റോസ്‌പേസ് ഫോഴ്‌സ് ഡ്രോൺ യു‌എസ്‌എസ് ബോക്‌സറിനു മുകളിൽ നിന്ന് റെക്കോർഡു ചെയ്‌ത വിഡിയോ ഉടൻ പുറത്തിറക്കുമെന്ന് ഐ‌ആർ‌ജി‌സിയുടെ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രഖ്യാപിച്ചു.

 

ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ കപ്പൽ വരുന്നതിനു മുൻപ് ഐ‌ആർ‌ജി‌സിയുടെ എയ്‌റോസ്‌പേസ് ഫോഴ്‌സിന്റെ ഡ്രോൺ ഈ പ്രദേശത്ത് പതിവ് ദൗത്യം നടത്തിയിരുന്നുവെന്നതിന് തെളിവായി ഫൂട്ടേജുകൾ കാണിക്കുമെന്നും ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com