ADVERTISEMENT

രാജ്യം കാർഗിൽ യുദ്ധ വിജയത്തിന്റെ ഇരുപതാം വാർഷികം ആഘോഷിക്കുകയാണ്. പാക്കിസ്ഥാനെതിരെ നേടിയ വൻ വിജയത്തിന്റെ ആഘോഷം നാടെങ്ങും നടക്കുകയാണ്. 1999 ജൂലൈ 26 നാണ് ഇന്ത്യ പാക്കിസ്ഥാനെ കീഴടക്കി വിജയം ആഘോഷിച്ചത്. എന്നാൽ കാർഗിൽ യുദ്ധത്തിനിടെ പ്ലാൻ ചെയ്തിരുന്ന വലിയൊരു വ്യോമാക്രമണം നടന്നിരുന്നവെങ്കിൽ പാക്കിസ്ഥാൻ എന്ന രാജ്യം ഭൂപടത്തിൽ നിന്നു തന്നെ മറയുമായിരുന്നു എന്നാണ് പീന്നീട് പുറത്തുവന്ന രേഖകൾ പറയുന്നത്.

 

‘ഫൈറ്റര്‍ അറ്റാക്ക്’

 

കാർഗിൽ പോരാട്ടം നടക്കുന്നതിനിടെയാണ് ഫൈറ്റർ അറ്റാക്കിന് ഇന്ത്യൻ വ്യോമസേന തീരുമാനിച്ചത്. പാക്കിസ്ഥാനു ശക്തമായ തിരിച്ചടി നൽകാൻ അതിർത്തി കടന്ന് വ്യോമാക്രമണം നടത്താനായിരുന്നു പദ്ധതി. ഒരു പക്ഷേ ആ വ്യോമാക്രമണത്തിൽ പാക്കിസ്ഥാനിൽ ബോംബുകൾ വീണിരുന്നെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമായിരുന്നു എന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ധർ പറയുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ചരിത്രം തന്നെ മാറിമറിയുമായിരുന്നു. അണ്വായുധ ശേഷിയുള്ള രണ്ടു രാജ്യങ്ങൾ വൻ യുദ്ധത്തിലേക്ക് നീങ്ങിയാൽ നഷ്ടങ്ങൾ ഭീമമായിരിക്കും. എന്നാൽ ആ ആക്രമണ പദ്ധതി ഇന്ത്യ അവസാന നിമിഷം മാറ്റിവെച്ചു. വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷിച്ച ആ പിൻമാറ്റ സന്ദേശം ആരുടേതായിരുന്നു? അറിയില്ല, അത് ഇന്നും രഹസ്യമാണ്.

 

1999 ജൂൺ 13 പുലർച്ചെ

 

ഇന്ത്യ–പാക്ക് സൈനികർ കാർഗിൽ മലനിരകളിൽ പോരാട്ടം തുടരുകയാണ്. ഇന്ത്യൻ സേനയുടെ ശക്തമായ ആക്രമണത്തിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പാക്ക് സേന ബുദ്ധിമുട്ടി. പാക്കിസ്ഥാൻ പിൻമാറ്റം നടത്തില്ലെന്ന് ഉറച്ച തീരുമാനം തുടർന്നതോടെ ഇന്ത്യ വ്യോമാക്രമണത്തിന് പദ്ധതിയിട്ടു. നിയന്ത്രണരേഖ ലംഘിച്ച് പാക്ക് മണ്ണിൽ പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് ബോംബ് വര്‍ഷിക്കാനായിരുന്നു തീരുമാനം.

 

‌പാക്കിസ്ഥാനിലെ തന്ത്രപ്രധാന സ്ഥലങ്ങളെല്ലാം ഇന്ത്യൻ സേന സ്കെച്ചിട്ടു. ആക്രമണത്തിന്റെ രീതികളും വഴികളും വ്യക്തമായി രേഖപ്പെടുത്തി. പോകേണ്ട റൂട്ടുകൾ നിര്‍ണയിച്ചു, പൈലറ്റുമാര്‍ ആയുധങ്ങൾ നിറച്ചു, പോര്‍വിമാനത്തില്‍ നിന്ന് സ്വയം രക്ഷപ്പെടേണ്ട സംവിധാനങ്ങൾ ഉറപ്പുവരുത്തി. പാക്കിസ്ഥാനില്‍ ഇറങ്ങേണ്ട സാഹചര്യം വന്നാൽ ഉപയോഗിക്കാന്‍ പാക്ക് കറന്‍സികൾ വരെ സൂക്ഷിച്ചിരുന്നു. എല്ലാം സജ്ജമാക്കി അവസാന ഉത്തരവിനായി കാത്തിരുന്നു.

 

ജൂൺ 12, ചർച്ച പരാജയം

 

കാര്‍ഗില്‍ യുദ്ധം അവസാനിപ്പിക്കാനായി കേന്ദ്രമന്ത്രി ജസ്വന്ത് സിങും പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസും നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് വ്യോമാക്രമണത്തിന് പദ്ധതിയിട്ടത്. ഇന്ത്യ മുന്നോട്ടുവെച്ച നിർദേശങ്ങളൊന്നും പരിഗണിക്കാതെ ജൂണ്‍ 12നു തന്നെ സര്‍താജ് അസീസ് പാക്കിസ്ഥാനിലേക്ക് തിരിച്ചു പോയി. തുടർന്ന് അടുത്ത ദിവസം പുലർച്ചെ പാക്കിസ്ഥാനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ആസൂത്രണം ചെയ്തത്. ആക്രമണത്തിനായി 16 പോര്‍വിമാനങ്ങൾ സജ്ജമാക്കി. ലേസർ നിയന്ത്രിത ബോംബുകൾ വർഷിക്കാൻ ശേഷിയുള്ള പോർവിമാനങ്ങൾ വരെ ഉണ്ടായിരുന്നു.

 

ജൂൺ 12 വൈകുന്നേരം

 

ജൂൺ 12 ന് വൈകീട്ട് നാലുമണിക്കാണ് പ്രധാന യോഗം നടക്കുന്നത്. വ്യോമസേനയിലെ എല്ലാ പൈലറ്റുമാരെയും വിളിച്ചു. ജൂണ്‍ 13ന് പുലര്‍ച്ചെ ആക്രമണം നടത്താനുള്ള പ്ലാനുകൾ വിശദീകരിച്ചു. ശ്രീനഗര്‍ വ്യോമതാവളത്തിലെ മിഗ് 21 പോര്‍വിമാന സംഘമായ ‘ഗോള്‍ഡന്‍ ആരോ’ക്കായിരുന്നു ആക്രമണ ചുമതല. പാക്കിസ്ഥാന്റെ അധീനതയിലുള്ള കശ്മീരിലും പാക്ക് വ്യോമതാവളങ്ങളിലും റാവല്‍പിണ്ടിയിലെ വ്യോമസേനാ കേന്ദ്രം ചക്ലാലയിലും നാലു പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ബോംബാക്രമണമാണ് പദ്ധതിയിട്ടത്.

 

1971നു ശേഷം ആദ്യ വ്യോമാക്രമണം

 

ആക്രമണത്തിനു സജ്ജമായ വിമാനങ്ങളിലെ പൈലറ്റുമാര്‍ നിര്‍ണായക ദൗത്യത്തിന് ഒരുങ്ങി. എല്ലാവരോടും യാത്ര വരെ ചോദിച്ചെന്നും പൈലറ്റുമാരുടെ വീടുകളിലേക്ക് സന്ദേശം വരെ അയച്ചെന്നും പുറത്തുവന്ന രേഖകളിൽ പറയുന്നു. 1971 നു ശേഷം ആദ്യമായാണ് വ്യോമസേന അതിർത്തി കടന്ന് പാക്കിസ്ഥാൻ ആക്രമിക്കാൻ പോകുന്നത്. അതും രണ്ടു രാജ്യങ്ങളും ആണവശക്തികളുമാണ്. 

 

രണ്ടു മിഗ്–21 വിമാനങ്ങളെ സഹായിക്കാൻ നാല് മിഗ്–27 വിമാനങ്ങള്‍ പിന്നാലെ പോകുക. റാവല്‍പിണ്ടി വ്യോമതാവള റണ്‍വേ ബോംബിട്ട് ആദ്യം തന്നെ തകർക്കുക എന്നതായിരുന്നു പ്രധാന തീരുമാനം. ജൂൺ 13 ന് പുലര്‍ച്ചെ 4.30. പൈലറ്റുമാര്‍ സജ്ജമായി. ഇനി മണിക്കൂറുകൾ മാത്രം. 6.30നാണ് വിമാനങ്ങള്‍ പറന്നുയരേണ്ടത്. 

 

എന്നാല്‍, 6.30 കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. വ്യോമാക്രമണത്തിനുള്ള ഉത്തരവ് വന്നില്ല. അന്ന് ഉച്ചയ്ക്ക് 12 മണിയോടെ ‘ഫൈറ്റര്‍ അറ്റാക്ക്’ പിന്‍വലിച്ചതായി അറിയിപ്പ് വന്നു. എന്നാൽ അന്ന് എന്താണ് പുലർച്ചെ സംഭവിച്ചതെന്ന് ഇന്നും ആർക്കും അറിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com