ADVERTISEMENT

കഴിഞ്ഞ മാസം പേർഷ്യൻ ഗൾഫിൽ ഇറാൻ വെടിവച്ചിട്ട അമേരിക്കയുടെ ഗ്ലോബൽ ഹോക്ക് ഡ്രോൺ ഇന്ത്യ വാങ്ങുന്നതിൽ പുനർവിചിന്തനം നടത്തിയേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യോമസേനയുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. ഇത്രയും വലിയ തുകയ്ക്ക് വാങ്ങുന്ന അമേരിക്കൻ നിർമിത സായുധ ഡ്രോണുകളുടെ അതിജീവനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ കണക്കിലെടുത്താണിത്. ഇറാന്റെ കൈവശമുള്ള പ്രതിരോധ സംവിധാനത്തിനു ഗ്ലോബൽ ഹോക്കിനെ തകർക്കാൻ കഴിഞ്ഞെങ്കിൽ ചൈന വിന്യസിച്ചിട്ടുള്ള റഷ്യയുടെ എസ്–400 നു അതിവേഗം വെടിവച്ചിടാൻ കഴിയും.

 

ഇന്ത്യയുടെ മൂന്ന് സേനകൾക്കുമായി യുഎസിൽ നിന്ന് 600 കോടി ഡോളർ ചെലവിൽ 30 ഡ്രോണുകൾ വാങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. നിരീക്ഷണ ഡ്രോണുകൾ വാങ്ങുന്നതിനായി സേനകൾ പ്രതിരോധ മന്ത്രിയെ സമീപിച്ചിട്ടില്ലെങ്കിലും 10 പ്രിഡേറ്റർ-ബി ഡ്രോണുകൾ വാങ്ങാൻ വ്യോമസേനയും പദ്ധതിയിട്ടിരുന്നു. ദീർഘദൂര നിരീക്ഷണ ഡ്രോണുകളാണ് നാവികസേന ആവശ്യപ്പെട്ടിരുന്നത്. ഏറെ വെല്ലുവിളികളില്ലാതെ ഇറാൻ വെടിവച്ചിട്ട യുഎസ് ഡ്രോൺ അതിർത്തിയിലെ വ്യോമാക്രമണങ്ങളിൽ അതിജീവിക്കുന്നതിനെക്കുറിച്ച് ഇന്ത്യയുടെ വ്യോമസേന ആഭ്യന്തരമായി ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

 

അമേരിക്ക തങ്ങളുടെ മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള കൊലയാളി ഡ്രോണുകള്‍ ഇന്ത്യക്ക് വില്‍ക്കാന്‍ സമ്മതമാണെന്ന് നേരത്തെ തന്നെ യുഎസ് ഭരണകൂടം അറിയിച്ചിരിക്കുന്നു. ഇന്ത്യക്ക് നിലവില്‍ മിസൈലുകളോ ബോംബുകളോ വര്‍ഷിക്കാന്‍ ശേഷിയുള്ള ഡ്രോണുകളില്ല. ഈ കുറവാണ് അമേരിക്കയുടെ വാഗ്ദാനത്തോടെ നികത്തപ്പെടുമെന്ന് കരുതിയിരുന്നത്. 

 

northrop-grumman-rq4-global-hawk

ശത്രുമേഖലയില്‍ നാശം വിതച്ച് തിരിച്ചെത്താന്‍ ശേഷിയുള്ള ഡ്രോണുകള്‍ ഏറെക്കാലമായി ഇന്ത്യന്‍ സേനയുടെ ആവശ്യമാണ്. അമേരിക്കയിലെ ജനറല്‍ അറ്റോമിക്‌സാണ് ഇത്തരം ഡ്രോണുകള്‍ വ്യാപകമായി നിര്‍മിക്കുന്നത്. അവ ഇന്ത്യക്ക് വില്‍ക്കാന്‍ ഇതുവരെ യുഎസ് തയാറായിരുന്നില്ല. എന്നാല്‍ പുതിയ നീക്കം തീരമേഖലയിലെ നിരീക്ഷണത്തിനും ആവശ്യമെങ്കില്‍ കര, വായു, സമുദ്ര മേഖലകളില്‍ ലക്ഷ്യം തകര്‍ക്കാനും ഇന്ത്യന്‍ സൈന്യത്തിന് കരുത്തു നല്‍കുന്നതാണ്. 

 

24 മണിക്കൂര്‍ വരെ ആവശ്യമെങ്കില്‍ നിര്‍ത്താതെ പറക്കാന്‍ ശേഷിയുള്ളവയാണ് ഇത്തരം അമേരിക്കന്‍ നിര്‍മിത ഡ്രോണുകള്‍. 50000 അടി ഉയരത്തില്‍ വരെ പറന്നുകൊണ്ട് നിരീക്ഷിക്കാനും ഇവക്കാകും. ആധുനിക യാത്രാ വിമാനങ്ങള്‍ 35000- 45000 അടി ഉയരത്തിലാണ് പറക്കുന്നതെന്ന് ഓര്‍ക്കണം. 

 

നേരത്തെ തന്നെ നിരീക്ഷണ ഡ്രോണുകളെ കൈമാറാന്‍ അമേരിക്ക സമ്മതം അറിയിച്ചിരുന്നു. പുതിയ തീരുമാനത്തോടെ മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെയിം(എംടിസിആര്‍) സാങ്കേതിക വിദ്യ കൈമാറുന്ന അമേരിക്കയുടെ ആദ്യ സഖ്യേതര രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഉന്നതതലത്തില്‍ തീരുമാനമായെങ്കിലും കരാര്‍ അന്തിമരൂപത്തിലെത്തിയിട്ടില്ല. 

 

അതേസമയം, സ്വന്തം നിലയ്ക്ക് മിസൈലുകള്‍ തൊടുക്കാന്‍ ശേഷിയുള്ള ഡ്രോണുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. എന്നാല്‍ ഈ പദ്ധതി ഇപ്പോള്‍ പ്രാഥമിക ഘട്ടത്തിലാണ്. ലക്ഷ്യത്തിലേക്ക് മിസൈലയക്കാനും ബോംബ് വര്‍ഷിക്കാനും ശേഷിയുള്ള ഡ്രോണുകള്‍ നിര്‍മിക്കുകയാണ് രാജ്യത്തെ പ്രതിരോധ ഗവേഷകരുടെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT