ADVERTISEMENT

ഇന്ന് ലോകത്തെ മുന്‍നിര രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അത് പട്ടാളവും ബോംബും വിമാനവും അന്തര്‍വാഹിനിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ മാത്രമാകില്ല. ഇന്റര്‍നെറ്റിലൂടെയുള്ള അല്ലെങ്കില്‍ സൈബര്‍ തലത്തിലുള്ള നിശബ്ദയുദ്ധവും അതീവ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു. പോരാളികള്‍ യുദ്ധമുന്നണിയില്‍ കഴിയുമ്പോള്‍ അവരുടെ കുടുംബങ്ങള്‍ സുരക്ഷിതരായി വീടുകളില്‍ കഴിയുമെന്ന ധാരണയും തിരുത്തപ്പെട്ടു വരികയാണ്. 

 

ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാല്‍ ചുറ്റപ്പെട്ടു കഴിയാന്‍ ആഗ്രഹിക്കുന്നവരാണ് കൂടുതല്‍ ആളുകളും. ഇവരെ ശത്രു രാജ്യത്തിന്റെ സൈബര്‍ സേനയ്ക്ക് ആക്രമിക്കാവുന്ന കാലം വന്നേക്കാമെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് കൂടെ എത്തുമ്പോള്‍ തൊടുക്കുമ്പോഴൊന്ന്, എയ്യുമ്പോളായിരം, കൊള്ളുമ്പോള്‍ കോടികള്‍ എന്ന നിലയിലേക്ക് സൈബര്‍ ആയുധങ്ങൾക്ക് സാധിച്ചേക്കും. ഒരു രാജ്യത്തിന്റെ അണ്വായുധം ആ രാജ്യത്തു തന്നെ വീഴ്ത്താന്‍ സാധിക്കുമോ എന്നും സൈബര്‍ പോരാളികള്‍ ആരായാം. ഇത് ഇന്ന് എത്രമാത്രം ശക്തി പ്രാപിച്ചു കഴിഞ്ഞു എന്നറിയുക സാധ്യമല്ല. കാരണം വന്‍ശക്തികള്‍ നേരിട്ടേറ്റുമുട്ടുന്നില്ല. എന്നാല്‍ വരാനിരിക്കുന്ന കാലത്തിന്റെ ചില സുവ്യക്തമായ സൂചനകള്‍ ഇപ്പോള്‍ നടക്കുന്ന അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തില്‍ ലഭ്യമാണു താനും.

 

സൈബര്‍ യുദ്ധതന്ത്രങ്ങള്‍ തങ്ങളെ രാത്രിയില്‍ പോലും ഉറങ്ങാന്‍ അനുവദിക്കുന്നില്ലെന്നാണ് അമേരിക്കന്‍ സേനയുടെ മുന്‍നിരപ്പോരാളികള്‍ പറയുന്നത്. അത് പുതിയ ഘട്ടത്തിലേക്കു കടന്നതായും അവര്‍ സമ്മതിക്കുന്നു. ഇവിടെ സുപ്രധാനമായ മാറ്റമെന്നു പറയുന്നത് പരമ്പരാഗത യുദ്ധരീതികളും സൈബര്‍ തന്ത്രങ്ങളും തമ്മിലുണ്ടായിരിക്കുന്ന ഏകീകരണമാണ്. ഈ സങ്കര രീതിയാണ് ഇനി പിടിമുറുക്കാന്‍ പോകുന്നത്. ഒരു ഡൊമെയ്‌നില്‍ ആക്രമണം നടക്കുമ്പോള്‍ മറ്റൊരിടിത്ത് പ്രത്യാക്രമണം നടക്കുന്നു. ഇതിന്റെ കാരണം അമേരിക്കയും സഖ്യകക്ഷികളും ഒരുവശത്തും ഇറാന്‍ മറുവശത്തുമായി മധ്യേഷ്യയില്‍ രൂപപ്പെട്ടിരിക്കുന്ന സംഘര്‍ഷമാണ്. എന്നാല്‍ ഇതെല്ലാം വീക്ഷിച്ച് സൈബര്‍ യുദ്ധത്തിന്റെയും സങ്കരയുദ്ധത്തിന്റെ ഇന്നത്തെ മര്‍മ്മജ്ഞര്‍ അല്‍പം അകലെ മാറി നില്‍ക്കുന്നുണ്ട്, ചൈനയും റഷ്യയും. ഇതാണ് ലോകത്തെ ഇന്നു ഭീതിപ്പെടുത്തുന്ന ഒരു കാര്യം.

 

സൈബര്‍ ആക്രമണ ഭീതി

 

എന്താണ് താങ്കളെ രാത്രിയില്‍ ഉണര്‍ത്തിയിരുത്തുന്നതെന്ന് ആളുകള്‍ എന്നോടു ചോദിക്കാറുണ്ട് എന്നാണ് അമേരിക്കയുടെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ ഡയറക്ടറായ ലെഫ്റ്റനന്റ് ജനറല്‍ റോബട്ട് ആഷ്‌ലി പറഞ്ഞത്. ചൈനയുടെയും റഷ്യയുടെയും ഭീതി പരത്തുന്ന സാന്നിധ്യമാണ് തന്റെ ഉറക്കം കളയുന്നതെന്ന് അദ്ദേഹം അസ്പനില്‍ നടന്ന സൈബര്‍ കോണ്‍ഫറന്‍സിനിടയില്‍ പറഞ്ഞത്. സൈബര്‍ യുദ്ധം പല തലങ്ങളിലാണ് നടക്കുന്നത്. സൈനികാക്രമണങ്ങളിലും പ്രതിരോധത്തിലും ഇതു കാണാം. സാധാരണ പൗരന്മാരെയും ശത്രു രാജ്യങ്ങള്‍ ലക്ഷ്യമിടുന്നു. അമേരിക്കയ്‌ക്കെതിരെ തുറന്ന സൈബര്‍ ആക്രമണം ഇപ്പോള്‍ നടത്തുന്നത് പാഞ്ഞു വരുന്ന മിലിറ്ററി ടാങ്കിനു നേരെ കല്ലെറിയുന്നതു പോലെയാണെന്ന കാര്യം ഇറാന് നല്ലതുപോലെ അറിയാം. 

 

എന്നാല്‍, ഈ കല്ല് ആവശ്യത്തിനു പ്രതിരോധമില്ലാത്ത അമേരിക്കയുടെ ബിസിനസ് മേഖലയ്‌ക്കെതിരെ ചീറിച്ചെല്ലാം. ഒരു സംശയവും വച്ചുപുലര്‍ത്തേണ്ട, ഇന്ന് എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. അമേരിക്കയുടെ നിരീക്ഷണ ഡ്രോണ്‍ പരമ്പരാഗത യുദ്ധത്തില്‍ ഇറാന്‍ വീഴ്ത്തിക്കഴിഞ്ഞപ്പോള്‍ അമേരിക്കയുടെ സൈബര്‍ സൈന്യം ഇറാന്റെ സൈനിക നിയന്ത്രണ മേഖലയ്‌ക്കെതിരെ ആക്രമണം നടത്തി. തുടര്‍ന്ന് ഇറാന്റെ സൈബര്‍ സേന അമേരിക്കന്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ദശലക്ഷക്കണക്കിനു പാച്ച് നടത്താത്ത ഔട്ട്‌ലുക്ക് സിസ്റ്റങ്ങള്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടു. അമേരിക്കയുടെ സൈബര്‍ ആക്രമണം യുദ്ധരംഗത്ത് വന്‍മാറ്റത്തിനു വഴിവയ്ക്കുമെന്നാണ് വാദം. മിസൈല്‍ ആക്രമണം നടത്തിയാല്‍ ടിവി ചാനലുകള്‍ക്ക് ചാകരയാണ് എന്നതല്ലാതെ വലിയ ഗുണമൊന്നുമില്ല. എന്നാല്‍ എതിരാളിയുടെ അതീവ രഹസ്യ നെറ്റ്‌വര്‍ക്ക് സങ്കേതത്തിലേക്ക് പാഞ്ഞു കയറി അവിടെ മുഴുവന്‍ താറുമാറാക്കുക എന്നത് ചെറിയ കാര്യമല്ല.

 

ഇസ്രയേലിന്റെ രീതി

 

നേരെ തിരിച്ചും നടന്നിട്ടുണ്ട്. ഹമാസിന്റെ സൈബര്‍ പോരാളികള്‍ ഇസ്രയേലിനെതിരെ ആക്രമണം നടത്തി. എന്നാല്‍ തിരിച്ച് സൈബര്‍ ആക്രമണമല്ല ഇസ്രയേല്‍ നടത്തിയത്. സൈബര്‍ ആക്രമണകാരികള്‍ എവിടെയാണ് ഇരിക്കുന്നതെന്നു കണ്ടെത്തി അവര്‍ ഇരിക്കുന്ന കെട്ടിടം മിസൈലിട്ട് തകര്‍ത്തു തരിപ്പണമാക്കി. ഇത് വ്യക്തമായ സന്ദേശമാണ്. ഞങ്ങള്‍ക്കെതിരെ സൈബര്‍ തോണ്ടലൊന്നും വേണ്ട. തിരിച്ച് സൈബര്‍ ആക്രമണം പ്രതീക്ഷിക്കേണ്ട. പുകച്ചു കളയുമെന്നാണ് ഇസ്രയേല്‍ നല്‍കിയ വ്യക്തമായ മറുപടി. ഇതും ഫലപ്രദമായ രീതിയാണെന്നും പറയുന്നു.

 

എന്നാല്‍, അമേരിക്കയുടെ സാങ്കേതികവിദ്യാ നെറ്റ്‌വര്‍ക്കുകള്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടാല്‍ പരിക്കേല്‍ക്കുക തന്നെ ചെയ്യും. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് കൂടെ സര്‍വ്വവ്യാപിയാകുന്നതോടെ ഒറ്റ ആക്രമണത്തില്‍ തകര്‍ക്കാവുന്ന ലക്ഷ്യങ്ങള്‍ ശതകോടികളായിരിക്കും. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് അമേരിക്കയുടെ ഭേദ്യത വര്‍ധിപ്പിക്കുമെന്ന് ജനറല്‍ ആഷ്‌ലി സമ്മതിച്ചു. എന്നാല്‍, ഇറാനൊന്നുമല്ല ഇത്തരം ആക്രമണങ്ങള്‍ അമേരിക്കയ്‌ക്കെതിരെ നടത്താന്‍ പോകുന്നത്. ഇറാനും ഉത്തര കൊറിയയും എല്ലാം വെറും രണ്ടാംനിര രാജ്യങ്ങളാണ്. ശരിയായ ഭീഷണി റഷ്യയും ചൈനയും തന്നെയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നട്ടെല്ലിലൂടെ ഭീതി പായുന്നത് ഈ രണ്ടു രാജ്യ നാമങ്ങള്‍ കേള്‍ക്കുമ്പോഴാണ്. അവരുടെ പ്രഹരശേഷി നരിവധി മാനങ്ങളുള്ളതായിരിക്കും. പരമ്പരാഗത ആയുധങ്ങളും ഇലക്ട്രോണിക് ആയുധങ്ങളും ഒപ്പം സൈബര്‍ തന്ത്രങ്ങളും യഥാവിധി കലര്‍ത്തി ആക്രമിക്കാം. വ്യക്തികളെയും കംപ്യൂട്ടര്‍ സിസ്റ്റങ്ങളെയും താറുമാറാക്കാം. സൈനികമല്ലാത്ത ആക്രമണങ്ങള്‍ക്ക് കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുക പോലും വേണ്ട. ഇവരെ കണ്ടെത്തി നശിപ്പിക്കാന്‍ പല ഇസ്രയേലുകള്‍ വേണ്ടിവരും.

 

ഇനിമേല്‍ സർക്കാരുകളും സ്വകാര്യ കമ്പനികളും ഒത്തൊരുമിച്ച പ്രതിരോധം ചമയ്‌ക്കേണ്ട കാലമാണ് വരുന്നത്. സിമാന്റെക്കിന്റെ (നോര്‍ട്ടണ്‍ ആന്റിവറസ്) മുന്‍ മേധാവിയും ഇപ്പോള്‍ പെന്റഗണിന്റെ സുരക്ഷാ മേഖലയിലെ ഉദ്യോഗസ്ഥനുമായ മൈക് ബ്രൗണ്‍ പറയുന്നത് സൈന്യത്തിനെതിരെ ഒരു അസ്ത്രം അയയ്ക്കുക എന്നു പറഞ്ഞാല്‍ അത് ഏതാനും കേന്ദ്രങ്ങളെ മാത്രമായിരിക്കും തകര്‍ക്കുക. എന്നാല്‍ പൊതുജനങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയാല്‍ ഒറ്റ അസ്ത്രം ദശലക്ഷക്കണക്കിനു ലക്ഷ്യങ്ങളില്‍ പതിക്കും. ഇതാണ് നമ്മള്‍ ഇന്നു കണ്ടുകൊണ്ടിരിക്കുന്ന യുദ്ധ തന്ത്രങ്ങളില്‍ വരാവുന്ന പ്രധാന മാറ്റം. റഷ്യയും ചൈനയും പുതിയ സൈബര്‍ ആക്രമണ സാധ്യത എന്ന ആശയം വിപുലപ്പെടുത്തുകയാണ്. ഒപ്പം അവരുടെ സാമ്പത്തികവും സൈനികവുമായ അടിത്തറ ഉറപ്പിക്കുകയും ചെയ്യുന്നു.

 

തുറന്ന സമൂഹങ്ങളെ ലക്ഷ്യമിടുന്ന ആക്രമണങ്ങള്‍ക്ക് സജ്ജരാകുകയാണ് ഇരു രാജ്യങ്ങളും. പല രാജ്യങ്ങളിലെയും മാധ്യമങ്ങള്‍ക്കു പോലും ഇത്തരം ആക്രമണങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതില്‍ പങ്കുണ്ടെന്നാണ് ഒരു നിരീക്ഷണം. മാധ്യമങ്ങള്‍ ഇപ്പോള്‍ വെറുതെ റിപ്പോര്‍ട്ടു ചെയ്യുകയല്ല ചെയ്യുന്നത്, പകരം ആളുകള്‍ നിരന്തരം ശ്രദ്ധിക്കാനായി ദിവസവും ചെറിയ ചെറിയ വാര്‍ത്തകളായി നല്‍കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ചും പടിഞ്ഞാറന്‍ മാധ്യമങ്ങള്‍. പുതിയ തലക്കെട്ടുകള്‍ക്ക് എപ്പോഴും കാതോര്‍ക്കുന്ന ഒരുകൂട്ടം കാണികളെ അവര്‍ സൃഷ്ടിച്ചു കഴിഞ്ഞു. എപ്പോഴും എന്തെങ്കിലും ലൈവ് ആയി വേണം. ഇതുപിന്നെ സമൂഹ മാധ്യമങ്ങളിലേക്കു പടരുന്നു. അങ്ങനെ എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇവയെല്ലാം സമൂഹങ്ങളുടെ ഭേദ്യത വര്‍ധിപ്പിക്കുന്നു.

 

അമേരിക്കയും സഖ്യ കക്ഷികളും ഒരു വശത്തും ചൈനയും റഷ്യയും മറുവശത്തുമായി നടത്തുന്ന യുദ്ധത്തിന്റെ ഇര മാത്രമാണ് ഇറാന്‍ എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സൈബര്‍ സുരക്ഷയ്ക്ക് നാലു പ്രശ്‌നങ്ങളാണ് ഉള്ളതെന്നാണ് ക്രൗഡ്സ്റ്റ്‌ട്രൈക്കിന്റെ (CrowdStrike) പ്രതിനിധി ഡിമിട്രി അല്‍പെറോവിച് പറഞ്ഞത്. അവയുടെ പേരാണ് ചൈന, റഷ്യ, ഇറാന്‍, ഉത്തര കൊറിയ. ഇതൊരു തമാശയല്ലെന്നും അദ്ദേഹം പറഞ്ഞു. മൈക്രോസോഫ്റ്റ് തങ്ങളുടെ ചില ഉപയോക്താക്കള്‍ക്ക് ആക്രമണ മുന്നറിയിപ്പു നല്‍കിയത് ഇതോടു കൂട്ടിവായിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അടുത്ത കാലത്തു നടന്ന പല സൈബര്‍ ആക്രമണങ്ങളുടെയും പ്രഭാവ കേന്ദ്രം ഇറാന്‍, ഉത്തര കൊറിയ, റഷ്യ എന്നീ രാജ്യങ്ങളാണെന്നും പറയുന്നു. ചൈനയുടെ പേര് വന്നില്ലെന്നു കരുതി അവര്‍ ഇല്ലെന്നു കരുതേണ്ട. അവരുടെ ആക്രമണങ്ങള്‍ അത്രമേല്‍ നൂതനമായിരുന്നിരിക്കണം. അതിനാല്‍ ആളറിയാതെ പോയതായിരിക്കുമെന്നാണ് വാദം.

 

ലോക ചരിത്രത്തില്‍ ഇതിനു മുൻപൊരിക്കലും സൈബര്‍ യുദ്ധത്തെക്കുറിച്ച് ഇത്ര തുറന്ന ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. നെറ്റ്‌വര്‍ക്കുകളിലൂടെയുള്ള നുഴഞ്ഞു കയറ്റത്തിന് ഇനിയും വര്‍ഷങ്ങള്‍ എടുത്തേക്കാം. സങ്കര യുദ്ധതന്ത്രങ്ങള്‍ വിവിധ രാജ്യങ്ങളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്. 2018 ഡിസംബറിലാണ് അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് തങ്ങളുടെ കൈവശം സൈബര്‍ ആയുധങ്ങള്‍ ഉണ്ടെന്നും അവ അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി ഉപയോഗിക്കുമെന്ന് അറിയിക്കുകയും ചെയ്തത്. ആക്രമണത്തിനും പ്രതിരോധം ചമച്ച് മുന്നേറാനും ഇത് ഉപയോഗിക്കുമെന്നാണ് അന്നവര്‍ പറഞ്ഞത്. ജൂണില്‍ ഇറാനെതിരെ ഇത് പ്രയോഗിക്കുകയും ചെയ്തു. മരിച്ചവരുടെ എണ്ണം കൂട്ടിക്കൂട്ടി പറഞ്ഞ് ടിവി ജേണലിസ്റ്റുകള്‍ക്ക് ലൈവ് വാര്‍ത്തായാക്കി നിർത്താല്‍ ഒരു ചോരപ്പുഴയും ഒഴുകിയുമില്ല.

 

ഗള്‍ഫിലെ നെറ്റ്‌വര്‍ക്കുകളില്‍ ടെസ്റ്റുകളും മറ്റും നടക്കുകയാണ്. ഭേദ്യത കണ്ടെത്തി പരിഹരിക്കലാണ് ലക്ഷ്യം. ഇറാന്റെ വളര്‍ച്ചയാണ് മറ്റൊരു ശ്രദ്ധാ കേന്ദ്രം. മോസ്‌കോയോടും ബെയ്ജിങ്ങിനോടും സഹകരിച്ച് ടെഹ്‌റാന്‍ സൈബര്‍ ശക്തി നേടുന്നു. ഇറാന് മുഴുവന്‍ സൈബര്‍ ശാക്തീകരണവും റഷ്യയും ചൈനയും നടത്തില്ല. എന്നാല്‍, ചില പ്രായോഗിക തലങ്ങളില്‍ വേണ്ടത്ര സഹായം നല്‍കുകയും ചെയ്‌തേക്കും. ഇറാന്‍ ആക്രമണം നടത്തുമ്പോള്‍ ചൈനയുടെയും റഷ്യയുടെയും പങ്കാളിത്തത്തിന് തെളിവുണ്ടാവില്ല. പക്ഷേ, അവരുടെ തന്ത്രങ്ങള്‍ പരീക്ഷിച്ചു നോക്കുകയും ചെയ്യാം. 

 

സിറിയയിലേക്ക് റഷ്യ പട്ടാളക്കാരെ അയയ്ക്കുമ്പോള്‍ അത് എല്ലാവര്‍ക്കും കാണാം. മാധ്യമങ്ങള്‍ക്കടക്കം. പക്ഷേ, അവര്‍ ഇലക്ട്രോണിക് കാര്യങ്ങളില്‍ മറ്റു രാജ്യങ്ങള്‍ക്കു പരിശീലനം നല്‍കുമ്പോള്‍ റഷ്യയുടെ പൊടിപോലുമുണ്ടാവില്ല കണ്ടുപിടിക്കാന്‍. ചൈനയും റഷ്യയും ഇറാനെ ചാരി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നുവെന്നാണ് ഒരു വാദം. പടിഞ്ഞാറന്‍ കമ്പനികള്‍ക്കും രാജ്യങ്ങള്‍ക്കുമെതിരെ വിനാശകാരകളായ സൈബര്‍ ആക്രമണങ്ങള്‍ തൊടുക്കാനുള്ള കഴിവ് ചൈനയ്ക്കും റഷ്യയ്ക്കുമുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അവർ ഇപ്പോൾ അത് ചെയ്യില്ല. കാരണം അത് സ്ഥിതി നിയന്ത്രണാതീതമാക്കും. അതിനാല്‍ തങ്ങളുടെ ചില തന്ത്രങ്ങള്‍ ഇറാന്റെ ചെലവില്‍ പരീക്ഷിച്ചു നോക്കാനാണ് അവരിപ്പോള്‍ ശ്രമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com