ADVERTISEMENT

തദ്ദേശീയ പ്രതിരോധ ഉൽ‌പാദന ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യോമസേന (ഐ‌എ‌എഫ്) ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്എഎൽ) 45,000 കോടി രൂപയുടെ യുദ്ധവിമാന നിർമാണ കരാർ നൽകുന്നു. എച്ച്എഎൽ സ്വന്തമായി നിർമിക്കുന്ന തേജസ് പോർവിമാനങ്ങളുടെ പുതിയ പതിപ്പാണ് വ്യോമസേനയ്ക്ക് ലഭിക്കുക.‌ 

 

രണ്ട് വർഷം മുൻപാണ് 83 തേജസ് യുദ്ധവിമാനങ്ങൾ നിർമിക്കാൻ വ്യോമസേന ടെൻഡർ വിളിച്ചത്. എന്നാൽ അന്ന് എച്ച്‌എ‌എൽ പറഞ്ഞ വില അൽപം കൂടുതലാണെന്ന് സർക്കാരിനും വ്യോമസേനയ്ക്കും തോന്നിയതിനാൽ വിലനിർണയ വിഷയത്തിൽ പദ്ധതി തടസ്സപ്പെടുകയായിരുന്നു.

 

83 എൽ‌സി‌എ മാർക്ക് 1എ വിമാനത്തിന്റെ വില 45,000 കോടി രൂപയെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ കോസ്റ്റ് കമ്മിറ്റി നിർണയിച്ചിട്ടുണ്ട്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്ത്യൻ വ്യോമസേന ഓർഡറുകൾ നൽകുമെന്നാണ് മുതിർന്ന പ്രതിരോധ വൃത്തങ്ങൾ അറിയിച്ചത്.

 

എച്ച്എൽഎല്ലിന് ലഭിക്കുന്ന ഏറ്റവും വലിയ ഓർഡറാണിത്. തദ്ദേശീയ പ്രതിരോധ വ്യവസായത്തിന് ഇത് വലിയ ഊർജ്ജം പകരും. 45,000 കോടി രൂപയുടെ ഓർഡറിന്റെ 65 ശതമാനത്തിലധികം ഫണ്ടുകൾ രാജ്യത്തിനകത്ത് തന്നെ ഉപയോഗപ്പെടുത്തും. ഇത് സ്വകാര്യ, പൊതു മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ആദ്യത്തെ എൽ‌സി‌എ മാർക്ക് 1 എ വിമാനം 2023 ഓടെ നിർമിച്ച് പുറത്തിറക്കുമെന്നാണ് കരുതുന്നത്. തേജസ് വിമാനത്തിന്റെ നൂതന പതിപ്പാണ് എൽ‌സി‌എ മാർക്ക് 1 എ.

 

വ്യോമസേന അവതരിപ്പിച്ച ആവശ്യകത അനുസരിച്ച്, കരാർ ഒപ്പിട്ട 36 മാസത്തിനുള്ളിൽ ആദ്യത്തെ എൽ‌സി‌എ മാർക്ക് 1 എ വിമാനം വിതരണം ചെയ്യും. പുതിയ എൽ‌സി‌എ മാർക്ക് 1 എ വിമാനത്തിൽ മുൻ എൽ‌സി‌എകളേക്കാൾ നൂതന ഏവിയോണിക്സും റഡാറുകളും ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com