sections
MORE

അമേരിക്കയുടെ എഫ്-35 പോർവിമാനത്തിന്റെ സാങ്കേതികവിദ്യ ചൈന മോഷ്ടിച്ചു?

j20
SHARE

അമേരിക്കയുടെ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനായ ജോണ്‍ ബോള്‍ട്ടനാണ് ചൈന തങ്ങളുടെ ഫൈറ്റര്‍ വിമാനമായ എഫ്-35ന്റെ സാങ്കേതികവിദ്യ മോഷ്ടിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈനയുടെ ഏറ്റവും പുതിയ യുദ്ധവിമാനത്തിന്റെ നിര്‍മാണ രീതി എഫ്-35ന്റേതുമായി സാമ്യമുള്ളതാണ് ബോള്‍ട്ടന്റെ പ്രസ്താവനയ്ക്കു പിന്നിലെന്നാണ് കരുതുന്നത്. എന്നാല്‍ കാഴ്ചയില്‍ മാത്രമാണ് സാമ്യമെങ്കില്‍ ചൈന മാത്രമല്ല ഈ ഡിസൈന്‍ മോഷ്ടിച്ചിരിക്കുക എന്ന് പ്രതിരോധ വിദഗ്ധരുടെ പ്രസ്താവന കൗതുകകരമാണ്.

ചൈനയുടെ അഞ്ചാം തലമുറയിലെ ഫൈറ്റര്‍ വിമാനം എഫ്-35നോട് വളരെ സമാനതകളുളളതാണ്. കാരണം അത് എഫ്-35 തന്നെയാണ്. അവര്‍ അതു മോഷ്ടിച്ചു എന്നാണ് ബോള്‍ട്ടന്‍ പറഞ്ഞത്. എന്നാല്‍ കൃത്യമായി ഏതു മോഡല്‍ ചൈനീസ് വിമാനമാണ് ആരോപണ വിധേയമെന്ന കാര്യത്തില്‍ അദ്ദേഹം കൃത്യമായി പറഞ്ഞില്ല. എന്നാല്‍, ചൈനയുടെ ജെ-20 യുദ്ധ വിമാനമായിരിക്കാം അദ്ദേഹത്തിന്റെ മനസിലുള്ളതെന്ന് അനുമാനിക്കാം. ഇപ്പോള്‍ പറക്കുന്ന ചൈനീസ് യുദ്ധ വിമാനങ്ങളില്‍ ജെ-20യ്ക്കു മാത്രമാണ് എഫ്-35വുമായി സാമ്യമുള്ളതെന്ന് കാണാം. പക്ഷേ, അത് എഫ്-35നെക്കാള്‍ വളരെ വലുതാണ്. അമേരിക്കന്‍ വിമാനത്തെ പോലെയല്ലാതെ ഇരട്ട എൻജിനുകളുമുണ്ട്. ഇരു മോഡലുകള്‍ക്കും തമ്മിലുള്ള പ്രധാന സാമ്യമെന്നു പറയുന്നത് ഇരു വിമാനങ്ങളും ഒളിയാക്രമണങ്ങള്‍ക്കായി രൂപകല്‍പന ചെയ്ത ഫൈറ്റര്‍ വിമാനങ്ങളാണ് എന്നതാണ്. 

എന്നാല്‍ ജെ-20 ആയിരിക്കില്ല ബോള്‍ട്ടന്റെ മനസിലുള്ളത്. ശത്രു രാജ്യത്തിന്റെ വ്യോമസേനയെ കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള അറിവുള്ളതു കൊണ്ടായിരിക്കാം അദ്ദേഹം തന്റെ പ്രസ്താവന നടത്തിയതെന്നു വാദിക്കുന്നവരും ഉണ്ട്. ചൈനയുടെ ഷെന്യാങ് എഫ്‌സി-31 (Shenyang FC-31) വിമാനത്തെയായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചതെന്ന് വാദിക്കുന്നവരും ഉണ്ട്. ഈ മോഡലിന്‍ എഫ്-35 നോട് സാമ്യമുണ്ട്. എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ചൈന ഇത്തരം രണ്ടു വിമാനങ്ങള്‍ മാത്രമാണ് നിര്‍മിച്ചത്. അവ കാര്യമായി പരീക്ഷണപ്പറക്കല്‍ പോലും നടത്തിയിട്ടുമില്ല. ഈ വിമാനത്തിന് മൊത്തം പ്രശ്‌നങ്ങളാണ്. അമേരിക്കയുടെ എഫ്-35ഉം കുറ്റമറ്റ മോഡലൊന്നുമല്ല എന്നത് തെളിവുമാണ്.

കുറ്റവാളി ചൈന മാത്രമോ?

കഴിഞ്ഞ പല വര്‍ഷങ്ങളായി തങ്ങളുടെ യുദ്ധ സാങ്കേതികവിദ്യ ചൈന മോഷ്ടിക്കുന്നുവെന്ന് അമേരിക്ക വിലപിക്കാറുണ്ട്. അതു തന്നെയാണ് എഫ്-35ന്റെ കാര്യത്തിലും കണ്ടത്. എന്നല്‍, ബോള്‍ട്ടണെപ്പോലെയുള്ളവര്‍ ഈ സാങ്കേതികവിദ്യ ചൂണ്ടാന്‍ ശ്രമിക്കുന്ന മറ്റു രാജ്യങ്ങളുടെ നേരെയും നോക്കണം എന്നാണ് മറ്റൊരു റിപ്പോര്‍ട്ട് പറയുന്നത്. അടുത്ത കാലത്ത് അനാവരണം ചെയ്യപ്പെട്ട നിരവധി യുദ്ധ വിമാനങ്ങള്‍ക്ക് എഫ്-35ന്റെ 'മുഖഭാവം' ഉണ്ട്. ഛായയാണ് ബോള്‍ട്ടണ്‍ ഉദ്ദേശിച്ചതെങ്കില്‍ മറ്റു രാജ്യങ്ങള്‍ നിര്‍മിച്ച വിമാനങ്ങളും അതുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 

ഇവയില്‍ പലതും അമേരിക്കയുടെ സഖ്യ കക്ഷികളുടേതുമാണ്. ബ്രിട്ടന്റെ ടെമ്പിസ്റ്റ് ആറാം തലമുറ (British BAE Systems Tempest 6th-gen) യുദ്ധ വിമാനത്തിനും എഫ്-35ന്റെ ഛായയാണ്. ഇതിന്റെ മോഡല്‍ മാത്രമാണ് പ്രദര്‍ശിപ്പിച്ചത്. ഇത് പ്രവര്‍ത്തനക്ഷമമാകണമെങ്കില്‍ 2030 എത്തണമെന്നാണ് പറയുന്നത്. 

മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളും ഫൈറ്റര്‍ ജെറ്റ് നിര്‍മിക്കാന്‍ ശ്രമിക്കുന്നുണ്ട്. അടുത്ത കാലത്ത് ഫ്രാന്‍സും ജര്‍മ്മനിയും കൊട്ടിഘോഷിച്ചു തുടങ്ങിയ ന്യൂ ജനറേഷന്‍ ഫൈറ്റര്‍ പ്രൊജക്ടിലും സമാന ഫീച്ചറുകള്‍ കാണാം. ടര്‍ക്കിയുടെ ടിഎഫ്-എക്‌സ് (TAI TF-X (TurkishFighter – Experimental) മോഡലിലും സമാനത ദര്‍ശിക്കാം. 

എന്നാല്‍, ബോള്‍ട്ടന്റെ ആരോപണം ഗൗരവത്തിലെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ കാണാനാകും. എല്ലാ ചാര വിമാനങ്ങള്‍ക്കും ചില കാര്യങ്ങള്‍ ഒരു പോലെയിരിക്കും. അത് അവയുടെ ജനിതക പ്രശ്‌നമാണ്. ഒരു വിമാനത്തെ റഡാറുകള്‍ കണ്ടെത്താതിരിക്കാനുള്ള തന്ത്രങ്ങളാണ് ഇവയില്‍ നടത്തുന്നത്. അതിന് ചില എയര്‍ഫ്രെയിം രൂപങ്ങളും മറ്റും ഉണ്ട്. ഇത്തരം വിമാനങ്ങളുടെ ഡിസൈനര്‍മാര്‍ തയാറാക്കുന്ന രൂപരേഖയ്ക്ക് അല്‍പ സ്വല്‍പം സാമ്യമൊക്കെ വന്നുപോയാല്‍ അതില്‍ അദ്ഭുതപ്പെടാനുണ്ടോ എന്നാണ് വിദഗ്ധര്‍ ചോദിക്കുന്നത്. എന്തായാലും ഒരു വിമാനത്തിന്റെ പുറംമോടി നോക്കി അത് അനുകരണമാണ്, മോഷണമാണ് എന്ന ആരോപണമൊക്കെ ഉന്നയിക്കുന്നത് ഉത്തരവാദിത്ത്വപ്പെട്ടവര്‍ നടത്തരുത് എന്നാണ് അവര്‍ പറയുന്നത്. അതു കൂടാതെ, ആധുനിക വിമാനങ്ങളൊന്നും അവയുടെ പുറം പണി കൊണ്ടല്ല ശ്രദ്ധേയമാകുന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. പതിറ്റാണ്ടുകള്‍ മുമ്പു തന്നെവിമാനങ്ങള്‍ക്ക് ചിറകുകള്‍ വേണം, കോക്പിറ്റ് വേണം, ജെറ്റ് ഇന്‍ടെയ്ക്കുകള്‍ വേണം, എൻജിനുകള്‍ വേണമെന്ന കാര്യത്തിലൊക്കെ തീരുമാനമായതല്ലേ എന്നും അവര്‍ ചോദിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
FROM ONMANORAMA