ADVERTISEMENT

54 വർഷം മുൻപ് ഈ ദിവസം (സെപ്റ്റംബർ 19) പാക്കിസ്ഥാൻ വ്യോമസേന ഒരു ഇന്ത്യൻ മുഖ്യമന്ത്രിയെ കൊന്നു. കാരണം ഗുജറാത്ത് മുഖ്യമന്ത്രിയുടെ വിമാനം ഇന്തോ-പാക് അതിർത്തിയിലേക്ക് വളരെ അടുത്തു കൂടെ പറന്നു എന്നതായിരുന്നു. എന്താണ് അന്ന് സംഭവിച്ചത്? ആരെല്ലാം ആയിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്?

1965 സെപ്റ്റംബര്‍ 19 ന് വൈകിട്ടാണ് സംഭവം. മാസങ്ങളോളം നീണ്ടു നിന്ന ഇന്ത്യ–പാക്ക് യുദ്ധം ഏകദേശം അവസാനിച്ചിരുന്നു. ഇരുരാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. 1965 സെപ്റ്റംബര്‍ 19 ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ബല്‍വന്ത് റായി മേത്ത അലഹബാദ് വിമാനത്താവളത്തിൽ നിന്ന് യാത്രതിരിച്ചു. ഭാര്യയും കൂടെയുണ്ടായിരുന്നു. യുദ്ധം തകര്‍ത്ത അതിര്‍ത്തി ഗ്രാമങ്ങളുടെ ആകാശകാഴ്ചയായിരുന്നു മേത്തയുടെ ലക്ഷ്യം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് മേത്തയുടെ ഇരട്ട എൻജിനുള്ള എട്ടു പേര്‍ക്കിരിക്കാവുന്ന ചെറുവിമാനം ടേക്ക് ഓഫ് ചെയ്തത്. വിമാനം ഭുജ് മേഖലയിലേക്കാണ് പുറപ്പെട്ടത്. യുദ്ധം ഏറെ കുറെ അവസാനിച്ചതിനാൽ സിവിലിയന്‍ വിമാനങ്ങള്‍ ആക്രമിക്കപ്പെടില്ലെന്ന ധൈര്യത്തിലാണ് അതിർത്തിക്ക് സമീപത്തു കൂടെ വിമാനം പറന്നത്.

വൈകീട്ട് മൂന്നരയോടെ പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ മൗരിപ്പൂര്‍ വ്യോമതാവളത്തിലെ ഫ്ലയിംഗ് ഓഫിസര്‍ ഖ്വായിസ് ഹുസൈനു ആക്രമണത്തിനു സജ്ജമാകാൻ നിർദ്ദേശം ലഭിച്ചു. അതിർത്തി പ്രദേശത്തു കൂടെ വരുന്ന ചെറു വിമാനത്തെ നേരിടാന്‍ രണ്ടു പോർവിമാനങ്ങളാണ് പാക്കിസ്ഥാൻ വ്യോമസേന സ‍ജ്ജമാക്കിയത്. രണ്ടാം പോർവിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴേക്കും ഖ്വായിസ് ഹുസൈന്‍ ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ 20 കിലോമീറ്റര്‍ കടന്നിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിനിടെ എതിരെ വരുന്നത് ചെറുവിമാനമാണെന്ന് ഹുസൈൻ മനസിലാക്കി. ആക്രമിക്കാനല്ല വരുന്നതെന്നും വ്യക്തമായിരുന്നു. എല്ലാം കൃത്യമായി ഹുസൈൻ വിവരിച്ച കൺ‌ട്രോൾ റൂമിൽ അറിയിച്ചിരുന്നെങ്കിലും വെടിവയ്ക്കാനാണ് പാക്ക് താവളത്തിൽ നിന്ന് ഉത്തരവ് വന്നത്.

നിര്‍ദ്ദേശം വന്നതോടെ തിരിച്ചൊന്നും പറയാൻ സാധിക്കാതെ ഹുസൈന്റെ പോർവിമാനം വെടിവച്ചു. വിമാനത്തിലെ ചിറകിലാണ് വെടികൊണ്ടത്. വെടിയേറ്റതോടെ എട്ടുപേര്‍ കയറിയ ചെറു യാത്രാ വിമാനം താഴേക്ക് വീണു. വൈകീട്ട് ഏഴു മണിയോടെ ആ വാര്‍ത്ത രാജ്യം ഞെട്ടലോടെ അറിഞ്ഞു. ഇന്ത്യയുടെ യാത്രാവിമാനം പാക്കിസ്ഥാന്‍ ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ കയറി വെടിവച്ചിട്ടിരിക്കുന്നു. വിമാനത്തിലുണ്ടായിരുന്നത് ഗുജറാത്ത് മുഖ്യമന്ത്രി ബല്‍വന്ത് റായി മേത്ത, പത്‌നി സരോജ ബെന്‍, ഗുജറാത്ത് സമാചാര്‍ പത്രത്തിന്റെ ലേഖകന്‍, മുഖ്യമന്ത്രിയുടെ മൂന്നു അസിസ്റ്റന്റുമാര്‍, മുഖ്യ പൈലറ്റ് ജഹാംഗീര്‍ എം എന്‍ജിനീയര്‍, ഒരു കോ പൈലറ്റ് എന്നിവരാണ്. വിമാനത്തിന്റെയും വെടിയേറ്റവരുടെയും അവശിഷ്ടങ്ങള്‍ അതിര്‍ത്തി ഗ്രാമം സുതാലിയില്‍ നിന്നാണ് കണ്ടെത്തിയത്.

48 വര്‍ഷത്തിനു ശേഷം ഖേദപ്രകടനം

ഗുജറാത്ത് മുഖ്യമന്ത്രി ബല്‍‌വന്ത് റായ് മേത്തയും കുടുംബവും സഞ്ചരിച്ചിരുന്ന വിമാനം നിരീക്ഷണ വിമാനമാണെന്ന് കരുതി വെടിവച്ചിട്ട പാക്ക് വ്യോമസേന പൈലറ്റ് 48 വര്‍ഷത്തിനു ശേഷം ഖേദപ്രകടനം നടത്തിയത് വലിയ വാർത്തയായി. തകര്‍ക്കപ്പെട്ട വിമാനത്തിന്റെ പൈലറ്റ് ജഹാംഗീര്‍ എൻജിനീയറുടെ മകള്‍ ഫരീദ സിങ്ങിന് അയച്ച ഇ-മെയിലിലാണ് പാക്ക് പൈലറ്റ് ഖ്വായിസ് ഹുസൈന്‍ പൈലറ്റ് ഖേദപ്രകടനം നടത്തിയത്.

നിരീക്ഷണ വിമാനമാണെന്ന് കരുതിയാണ് വിമാനത്തെ പിന്തുടര്‍ന്നത്. വിമാനത്തെ നേരിടുന്നതിനു തൊട്ടു മുൻപ് തന്റെ ഓഫിസറുടെ നിര്‍ദ്ദേശത്തിനു കാത്തു നിന്നപ്പോഴും വെടിവയ്ക്കാനുള്ള ഉത്തരവല്ല മടങ്ങാനുള്ള നിര്‍ദ്ദേശമായിരിക്കും ലഭിക്കുകയെന്ന് താന്‍ മനസില്‍ കരുതി. എന്നാല്‍, വിചാരിച്ചതുപോലെ ആയിരുന്നില്ല കാര്യങ്ങള്‍ നടന്നതെന്നും കുറിപ്പിലുണ്ടായിരുന്നു. വിമാനം വെടിവച്ചു തകര്‍ക്കാനുള്ള ഉത്തരവാണ് കിട്ടിയത്.

balwant

അന്നു നിരീക്ഷണ വിമാനം തകര്‍ത്തതിലുള്ള സന്തോഷത്തിലാണ് താന്‍ മടങ്ങിയത്. എന്നാല്‍ അന്ന് വൈകീട്ട് ആകാശവാണി വാര്‍ത്ത കേട്ടപ്പോഴാണ് വിമാനത്തില്‍ സഞ്ചരിച്ചിരുന്നത് ആരോക്കെയായിരുന്നു എന്ന് മനസിലായത്. അതോടുകൂടി താന്‍ വിഷമത്തിലായി എന്നും ഖ്വായിസ് പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT