ADVERTISEMENT

അതിശക്തവും ആഭ്യന്തരമായി നിർമിച്ചതുമായി ഒരു കൂട്ടം ആയുധങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങുകയാണ് ചൈന. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ആയുധപ്പുരയിൽ എല്ലാം സജ്ജമായി കഴിഞ്ഞു. ഒക്ടോബർ 1 ന് ബെയ്ജിങ്ങിൽ നടക്കുന്ന ദേശീയ ദിന സൈനിക പരേഡിനിടെ ലോകം കണ്ടതിൽ വച്ച് ഏറ്റവും നൂതനമായ ചില ആയുധങ്ങൾ ചൈന പ്രദർശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായ 70 വർഷത്തിനിടയിൽ രാജ്യത്തിന്റെ സൈനിക മുന്നേറ്റത്തെ ഉയർത്തിക്കാട്ടുന്നതിനായി 15,000 ത്തോളം ഉദ്യോഗസ്ഥരും 160 ലധികം പോർവിമാനങ്ങളും 580 ആയുധങ്ങളും മറ്റു ഉപകരണങ്ങളും ചൈനീസ് തലസ്ഥാനത്തിലൂടെ 80 മിനിറ്റ് പരേഡ് നടത്തുമെന്നാണ് അറിയുന്നത്.

ഡ്രോൺ സാങ്കേതികവിദ്യയാണ് അവയിൽ പ്രധാനം. ലോകത്തിലെ ഏറ്റവും മികച്ചതും നൂതനവുമായ മിസൈൽ സംവിധാനങ്ങളിൽ ചിലതും ബെയ്ജിങ് പരേഡിൽ പ്രദർശിപ്പിക്കും. മിലിട്ടറി പരേഡ് ജോയിന്റ് കമാൻഡ് ഓഫിസിലെ എക്സിക്യൂട്ടീവ് ഡെപ്യൂട്ടി ഡയറക്ടറും സെൻട്രൽ തിയറ്റർ കമാൻഡ് ഓഫ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പി‌എൽ‌എ) ഡെപ്യൂട്ടി ചീഫ് മേജറുമായ മേജർ ജനറൽ ടാൻ മിൻ ഈ ആഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ഇക്കാര്യങ്ങൾ അറിയിച്ചിരുന്നു. പ്രതിരോധ ഗവേഷണത്തിലും വികസനത്തിലും പുതുമ കണ്ടെത്താനുള്ള രാജ്യത്തിന്റെ കഴിവ് എടുത്തുകാണിക്കുന്നതായിരിക്കും പരേഡ്.

ഡോങ്ഫെങ്– 5 സി മിസൈൽ

പരേഡിലെ പ്രധാനപ്പെട്ട ആയുധങ്ങളിലൊന്ന് ഡോങ്ഫെങ്– 5 സി മിസൈൽ ആണ്. പത്ത് അണ്വായുധങ്ങൾ വഹിക്കാവുന്ന മിസൈലുമായി ചൈനീസ് പരേഡ് ലോകത്തെ അദ്ഭുതപ്പെടുത്തുമെന്നാണ് കരുതുന്നത്. ഡോങ്ഫെങ്– 5 സി മിസൈലിന്റെ പരീക്ഷണ വിക്ഷേപണം നേരത്തെ തന്നെ കഴിഞ്ഞതാണ്. എന്നാൽ പരേഡുകളിൽ ഇത് ആദ്യമായാണ് അവതരിപ്പിക്കുന്നത്.

2017 ൽ ഷാൻസി പ്രവിശ്യയിലെ തായുവാൻ വിക്ഷേപണകേന്ദ്രത്തിൽനിന്നു പടിഞ്ഞാറൻ ചൈനയിലെ മരുഭൂമിയിലേക്ക് മിസൈൽ പരീക്ഷിച്ചത് വലിയ വാർത്തയായിരുന്നു. പഴയ ഡിഎഫ്–5 മിസൈലുകളിൽ പുതിയ പോർമുനകൾ ചേർക്കുന്ന നീക്കം പുരോഗമിക്കുന്നതായി യുഎസ് ഇന്റലിജൻസിന് 2016 ൽ തന്നെ യുഎസിനു വിവരം ലഭിച്ചിരുന്നു. പന്ത്രണ്ട് ആണവപോർമുനകൾ വരെ വഹിക്കാൻ ശേഷിയുള്ളതും 15,000 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ളതുമായ ഡോങ്ഫെങ്–41 മിസൈൽ റഷ്യൻ അതിർത്തിയോടു ചേർന്ന് ചൈന വിന്യസിച്ചതിന്റെ ചിത്രങ്ങൾ ചില ചൈനീസ് വെബ്സൈറ്റുകളിൽ വന്നിരുന്നു.

പരേഡ് ഹൈപ്പിന്റെ ഭൂരിഭാഗവും ഈ ശക്തമായ ഭൂഖണ്ഡാന്തര ശ്രേണിയിലുള്ള ബാലിസ്റ്റിക് മിസൈലിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വരും വർഷങ്ങളിൽ പീപ്പിൾസ് ലിബറേഷൻ ആർമി റോക്കറ്റ് ഫോഴ്‌സ് (PLARF) ആയുധശേഖരത്തിന്റെ മുഖ്യധാരയായി കരുതപ്പെടുന്നതും ഇതാണ്. കൂടാതെ ചില കണക്കുകളനുസരിച്ച് ലോകത്തെ ഏറ്റവും ശക്തമായ മിസൈൽ കൂടിയാണിത്.

1997 മുതൽ വികസിച്ചുകൊണ്ടിരിക്കുമ്പോൾ, 2015 ലും 2017 ലും പരേഡുകളിൽ ഡി‌എഫ് -41 പ്രത്യക്ഷപ്പെടുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും അത് മാറ്റിവെക്കുകയായിരന്നു. ഈ മാസം ആദ്യം ബെയ്ജിങ്ങിൽ നടന്ന പരേഡ് റിഹേഴ്സലിനിടെ മിസൈൽ കണ്ടെത്തിയെന്ന് ചൈനീസ് മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു.

സെന്റർ ഫോർ സ്ട്രാറ്റജിക് ആന്റ് ഇന്റർനാഷണൽ സ്റ്റഡീസിലെ മിസൈൽ പ്രതിരോധ പ്രൊജക്ട് പറയുന്നത്, ഭൂമിയിലെ ഏതൊരു മിസൈലിനേക്കാളും 9,320 മൈൽ (15,000 കിലോമീറ്റർ) വരെ ദൂരം സഞ്ചരിക്കാൻ ഡിഎഫ് -41 ന് ശേഷിയുണ്ടെന്നും 10 ന്യൂക്ലിയർ പോർമുനകൾ വഹിക്കാൻ ശേഷിയുണ്ടെന്നുമാണ്. ചൈനയിൽ നിന്ന് വിക്ഷേപിച്ചാൽ 30 മിനിറ്റിനുള്ളിൽ അമേരിക്കയിൽ എത്താൻ ശേഷിയുള്ള മിസൈലാണിത്.

ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരേഡിനാണ് ചൈന ഒരുങ്ങുന്നത്. ആണവായുധ ശേഖരമുൾപ്പെടെ അത്യാധുനിക ആയുധങ്ങളാണു പരേഡിൽ അണിനിരക്കുന്നത്.

ആണവ മിസൈലുകൾ കൂടാതെ ഡിഎഫ് – 41 ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈലുകൾ, മുങ്ങിക്കപ്പലിൽ നിന്നു തൊടുക്കാവുന്ന ജെ – 2 ബാലിസ്‌റ്റിക് മിസൈലുകൾ, അത്യാധുനിക സാങ്കേതിക വിദ്യ (സ്റ്റെൽത്ത്) ഉപയോഗിച്ചു ചൈന വികസിപ്പിച്ച ചെങ്ദു ജെ– 20 പോർവിമാനങ്ങൾ തുടങ്ങിയവയും പരേഡിന്റെ ഭാഗമാകുമെന്ന് ഹോങ്കോങ് ആസ്ഥാനമായ സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT