ADVERTISEMENT

ചൈന ലോകത്തെ ആദ്യ സായുധ സ്റ്റെൽത്ത് ഡ്രോൺ പ്രദർശിപ്പിച്ചു. കൂടുതൽ സമയത്തേക്ക് പറക്കാനും ടാർഗെറ്റുകളെ അങ്ങേയറ്റം കൃത്യതയോടെ ആക്രമിക്കാനും കഴിയുന്നതാണ് ഈ ഡ്രോൺ. ഒരു ഭൂഖണ്ഡാന്തര ന്യൂക്ലിയർ വാർഹെഡും വായുവിൽ ഇന്ധനം നിറയ്ക്കാൻ കഴിയുന്ന ബോംബറും ഉൾപ്പെടെ നിരവധി ആയുധങ്ങളാണ് ചൈന പ്രദർശിപ്പിച്ചത്. ഇതോടൊപ്പമാണ് ലോകത്തെ ഭയപ്പെടുത്തും ഡ്രോണും അവതരിപ്പിച്ചത്.

‘ജിജെ -11 ഷാർപ്പ് സ്വാർഡ്’ ഡ്രോണിനെ നേരിടാനുള്ള ശേഷി അമേരിക്ക ഉൾപ്പടെയുള്ള ലോകശക്തികളുടെ കൈവശമില്ലെന്നാണ് അറിയുന്നത്. ഇതിനാൽ തന്നെ ഓസ്‌ട്രേലിയയും അമേരിക്കയും ഈ ഡ്രോണിന്റെ ടെക്നോളജിയിൽ ആശങ്കാകുലരാണ്. ഇത്തരം ഡ്രോണുകള്‍ നിർമിക്കാൻ ചില രാജ്യങ്ങളിൽ ശ്രമം നടക്കുന്നുണ്ട്.

ഷാർപ്പ് സ്വാർഡ് എന്നത് ആളില്ലാ കോംബാറ്റ് എയർ വെഹിക്കിൾ (യു‌സി‌വി) ആണ്. ഇത് അമേരിക്കയുടെ പ്രെഡേറ്റർ ഡ്രോണിന് സമാനമാണ്. 1995 ൽ ആദ്യമായി അവതരിപ്പിച്ചതു മുതൽ അമേരിക്ക ഒന്നിലധികം സംഘട്ടനങ്ങളിൽ ഇത് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഷാർപ്പ് സ്വാർഡിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ ഫ്ലൈയിങ്-വിങ് ശൈലിയാണ്. ഈ സായുധ ഡ്രോണിൽ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനും പ്രതിരോധിക്കാനും ശേഷിയുള്ള സ്റ്റെൽത്ത് ഫീച്ചറുകളുണ്ട്.

2013 ലാണ് ചൈനയ്ക്ക് ഒരു ഫ്ലൈയിങ് പ്രോട്ടോടൈപ്പ് ഉണ്ടെന്ന് ആദ്യമായി റിപ്പോർട്ടു ചെയ്യുന്നത്. എന്നാൽ അടുത്തിടെ പ്രദർശിപ്പിച്ച ഡ്രോൺ മോഡലിൽ എക്‌സ്‌ഹോസ്റ്റ് സവിശേഷതയുണ്ടെന്നാണ് കാണിക്കുന്നത്. ഇത് ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കുന്നുവെങ്കിൽ ടാർഗെറ്റിന്റെ വ്യോമാതിർത്തിയിൽ മണിക്കൂറുകളോ ദിവസങ്ങളോ കണ്ടെത്താനാകാതെ പറക്കാൻ സാധിക്കും. എതിരെ വരുന്ന വിമാനങ്ങളിലെ പൈലറ്റുമാർക്ക് പോലും കണ്ടുപിടിക്കാൻ കഴിയില്ല.

ഷാർപ്പ് സ്വാർഡ് എന്നത് ലോകത്തിലെ ആദ്യത്തെ സംഭവവികാസമാണ്. കൂടാതെ സൈനിക സാങ്കേതികവിദ്യയിലെ ചൈനയുടെ പുരോഗതിയുടെ ഒരു പ്രധാന സൂചകം കൂടിയാണിത്. കാലഹരണപ്പെട്ട സോവിയറ്റ് ആയുധങ്ങളെയും ഡിസൈനുകളെയും ആശ്രയിച്ച് അവർ ഏറെ പിന്നിലായി പോയിരുന്നു. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ ചൈന ഏറെ മുന്നോട്ടു പോയിട്ടുണ്ട്.

ചൈന ഇപ്പോൾ സൈനികച്ചെലവിന്റെ കാര്യത്തിൽ ലോകത്ത് തന്നെ രണ്ടാം സ്ഥാനത്താണ്. എന്നാൽ പുതിയ സാങ്കേതികവിദ്യകളുടെ വികസനത്തിനായി ചൈന ചെലവിടുന്ന തുക കുത്തനെ കൂട്ടിയിട്ടുണ്ട്. അടുത്തിടെ നടന്ന ചൈനീസ് ദേശീയ ദിന പരേഡിൽ കാണിച്ച ഷാർപ്പ് സ്വാർഡ് ലോകത്തിനൊരു മാതൃകയായിരിക്കുമെന്ന് ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ രാജ്യാന്തര സുരക്ഷാ പ്രോഗ്രാം ഡയറക്ടർ സാം റോഗ്‌വീൻ പറഞ്ഞു.

നാവികസേനയെ നവീകരിക്കുന്നതിനായി ചൈന അടുത്ത തലമുറയിലെ വിമാനവാഹിനിക്കപ്പലുകൾ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഈ വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് ടേക്ക് ഓഫ് ചെയ്യാൻ ശേഷിയുളളതാണ് ഷാർപ്പ് സ്വാർഡ് ഡ്രോൺ. വിമാനവാഹിനിക്കപ്പൽ പ്രോഗ്രാം ചൈനയുടെ അയൽവാസികളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് റോജ്‌വീൻ പറഞ്ഞത്.

drone-1

ഏഷ്യാ പസഫിക്കിലെ ഒരു പ്രധാന ഭീഷണിയായി അമേരിക്കൻ സേന തുടരുമ്പോൾ അവർക്കെതിരെ പ്രയോഗിക്കാൻ കഴിയുന്ന ഒരു നാവികസേനയാണ് ചൈന ആഗ്രഹിക്കുന്നത്. അതേസമയം ചൈനയുടെ നാവിക വിപുലീകരണം അമേരിക്കയുമായുള്ള ഏറ്റുമുട്ടലിൽ മാത്രം കേന്ദ്രീകരിച്ചതായി കരുതേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com