ADVERTISEMENT

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്ന് അഭിമാന ദിവസമാണ്. ഇന്നാണ് വ്യോമസേനയുടെ 87-ാം ജന്മവാർഷികം. കരാർ പ്രകാരമുള്ള ആദ്യ റഫാൽ ജെറ്റ് വിമാനം ഇന്നാണ് ഏറ്റുവാങ്ങുന്നത്. ഇതിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഫ്രാൻസിൽ എത്തിയിട്ടുണ്ട്. ഫ്രാൻസിലെ മെറിഗ്നാക്കിൽ ഒരു ഹാൻഡ്ഓവർ ചടങ്ങിൽ ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ മൾട്ടിറോൾ യുദ്ധവിമാനമായ റഫാലിനെ വ്യോമസേനയിൽ ഉൾപ്പെടുത്തും. ഫ്രഞ്ച് കമ്പനിയായ ദസാൾട്ട് ഏവിയേഷൻ നിർമിച്ച് ഇന്ത്യക്ക് നൽകുന്ന ആദ്യത്തെ റഫേലാണിത്‌.

 

വ്യോമസേനയുടെ 87-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി ഗാസിയാബാദിലെ ഹിന്ദൺ എയർഫോഴ്‌സ് സ്റ്റേഷനിൽ വ്യോമസേനയുടെ ഗതാഗത വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, യുദ്ധവിമാനങ്ങൾ എന്നിവയുടെ ഒരു വലിയ ഫ്ലൈപാസ്റ്റ് തന്നെ നടക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി അമേരിക്കയിൽ നിന്ന് ഏറ്റെടുത്തതിനുശേഷം വ്യോമസേനയുടെ ചിനൂക്ക്, അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളും ആദ്യമായി പ്രദർശിപ്പിക്കും.

 

ഇന്ത്യയ്ക്കു സ്വാതന്ത്യ്രം കിട്ടുന്നതിനു മുൻപ് 1932 ഒക്ടോബർ 8 നാണു ഭാരതീയ വ്യോമസേന സ്ഥാപിതമായത്. 1932 ലെ ഇന്ത്യൻ എയർഫോഴ്സ് ആക്ട് അനുസരിച്ച് വ്യോമസേന രൂപീകൃതമായത്. തുടക്കത്തിൽ 6 ഓഫിസർമാരും 19 ഭടന്മാരും മാത്രമേ ഉണ്ടായിരുന്നുള്ളു. തൊട്ടടുത്ത വർഷം ഏപ്രിൽ ഒന്നിനാണ് ഇന്ത്യൻ എയർഫോഴ്സിന്റെ ആദ്യ സ്ക്വാഡ്രൻ നിലവിൽ വരുന്നത്. നാല് വെസ്റ്റ്ലാന്റ് വപിറ്റി വിമാനങ്ങളും അഞ്ച് ഇന്ത്യൻ പൈലറ്റുമാരും അടങ്ങുന്നതാണ് ആദ്യത്തെ സ്ക്വാ‍ഡ്രൻ.

 

വെസ്റ്റ്ലാൻഡിന്റെ വപിറ്റി വിമാനമാണ് ഇന്ത്യൻ വ്യോമസനേയുടെ ആദ്യത്തെ ഫൈറ്റർ വിമാനം. 1937 - ൽ ബ്രീട്ടീഷ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയിലും 1939 - ൽ ബർമാമുന്നണിയിൽ ഗോത്രവർഗങ്ങൾക്കെതിരായുമാണ് വ്യോമസേന ആദ്യമായി ആക്രണങ്ങൾ സംഘടിപ്പിച്ചത്. തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ സേനക്കെതിരെയും വപിറ്റി വിമാനങ്ങൾ ഉപയോഗിച്ചു. യുദ്ധം അവസാനിക്കുമ്പോൾ ഭാരതീയ വ്യോമസേനക്ക് 9 സ്ക്വാഡ്രനുകൾ നിലവിൽ വന്നുകഴിഞ്ഞിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ വഹിച്ച പങ്കു കണക്കിലെടുത്ത് ഈ സേനയ്ക്ക് റോയൽ എന്ന ബഹുമതിപദം നൽകിയതോടെ ഇതിന്റെ പേര് റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്നായി മാറി. എന്നാൽ സ്വാതന്ത്യ്രാനന്തരം ഇന്ത്യൻ എയർഫോഴ്സ് എന്നാക്കി മാറ്റുകയായിരുന്നു. 

 

സുബ്രതോ മുഖർജിയാണ് ഇന്ത്യൻ വ്യോമസേനയുടെ തലവനാകുന്ന ആദ്യത്തെ ഇന്ത്യക്കാരൻ. സ്വാതന്ത്ര്യപ്രാപ്തിയെ തുടർന്നുള്ള ആദ്യവർഷത്തിൽ അഭയാർഥികളെ രക്ഷിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടു. 1950 - ൽ ആസമിലുണ്ടായ ഭീകര ഭൂകമ്പത്തെത്തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും കശ്മീർ പ്രതിരോധത്തിലും വ്യോമസേന പ്രധാന പങ്കു വഹിക്കുകയുണ്ടായി. 1965 - ലെ ഇന്ത്യ– പാക്കിസ്ഥാൻ യുദ്ധമായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ യശസ് ഉയർത്തിയത്. അതിർത്തി കടന്നുള്ള പാക്കിസ്ഥാന്റെ കടന്നുകയറ്റത്തിന് ഇന്ത്യൻ വ്യോമസേന കനത്ത തിരിച്ചടിയാണ് നൽകിയത്. പാക്കിസ്ഥാന്റെ നിരവധി ടാങ്കുകളും വിമാനങ്ങളും ഇന്ത്യ തകർത്തു. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം പ്രധാനപ്പെട്ട നാലു യുദ്ധങ്ങളിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ വ്യോമസേന ലോകത്തെ ഏറ്റവും മികച്ച വ്യോമസേനകളിലൊന്നാണിന്ന്. ഏറ്റവും അവസാനമായി പാക്കിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകര ക്യാംപുകൾ തകർത്ത് മടങ്ങിയതും വ്യോമസേനയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT