ADVERTISEMENT

പുതിയ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം സജീവമായി തന്നെ രംഗത്തുണ്ട്. ഇനിയും നിരവധി അത്യാധുനിക പോർവിമാനങ്ങൾ വൈകാതെ തന്നെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. 33 പോര്‍വിമാനങ്ങള്‍ അടങ്ങിയ 25 സേനാവ്യൂഹങ്ങളാണ് ഇന്ത്യന്‍ വ്യോമസേനക്കുള്ളത്. നിലവില്‍ പാക്കിസ്ഥാന്റെ ഒരു വ്യോമസേനാവ്യൂഹത്തിന് ബദലായി ഇന്ത്യക്ക് 1.3 പോര്‍വിമാന വ്യൂഹമാണുള്ളതെന്ന് ചുരുക്കം. ഇത് ചൈനയുമായി താരതമ്യപ്പെടുത്തുമ്പോഴും കുറവാണ്. 80കളില്‍ പാക്കിസ്ഥാന്റെ ഒരു വ്യോമസേനാവ്യൂഹത്തിന് പകരം ഇന്ത്യയ്ക്ക് മൂന്ന് പോര്‍വിമാനങ്ങൾ ഉണ്ടായിരുന്നുവെന്ന് തിരിച്ചറിയുമ്പോഴാണ് ചിത്രം വ്യക്തമാവുക.

 

നിലവിൽ സൈനിക വിമാനങ്ങളുടെ എണ്ണം ഏകദേശം 1,400 ആണ്. അടുത്ത വർഷങ്ങളിൽ കൂടുതൽ പോർവിമാനങ്ങൾ വേണ്ടതുണ്ടെന്ന് വ്യോമേസനയും നേവിയും അറിയിച്ചിട്ടുണ്ട്. ഉടൻ തന്നെ വ്യോമസേന വിമാനങ്ങളുടെ എണ്ണം 2,000 ആയി ഉയരുമെന്നും ഇത് എം‌എസ്എംഇ മേഖലയ്ക്ക് പഴയ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനും ഓവർഹോൾ ചെയ്യാനും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഐ‌എ‌എഫ് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്ത 10 മുതൽ 20 വർഷത്തിനുള്ളിൽ വലിയ തോതിൽ വിമാനങ്ങൾ ആവശ്യമാണെന്ന് വ്യോമസേനയുടെ എയർ മാർഷൽ ആർ. കെ. എസ്. ഷെറ പറഞ്ഞു.

 

ഇന്ന് നമ്മുടെ പക്കലുള്ള 1,400 ൽ നിന്ന് ഈ സംഖ്യ വർധിക്കും. അത് ഉടൻ 2,000 ആയി ഉയരുമെന്നും അദ്ദേഹം ഒരു പരിപാടിയിൽ പറഞ്ഞു. വ്യോമസേനയിൽ ഇടത്തരം ഗതാഗത വിമാനമായ എയർബസ് സി 295 ന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിലെ ഡസ്സോൾട്ട് ഏവിയേഷനിൽ നിന്ന് റഫാൽ ജെറ്റുകളെ സേനയിൽ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ഇവ കൂടാതെ നിരവധി ആളില്ലാ വിമാനങ്ങൾ, ചെറു ഡ്രോണുകൾ, മറ്റ് യന്ത്രങ്ങൾ എന്നിവ എല്ലാം വ്യോമസേനയുടെ ഭാഗമാകുമെന്ന് വ്യോമസേനയുടെ മെയിന്റനൻസ് കമാൻഡ് മേധാവി ഷെറ പറഞ്ഞു. ഇതോടെ ഈ വിമാനങ്ങളുടെയും യന്ത്രങ്ങളുടെയും അറ്റകുറ്റപ്പണികളും കൂടും.

 

വ്യോമസേന എല്ലായ്പ്പോഴും സ്വദേശിവൽക്കരണത്തെയും സ്വാശ്രയത്വത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഷെറ പറഞ്ഞു. അറ്റകുറ്റപ്പണികളും ഓവർഹോളും സംബന്ധിച്ചിടത്തോളം വ്യോമസേനയുടെ എല്ലാ ബേസ് റിപ്പയർ ഡിപ്പോകളും (ബിആർഡി) സ്വയം ആശ്രയിക്കുന്നവയാണെന്നും 90 ശതമാനം പ്രവർത്തികളും തദ്ദേശീയമായി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ഇന്ത്യൻ വ്യോമസേന വലിയൊരു വെല്ലുവിളി നേരിടുന്നുണ്ട്. കാരണം 50 മുതൽ 60 വയസ്സ് വരെ പഴക്കമുള്ള വിമാനങ്ങളുണ്ട്. ഇതിൽ മിക്കതും പഴയ ടെക്നോളജിയാണ്. 1960 ലെ വിന്റേജ് അവ്രോ എയർക്രാഫ്റ്റുകൾ മുതൽ അത്യാധുനിക സി 17, സി 130 ജെ ട്രാൻസ്പോർട്ടറുകൾ വരെ വ്യോമസേനയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഉടൻ തന്നെ എയർബസിൽ നിന്ന് സി 295 ലഭ്യമാകുമെന്നും ഷെറ പറഞ്ഞു.

 

ഇന്ത്യന്‍ വ്യോമസേനയുടെ 14 മിഗ് 21, മിഗ് 27 സേനാവ്യൂഹങ്ങളുടെ കാലാവധി 2024ല്‍ അവസാനിക്കും. ഇതിന് ബദലായി 123 തേജസ് പോര്‍വിമാനങ്ങളെയാണ് ഇന്ത്യ ഒരുക്കുന്നത്. നിലവിലെ എല്ലാ കടമ്പകളും കൃത്യസമയത്ത് മറികടക്കാനായാല്‍ പോലും ഇത് 2025ല്‍ മാത്രമേ ഇന്ത്യന്‍ സേനയുടെ ഭാഗമാകൂ. അതേസമയം ശേഷിയുടെ കാര്യത്തില്‍ ഇന്ത്യന്‍ വ്യോമസേനയിലെ പോര്‍വിമാനങ്ങള്‍ പാക്കിസ്ഥാനേക്കാള്‍ മുന്നിലാണ്. ഇന്ത്യന്‍ സേനയുടെ ഭാഗമായ റഫാല്‍, സു 30, മിറാഷ് 2000എസ് എന്നീ പോര്‍വിമാനങ്ങള്‍ക്കൊപ്പം നില്‍ക്കാവുന്ന പോര്‍വിമാനങ്ങള്‍ മുഖ്യ ശത്രുക്കളായ പാക്കിസ്ഥാന്‍ സേനയിലില്ലെന്നാണ് കരുതപ്പെടുന്നത്.  

 

ഇന്ത്യയുടെ തേജസിന് ഒപ്പം നില്‍ക്കാവുന്ന ജെഎഫ് 17 പോര്‍വിമാനങ്ങളാണ് താരതമ്യേന പാക്ക് കൈവശമുള്ള മെച്ചപ്പെട്ട ശക്തികേന്ദ്രങ്ങള്‍. ചൈനയുടെ സാങ്കേതിക സഹായത്തിലാണ് പാക്കിസ്ഥാന്‍ ഈ പോര്‍വിമാനങ്ങള്‍ നിര്‍മിച്ചത്. പാക്കിസ്ഥാന് തൊണ്ണൂറോളം ജെഎഫ് 17 പോര്‍ വിമാനങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതേസമയം, പ്രശ്നബാധിത മേഖലയിലെ ശാക്തിക ബലാബലം നിലനിര്‍ത്തുന്നതിന് ഇന്ത്യന്‍ വ്യോമസേനക്ക് കൂടുതല്‍ പുത്തന്‍ തലമുറ പോര്‍വിമാനങ്ങള്‍ ആവശ്യമാണെന്ന നിര്‍ദേശം സര്‍ക്കാര്‍ തലത്തിലേക്ക് എത്തിക്കഴിഞ്ഞു. ഇനി അതിനനുസരിച്ചുള്ള നടപടിക്ക് കാത്തിരിക്കുകയാണ് വ്യോമസേന.

English Summary: IAF Aircraft strength to rise to 2000 soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT