ADVERTISEMENT

അമേരിക്ക, ഇസ്രയേൽ ഉൾപ്പടെയുള്ള ശത്രുക്കളുടെ മിസൈലുകളും പോർവിമാനങ്ങളും പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് ഇറാൻ പുതിയ ആയുധം നിർമിക്കുന്നു. വ്യോമ പ്രതിരോധത്തിനു ഉപയോഗിക്കുന്ന ക്രൂസ് മിസൈലുകളുടെ വ്യാപ്തിയും കൃത്യതയും വർധിപ്പിക്കുന്നതിനാണ് ഇറാൻ ലേസർ വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുക്കുന്നത്.

 

ഇറാൻ ഒരു ലേസർ വ്യോമ പ്രതിരോധ സംവിധാനം നിർമിക്കുകയാണെന്നും ക്രൂസ് മിസൈലുകളുടെ വ്യാപ്തിയും കൃത്യതയും വർധിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇറാൻ പ്രതിരോധ മന്ത്രി വെളിപ്പെടുത്തി. ചെറിയ വിമാനങ്ങൾക്കും ക്വാഡ്കോപ്റ്റർ ഡ്രോണുകൾക്കുമെതിരെ ഉപയോഗിക്കാൻ കഴിയുന്ന ലേസർ എയർ ഡിഫൻസ് സാങ്കേതികവിദ്യ ഞങ്ങൾ നേടിയിട്ടുണ്ടെന്നും ജനറൽ കാസിം തകിസാദെ പറഞ്ഞു.

 

സിസ്റ്റം പരിശോധനയ്ക്ക് വിധേയമാക്കിയെന്നും ഇപ്പോൾ നിർമാണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമീപ ഭാവിയിൽ തന്നെ പരീക്ഷണ ഘട്ടങ്ങൾ അവസാനിക്കുന്ന ഒരു പദ്ധതിയുടെ ഭാഗമായി ക്രൂസ് മിസൈലുകളുടെ വ്യാപ്തിയും കൃത്യതയും വർധിപ്പിക്കുന്നതിന് പുതിയ മാപ്പിങും ഡിജിറ്റൽ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും ഉപ പ്രതിരോധ മന്ത്രി പറഞ്ഞു.

 

ഇറാന്റെ ബാലിസ്റ്റിക് മിസൈൽ കഴിവുകളെക്കുറിച്ച് സംസാരിച്ച തഖിസാദെ, ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് തൊടുക്കാവുന്ന എല്ലാ മിസൈലുകളുടെയും പിൻ‌പോയിന്റ്-സ്ട്രൈക്കിങ് ശേഷി ഉപയോഗിച്ച് നവീകരിക്കാനുള്ള പദ്ധതി ഇറാൻ പൂർത്തിയാക്കിയിട്ടുണ്ടെന്നും പറഞ്ഞു.

 

ഇറാന്റെ ഖാഹർ എഫ് -313 സ്റ്റെൽത്ത് യുദ്ധവിമാനം തുടർച്ചയായ പരീക്ഷണങ്ങൾക്ക് വിധേയമാക്കിയെന്നും ഡെപ്യൂട്ടി പ്രതിരോധ മന്ത്രി പറഞ്ഞു. ഖഹർ എഫ് -313 പദ്ധതി 2013 ലാണ് അനാച്ഛാദനം ചെയ്തത്. ഇതിനുശേഷം വ്യത്യസ്ത വികസന, പരീക്ഷണ ഘട്ടങ്ങൾ നടന്നുവെന്നും അദ്ദേഹം അറിയിച്ചു.

 

രാജ്യത്തിന് മേൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഉപരോധങ്ങളും ആയുധ നിരോധനങ്ങളും നേരിടേണ്ടി വരുമ്പോൾ അവശ്യ സൈനിക ഉപകരണങ്ങളും പ്രതിരോധ സംവിധാനങ്ങളും നിർമിക്കുന്നതിൽ ഇറാൻ സ്വയംപര്യാപ്തത കൈവരിക്കാൻ ശ്രമിക്കുന്നു. തന്മൂലം രാജ്യം സ്വന്തം സാങ്കേതിക കഴിവുകളെ അടിസ്ഥാനമാക്കി വൈവിധ്യമാർന്ന നൂതന ആയുധ സംവിധാനങ്ങളും ഉപകരണങ്ങളും നിർമിക്കുന്നുണ്ട്.

 

ഇറാനെതിരായ ഉപരോധത്തെ ഫലപ്രദമായി നേരിടാനുള്ള ഏക മാർഗം ഇറാന്റെ ‘എല്ലാ അവശ്യ മേഖലകളിലും, പ്രത്യേകിച്ചും പ്രതിരോധ മേഖലയിൽ’ ഇറാന്റെ ശക്തി വർധിപ്പിക്കുന്നതിനെ ആശ്രയിക്കുകയാണെന്ന് പ്രതിരോധ മന്ത്രി ജനറൽ അമീർ ഹതാമി പറഞ്ഞു. രാജ്യത്തിന്മേലുള്ള ഉപരോധം വിജയകരമായി മറികടക്കുന്നതിൽ ഇറാന്റെ പ്രതിരോധ മേഖലയ്ക്ക് പ്രധാന പങ്കുണ്ടെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ മേഖലയെ ലക്ഷ്യം വച്ചുള്ള ഉപരോധം സംബന്ധിച്ച പ്രത്യേക ഉച്ചകോടിയിലാണ് ഹതാമി ഇക്കാര്യം വ്യക്തമാക്കിയത്.

 

മേഖലയിലെ സ്വാധീനവും പ്രതിരോധവും മൂലം ഇറാൻ ഒരു പ്രാദേശിക ശക്തിയായി മാറിയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. നമ്മുടെ സ്വന്തം ആഭ്യന്തര ശക്തിയെ ആശ്രയിക്കുകയും പ്രതിരോധശേഷി വികസിപ്പിക്കുകയും ചെയ്യുകയല്ലാതെ മറ്റൊരു തരത്തിലും ഇത് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

English News: Iran producing laser air defense system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com