ADVERTISEMENT

ഇഷ്ടത്തിന് പറന്നു നടക്കുന്നത് സ്വപ്‌നം കാണാത്തവരുണ്ടാകില്ല. സ്വപ്‌നത്തില്‍ മാത്രമല്ല ജീവിതത്തിലും പറന്നു നടന്നാണ് റിച്ചാഡ് ബ്രൗണിങ് റോക്കറ്റ് മാന്‍ എന്ന പേര് സമ്പാദിച്ചത്. സ്വയം നിര്‍മിച്ചെടുത്ത ജെറ്റ് പാക്കിലാണ് ബ്രൗണിങ്ങിന്റെ പറക്കല്‍. ബ്രിട്ടന്റെ റോയല്‍ നേവി വിമാനവാഹിനികപ്പലായ എച്ച്എംഎസ് ക്യൂന്‍ എലിസബത്തില്‍ നിന്നായിരുന്നു റിച്ചാര്‍ഡ് ബ്രൗണിങ്ങിന്റെ പരീക്ഷണ പറക്കല്‍. 

പറക്കാനുപയോഗിക്കുന്ന ജെറ്റ് പാക്ക് റിച്ചാര്‍ഡ് ബ്രൗണിങ്ങിന്റെ തന്നെ കണ്ടുപിടുത്തമാണ്. യുദ്ധക്കപ്പലില്‍ നിന്നും പറന്നുയര്‍ന്ന ശേഷം അടുത്തൂടെ പോവുകയായിരുന്ന സ്വകാര്യ യാച്ചിനെ ചുറ്റി വരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമേരിക്കന്‍ സഖ്യസേനകള്‍ക്കൊപ്പം മേരിലാന്‍ഡ് തീരത്ത് മൂന്നുമാസം നീളുന്ന സംയുക്ത സൈനിക അഭ്യാസത്തിന്റെ ഭാഗമായിട്ടായിരുന്നു ബ്രൗണിങ്ങിന്റെ പറക്കല്‍. 

വിമാനവാഹിനിക്കപ്പലിനോട് ചേര്‍ന്ന് പ്രത്യേകമായി കടലില്‍ നിര്‍മിച്ച വിക്ഷേപണ തറയില്‍ നിന്നായിരുന്നു ബ്രൗണിങ് പറന്നുയര്‍ന്നത്. കപ്പലിനടുത്ത് കൂടി പോവുകയായിരുന്ന സ്വകാര്യ യാച്ചിനെ ചുറ്റി വീണ്ടും പറന്നുയര്‍ന്ന സ്ഥലത്തേക്ക് തന്നെ എത്തി. യാച്ചിലുള്ളവര്‍ അദ്ഭുതത്തോടെ ഈ റോക്കറ്റ് മനുഷ്യനെ നോക്കി നില്‍ക്കുന്നതും വിഡിയോയിലുണ്ട്.

 

എച്ച്എംഎസ് ക്വീന്‍ എലിസബത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ഈ പറക്കല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ബ്രിട്ടിഷ് നാവികസേനയുമായി സഹകരിക്കുന്ന വളണ്ടിയര്‍ കൂടിയായ ബ്രൗണിങ് അള്‍ട്രാ മാരത്തണ്‍ ഓട്ടക്കാരന്‍ കൂടിയാണ്. ബ്രിട്ടിഷ് റോയല്‍ നേവിയുമായി ചേര്‍ന്നാണ് അദ്ദേഹത്തിന്റെ കമ്പനിയായ ഗ്രാവിറ്റി ഇന്‍ഡസ്ട്രീസ് ജെറ്റ് പാക്കുകള്‍ വികസിപ്പിക്കുന്നത്.

 

സംയുക്ത സൈനികാഭ്യാസത്തിന്റെ ഭാഗമായി എച്ച്എംഎസ് ക്യൂന്‍ എലിസബത്തില്‍ അറ്റ്‌ലാന്റിക് ഫ്യൂച്ചര്‍ ഫോറം എന്ന പേരില്‍ ഒരു പ്രദര്‍ശനം നടക്കുന്നുണ്ട്. നിര്‍മിത ബുദ്ധി, സൈബര്‍ സാങ്കേതികവിദ്യ, റോബോട്ടിക്‌സ് തുടങ്ങിയ വിഷയങ്ങളിലാണ് പ്രദര്‍ശനം കേന്ദ്രീകരിച്ചിരിക്കുന്നത്.

 

അഞ്ച് ഗ്യാസ് ടര്‍ബൈനുകളാണ് ജെറ്റ് പാക്കിന്റെ ഭാഗമായുണ്ടാവുക. ഇവ ഉപയോഗിച്ചാണ് പറന്നുയരാനുള്ള ശേഷി ലഭിക്കുന്നത്. മണിക്കൂറില്‍ 89 കിലോമീറ്റര്‍ വരെ വേഗത്തില്‍ ജെറ്റ് പാക്ക് ഉപയോഗിച്ച് പറക്കാനാകും. തങ്ങളുടെ ഉത്പന്നത്തിന് ഗ്രാവിറ്റി ഇന്‍ഡസ്ട്രീസിന് പേറ്റന്റും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ ബ്രിട്ടനിലെ സോളന്റ് കടലിടുക്കിനു കുറുകേ പറന്നതാണ് ബ്രൗണിങ്ങിന്റെ ഏറ്റവും ദൂരത്തേക്കുള്ള റെക്കോർഡ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT