ADVERTISEMENT

2033 ലേക്കുള്ള സായുധ സേനയെ സജ്ജമാക്കുകയാണ് വ്ളാഡിമിർ പുടിന്റെ റഷ്യ. നിർമിത ബുദ്ധിയിലും പുതിയ ഭൗതിക തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ആയുധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് വ്‌ളാഡിമിർ പുടിൻ റഷ്യൻ സൈന്യത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ലോകത്തെ ഏതൊരു യുദ്ധത്തെയും നേരിടാനുള്ള പ്രതിരോധ ശേഷി നേടിയിട്ടുണ്ടെന്നും ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ ശാസ്ത്രീയ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുമെന്നുമാണ് റഷ്യൻ വക്താവ് പറഞ്ഞത്.

 

അടുത്ത കാലത്തായി അത്യാധുനിക ആയുധങ്ങൾ അവതരിപ്പിച്ചതോടെ ലോകത്തിലെ മറ്റ് സൈനിക ശക്തികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ചുവട് മുന്നോട്ട് കൊണ്ടുപോകാൻ റഷ്യക്ക് കഴിഞ്ഞുവെന്നും റഷ്യൻ സുരക്ഷാ സമിതി യോഗത്തിൽ പുടിൻ പറഞ്ഞു.

 

രാജ്യത്തെ സായുധ സേനയുടെയും നാവികസേനയുടെയും കൈവശമുള്ള ഏറ്റവും പുതിയ ആയുധങ്ങളുടെയും ഹാർഡ്‌വെയറിന്റെയും എണ്ണം നിലവിൽ 68 ശതമാനത്തിലധികമാണെന്നും അദ്ദേഹം പറഞ്ഞു. അവ കുറഞ്ഞത് 70 ശതമാനമായി ഉയർത്തുകയും ആ നിലയിൽ നിലനിർത്തുകയും വേണം. 2033 ലേക്കുള്ള റഷ്യൻ സൈനിക-വ്യാവസായിക സമുച്ചയത്തിന്റെ വികസനത്തിനുള്ള പദ്ധതിക്ക് ഉടൻ അനുമതി നൽകും.

 

പദ്ധതിയിൽ ഊന്നൽ നൽകേണ്ടത് വിപുലമായ ഉയർന്ന കൃത്യതയുള്ള ആയുധങ്ങൾക്കും എയ്‌റോസ്‌പേസ് പ്രതിരോധ മാർഗങ്ങൾക്കുമാണ്. സൈനിക ഹാർഡ്‌വെയർ നിർമാണത്തിൽ നിർമിതബുദ്ധിയുടെ സജീവ ഉപയോഗം വേണ്ടതുണ്ടെന്നും റഷ്യൻ മേധാവി പറഞ്ഞു.

 

ആളില്ലാ രഹസ്യാന്വേഷണ, ആക്രമണ വിമാനങ്ങൾ, ലേസർ, ഹൈപ്പർസോണിക് സംവിധാനങ്ങൾ, പുതിയ ഭൗതിക തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ആയുധങ്ങൾ, യുദ്ധഭൂമിയിൽ വൈവിധ്യമാർന്ന ജോലികൾ ചെയ്യാൻ കഴിവുള്ള റോബോട്ടിക് സംവിധാനങ്ങൾ എന്നിവ വിപുലീകരിക്കണം.

 

റഷ്യയ്ക്ക് ഭാവി ആയുധങ്ങൾ ആവശ്യമുണ്ട്. കാരണം ലോകം ഗുരുതരമായ വെല്ലുവിളികളെയും ഭീഷണികളെയും അഭിമുഖീകരിക്കുന്നുണ്ട്. സൈനിക സാങ്കേതികവിദ്യകൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. ഇത് പ്രദേശത്ത് കടുത്ത മത്സരത്തിന് അവസരമൊരുക്കുന്നുണ്ടെന്നും പുടിൻ വിശദീകരിച്ചു.

 

റഷ്യൻ അതിർത്തിക്കടുത്തെ നാറ്റോ സേനകളുടെ വെല്ലുവിളികളും ബഹിരാകാശത്തെ സൈനികവൽക്കരിക്കാനുള്ള ശ്രമങ്ങളും കാര്യമായ ആശങ്കകൾക്ക് കാരണമാകുമെന്ന് രാഷ്ട്രത്തലവൻ പറഞ്ഞു. സിലോ അധിഷ്ഠിത ഐസിബിഎമ്മുകൾ അവതരിപ്പിച്ച റഷ്യ ഇതിനകം തന്നെ അവാൻഗാർഡ് ഹൈപ്പർസോണിക് ഗ്ലൈഡർ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഈ സാങ്കേതികവിദ്യ വർഷാവസാനത്തോടെ സൈനയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്. 

 

വിമാനത്തിൽ നിന്ന് വിക്ഷേപിക്കാവുന്ന കിൻസാൽ ഹൈപ്പർസോണിക് മിസൈലുകളും പൊതുജനങ്ങൾക്ക് കാണിച്ചുകൊടുത്തു. ശബ്‌ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ നിലവിലുള്ള ആയുധങ്ങളെ മറികടക്കാൻ ഈ ആയുധങ്ങൾക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്. കപ്പൽ അധിഷ്ഠിത സിർക്കോൺ ഹൈപ്പർസോണിക് സിസ്റ്റത്തിന്റെ ജോലികളും നടക്കുന്നുണ്ട്.

 

പുതിയ ഭൗതിക തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ആയുധങ്ങളിലൊന്നാണ് പെരെസ്വെറ്റ് ലേസർ സിസ്റ്റം. കഴിഞ്ഞ വർഷമണ് ഇതിന്റെ പരീക്ഷണങ്ങൾ ആരംഭിച്ചത്. ഇതൊരു ജാമിങ് ഉപകരണമായി ഉപയോഗിക്കാമെന്നും അല്ലെങ്കിൽ ക്രൂസ് മിസൈലുകളും ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളും ഉൾപ്പെടെയുള്ള ശത്രു ലക്ഷ്യങ്ങളെ നിർവീര്യമാക്കാമെന്നും വിദഗ്ധർ കരുതുന്നു.

 

സുഖോയ് 57 അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ അസംബ്ലിങ് ഈ വർഷം ആദ്യം ആരംഭിച്ചു. കട്ടിങ് എഡ്ജ് വിമാനം സജീവമായി എഐയെ ഉപയോഗിക്കുന്നുണ്ട്. ഇതിനെ ഒരു ഫ്ലൈയിങ് റോബോട്ട് എന്നും വിശേഷിപ്പിക്കാം. ഏതാനും മാസങ്ങൾക്ക് മുൻപ് സു -57 ന്റെ ഒരു ട്രയൽ പതിപ്പ് റഷ്യയുടെ പുതിയ ഓഖോത്നിക് ഹെവി ഡ്രോണിനൊപ്പം അവതരിപ്പിച്ചിരുന്നു. ഇത് രണ്ടും നിരീക്ഷണത്തിനും ആക്രമണ ദൗത്യങ്ങൾക്കും ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT