ADVERTISEMENT

അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായതും ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ അമേരിക്ക ഇറാഖിൽ ആക്രമണം നടത്തിയതും രാജ്യാന്തര തലത്തില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കമാണോ ഇതെന്നാണ് മിക്കവരും ആശങ്കപ്പെടുന്നത്. ഈ ആശങ്ക ഇന്റര്‍നെറ്റിലും പ്രതിഫലിക്കുന്നുണ്ട്. മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചാണ് കുറച്ച് ദിവസങ്ങളായി ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരയുന്നത് എന്നത് ഈ ആശങ്കയ്ക്ക് അടിവരയിടുന്നു. 

 

ജനുവരി മൂന്നിന് ആരംഭിച്ചതോടെയാണ് മൂന്നാം ലോകമഹായുദ്ധം എന്ന വാചകം സെര്‍ച്ച് എൻജിനുകളില്‍ കുത്തനെ ഉയര്‍ന്നത്. 2004 മുതല്‍ ഗൂഗിള്‍ പുറത്തുവിടുന്ന ട്രന്‍ഡിംഗ് റെക്കോഡുകളില്‍ ഏറ്റവും മുൻപിലേക്കുള്ള കുതിപ്പിലാണ് 'മൂന്നാം ലോകമഹായുദ്ധം'. ട്രംപിന്റെ പുതിയ നീക്കങ്ങളും ഇറാന്റെ പ്രഖ്യാപനങ്ങളും ആശങ്ക മറ്റൊരുവിധത്തില്‍ പ്രകടമാകുന്നതാണ് ഇതെന്ന് കരുതുന്നവരും കുറവല്ല. 

 

അമേരിക്ക ഇറാഖിൽ വ്യോമാക്രമണം നടത്തിയതോടെയാണ് മൂന്നാം ലോകമഹായുദ്ധം ഗൂഗിളില്‍ പ്രധാന ട്രൻഡിങ് വാക്കായി മാറിയത്. കഴിഞ്ഞ നാലു ദിവസത്തെ ഗൂഗിള്‍ ട്രന്‍ഡില്‍ ബ്രസീലിലേയും മെക്സിക്കോയിലേയും ആളുകളാണ് മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് തിരഞ്ഞത്. മൂന്നാം ലോകമഹായുദ്ധത്തിന് സാധ്യതയുണ്ടോ? മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചോ? എന്നീ ചോദ്യങ്ങളാണ് പ്രധാനമായും ഗൂഗിളില്‍ ഉയര്‍ന്നുവന്നത്.

 

നേരത്തെ 2015 നവംബറിലും സമാനമായരീതിയില്‍ ഗൂഗിളില്‍ മൂന്നാം ലോകമഹായുദ്ധം ട്രന്‍ഡിംഗായിരുന്നു. അന്ന് റഷ്യന്‍ പോര്‍വിമാനം തുര്‍ക്കി വെടിവെച്ചിട്ടതിനെ തുടര്‍ന്നാണ് ആശങ്കകള്‍ വര്‍ധിച്ചത്. തുര്‍ക്കി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ലോകമഹായുദ്ധ ആശങ്കകള്‍ അന്ന് ഉയര്‍ന്നുവന്നത്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം വിഷയങ്ങള്‍ അതിവേഗത്തിലാണ് പ്രചരിക്കുന്നതും. അമേരിക്ക–കൊറിയ തർക്കങ്ങളും ഇതിനു കാരണമാകാറുണ്ട്.

 

അമേരിക്കയും ഇറാനും ഒരു യുദ്ധത്തെ നേരിടാൻ സജ്ജമായിരിക്കുകയാണ്. യുദ്ധകപ്പലുകളും പോർവിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് മറ്റു ജിസിസി രാജ്യങ്ങളും പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇറാനെതിരെ ആക്രമണം നടത്താനും മടിക്കില്ലെന്ന് അമേരിക്കയും തിരിച്ചടിക്കുമെന്ന് ഇറാനും ആവര്‍ത്തിക്കുന്നതുണ്ട്. മൂന്നാം ലോകമഹായുദ്ധമെന്ന ആശങ്കയെ വര്‍ധിപ്പിക്കുന്നതാണ് നിലവിലെ ഈ സാഹചര്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com