ADVERTISEMENT

ചൈനീസ് നിർമിത പാക്ക് യുദ്ധവിമാനങ്ങൾ തകർന്നു വീഴുന്നത് തുടരുന്നു. പാക്കിസ്ഥാൻ വ്യോമസേനയുടെ (പി‌എ‌എഫ്) വിമാനം പഞ്ചാബ് പ്രവിശ്യയിൽ തകർന്ന് രണ്ട് പൈലറ്റുമാരാണ് മരിച്ചത്. ലാഹോറിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മിയാൻവാലിക്ക് സമീപം പതിവ് പരിശീലന ദൗത്യത്തിനിടെയാണ് എഫ്‌ടി -7 വിമാനം തകർന്നുവീണത്.

 

രണ്ട് പൈലറ്റുമാരായ സ്ക്വാഡ്രൺ ലീഡർ ഹാരിസ് ബിൻ ഖാലിദ്, ഫ്ലൈയിംഗ് ഓഫീസർ ഇബാദ് ഉർ റഹ്മാൻ എന്നിവർക്ക് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു. അപകടകാരണം നിർണ്ണയിക്കാൻ എയർ ഹെഡ്ക്വാർട്ടേഴ്സ് അന്വേഷണ ബോർഡിന് നിർദേശം നൽകി.

 

പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജന്മനഗരമായ മിയാൻവാലിയിലെ തുറന്ന സ്ഥലത്താണ് വിമാനം വീണത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി മൃതദേഹങ്ങൾ സംയുക്ത സൈനിക ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് മുൻപ് പൈലറ്റുമാർക്ക് രക്ഷപ്പെടാനുള്ള അവസരം ലഭിച്ചതായി തോന്നുന്നില്ലെന്ന് പാക്ക് ഉദ്യോഗസ്ഥൻ പറഞ്ഞു.

 

കഴിഞ്ഞ 18 വർഷത്തിനിടെ ചൈനയിൽ നിന്നു വാങ്ങിയ നിരവധി പോർവിമാനങ്ങളാണ് തകർന്നു വീണത്. കേവലം പരിശീലന പറക്കലിനിടെയാണ് ഈ ദുരന്തമെല്ലാം സംഭവിച്ചിരിക്കുന്നത്. തുടർച്ചയായ ദുരന്തങ്ങൾ അന്വേഷിച്ചു റിപ്പോർട്ടു നൽകുന്നുണ്ട്. എന്നാൽ, സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് പോർവിമാനങ്ങൾ തകരുന്നതെന്ന് കണ്ടെത്തിയെങ്കിലും പരിഹരിച്ചു നൽക്കാൻ ചൈനയും തയാറാകുന്നില്ല.

 

ചൈനയിലെ ചെങ്ഡു എയർക്രാഫ്റ്റ് ഇൻഡസ്ട്രി കോർപ് ആണ് പാക്കിസ്ഥാനു വേണ്ട പോർവിമാനങ്ങൾ നിർമിക്കുന്നത്. ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതാണ് ഈ കമ്പനി. ജെ–7 പോർവിമാനങ്ങൾ നിർമിക്കുന്നതും ഇതേ കമ്പനിയാണ്. എന്നാൽ നൽകുന്ന പോർവിമാനങ്ങൾ വേണ്ട സമയത്ത് പരിഷ്കരിച്ച് പുറത്തിറക്കാൻ പാക്കിസ്ഥാനിൽ സംവിധാനമില്ല.

 

ഭീകരവാദത്തിന്റെ പേരിൽ അമേരിക്ക സഹായം നിർത്തിയതോടെ പാക്കിസ്ഥാന്റെ പ്രധാന ആയുധ ഇറക്കുമതി ചൈനയിൽ നിന്നാണ്. 2010 ൽ 100 കോടി ഡോളറിന്റെ ആയുധമാണ് പാക്കിസ്ഥാൻ അമേരിക്കയിൽ നിന്നു വാങ്ങിയിരുന്നത്. എന്നാൽ 2017 ൽ ഇത് 2.1 കോടി ഡോളറായി കുറഞ്ഞു.  

 

പാക്കിസ്ഥാൻ വ്യോമസേനയുടെ എഫ്–7 യുദ്ധവിമാനങ്ങൾ തകർന്നു വീഴുന്നതും പതിവ് വാർത്തയാണ്. കാലപ്പഴക്കം ചെന്ന വിമാനങ്ങൾ സാങ്കേതിക തകരാറിനെ തുടർന്നാണ് തകർന്നുവീഴുന്നത്. സാമ്പത്തികപരമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളാണ് ചൈനയിൽ നിന്ന് യുദ്ധ വിമാനങ്ങൾ വാങ്ങിയിരിക്കുന്നത്. നമീബിയ. നൈജീരിയ, സുഡാൻ, താൻസാനിയ, സിംബാബ്‌വെ, അൽബേനിയ, ബെംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ചൈനീസ് യുദ്ധവിമാനങ്ങൾ വാങ്ങിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT