ADVERTISEMENT

അറബ് വസന്തം

2010 ഡിസംബറില്‍ തെരുവിലെ ഫ്രൂട്‌സ് വില്‍പനക്കാരനായ ടുണീഷ്യന്‍ യുവാവ് സ്വയം തീകൊളുത്തി. തന്നെയും മറ്റുള്ളവരേയും ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നത് നിലവിലെ വ്യവസ്ഥിതിയാണെന്ന് പ്രഖ്യാപിച്ചായിരുന്നു ആ യുവാവ് ആത്മഹത്യ ചെയ്തത്. ടുണീഷ്യന്‍ യുവാവ് ജീവന്‍ നല്‍കി ആളിക്കത്തിച്ച നിലവിലെ വ്യവസ്ഥിതിക്കെതിരായ പോരാട്ടം അറബ് രാജ്യങ്ങളിലേക്ക് കാട്ടുതീ പോലെ പടര്‍ന്നു.

Manama

സോഷ്യല്‍മീഡിയകളും സാറ്റലൈറ്റ് ടിവികളും സമരങ്ങള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനുമുള്ള മാധ്യമങ്ങളായി. തെരുവുകള്‍ തോറും ആളിപ്പടര്‍ന്ന ആ സമര ജ്വാല തുടര്‍ന്നുള്ള മാസങ്ങളില്‍ അറബ് വസന്തം എന്ന പേരില്‍ അറിയപ്പെട്ടു. ലിബിയ, ഈജിപ്ത്, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് അറബ് വസന്തം പടര്‍ന്നുപിടിച്ചു.

അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ക്കും ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കുമെതിരെ അറബ് യുവത്വം പ്രതികരിച്ചപ്പോള്‍ സര്‍ക്കാരുകള്‍ വിറച്ചു. കൃത്യമായ നേതൃത്വമില്ലെന്നത് പലപ്പോഴും തിരിച്ചടിയായി. എങ്കിലും അറബ് വസന്തത്തെ തുടര്‍ന്ന് ഈജിപ്തില്‍ ഹോസ്‌നി മുബാറക്കിനും ടുണീഷ്യയില്‍ സൈന്‍ എല്‍ അബിഡെയ്ന്‍ ബെന്‍ അലിക്കും അധികാരം നഷ്ടമായി.

egypth

ലിബിയയിലും സുഡാനിലും യെമനിലും ആഭ്യന്തര യുദ്ധങ്ങള്‍ക്ക് അറബ് വസന്തം കാരണമായി. ഇന്നും അത് തീര്‍ന്നിട്ടില്ല. ഈജിപ്തില്‍ ജനാധിപത്യവിശ്വാസികള്‍ക്ക് തിരിച്ചടിയായി സൈന്യത്തിന്റെ പിന്തുണയുള്ള ഭരണകൂടം അധികാരത്തിലെത്തി. എതിര്‍ത്തവരെ അടിച്ചമര്‍ത്തി. സിറിയയില്‍ ആഭ്യന്തര യുദ്ധം അടിച്ചമര്‍ത്താന്‍ നടത്തിയ ഭരണകൂടത്തിന്റെ ശ്രമം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ആയിരങ്ങള്‍ കൊല്ലപ്പെട്ടു ദശലക്ഷക്കണക്കിന് സിറിയക്കാര്‍ക്ക് അഭയം തേടി മറ്റു രാജ്യങ്ങളിലേക്ക് പോകേണ്ടി വന്നു. അറബ് വസന്തത്തെ തുടര്‍ന്ന് ഏറ്റവും മികച്ച ഫലമുണ്ടായ രാജ്യം ടുണീഷ്യയാണ്. താരതമ്യേന സമാധാനപരമായ പ്രക്ഷോഭത്തിനൊടുവില്‍ ടുണീഷ്യയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടന്നു.

ജപ്പാന്‍ ഭൂകമ്പവും ഫുക്കുഷിമ ദുരന്തവും

2011 മാര്‍ച്ച് 11ന് റിച്ചര്‍സ്‌കെയിലില്‍ 9 രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പം ജപ്പാനെ വിറപ്പിച്ചു. ഭൂകമ്പങ്ങളോട് ഏറ്റവും കരുതലോടെ പെരുമാറാന്‍ ശേഷിയുള്ള ജാപ്പനീസ് ജനതക്കുപോലും ഇക്കുറി അടിതെറ്റി. ഫുക്കുഷിമയിലെ ആണവ പ്ലാന്റിലുണ്ടായ പൊട്ടിത്തെറി കാര്യങ്ങളെ കൂടുതല്‍ വഷളാക്കി. മൂന്ന് റിയാക്ടറുകളില്‍ ആണവചോര്‍ച്ചയുണ്ടായി. ഇത് പ്രദേശത്തേക്ക് വ്യാപിച്ചതോടെ 1.60 ലക്ഷം പേരെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നു. ഇപ്പോഴും 40000ത്തോളം പേര്‍ക്ക് തങ്ങളുടെ വീടുകളിലേക്ക് തിരിച്ചുപോകാന്‍ സാധിച്ചിട്ടില്ല.

japan-nuclear-plant

ഭൂകമ്പവും പൊട്ടിത്തെറിയും ഫുക്കുഷിമയില്‍ 800 ടണ്ണോളം ആണവ മാലിന്യങ്ങള്‍ക്കാണ് കാരണമായത്. ഇത് പൂര്‍ണ്ണമായും മാറ്റാന്‍ ദശാബ്ദങ്ങള്‍ ഇനിയും എടുക്കമെന്നാണ് കരുതപ്പെടുന്നത്. ആണവറിയാക്ടറുകള്‍ക്കെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നതോടെ ജപ്പാന്‍ രാജ്യത്തെ എല്ലാ ആണവ റിയാക്ടറുകളും താല്‍ക്കാലികമായി അടച്ച് സുരക്ഷാ പരിശോധന നടത്തി.

fukushima

ഇപ്പോഴും രാജ്യത്തിന്റെ ഊര്‍ജ്ജാവശ്യത്തിന് ആശ്രയിക്കാവുന്ന പ്രധാന ഇന്ധനമാര്‍ഗമായി ആണവോര്‍ജ്ജത്തേയാണ് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ കരുതുന്നത്. എങ്കിലും ഫുക്കുഷിമ ദുരന്തത്തിന് ശേഷം ജപ്പാന്റെ ആണവ സാങ്കേതിക വിദ്യയുടെയും റിയാക്ടറുകളുടേയും കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായി.

ദക്ഷിണ ചൈനാ കടലിലെ ചൈനീസ് അധിനിവേശം

ദക്ഷിണ ചൈനാ കടലിന്റെ തന്ത്രപ്രധാനമായ സ്ഥാനമാണ് മേഖലയിലെ എഴുപതോളം ദ്വീപുകളുടെ ഉടമസ്ഥാവകാശത്തിന്റെ പേരില്‍ വിവിധ രാജ്യങ്ങളെ തര്‍ക്കിക്കാന്‍ പ്രേരിപ്പിക്കുന്നത്. ചൈന, തായ്‌വാന്‍, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ തുടങ്ങി അഞ്ച് രാജ്യങ്ങള്‍ മേഖലയില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു. വ്യോമതാവളങ്ങളും തുറമുഖങ്ങളും സൈനിക താവളങ്ങളുമെല്ലാം ഇവര്‍ ദ്വീപുകളില്‍ നിര്‍മിക്കുന്നു. എന്നാല്‍, വേറെ ലെവലായ ചൈന പുതിയ ദ്വീപുകള്‍ തന്നെ സൃഷ്ടിച്ചാണ് തങ്ങളുടെ മേഖലയിലെ സൈനിക സാന്നിധ്യം ഉറപ്പിക്കുന്നത്.

പവിഴപ്പുറ്റുകള്‍ക്ക് മുകളില്‍ കോണ്‍ക്രീറ്റും മണലും ഇട്ട് നിറച്ച ചൈനീസ് ദ്വീപുകള്‍ ലക്ഷണമൊത്ത സൈനിക താവളങ്ങളായി മാറുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ നമുക്ക് കാണിച്ച് തന്നത് ഉപഗ്രഹ ചിത്രങ്ങളാണ്. 2013ല്‍ വലിയ തോതില്‍ മണല്‍ ഖനനം ചെയ്ത് ഏഴ് ദ്വീപുകളാണ് ദക്ഷിണ ചൈന കടലില്‍ നിര്‍മിച്ചത്. 3200 ഏക്കര്‍ കരയാണ് ഇങ്ങനെ കടലില്‍ നിന്നും ചൈന പൊക്കിയെടുത്തത്.

china-ship
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com